
നാളെ തുര്‍ക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കടക്കുമ്പോള്‍ എന്താണ് ജനമനസ്സ് കാത്തുവെച്ചിരിക്കുന്നത്. സമഗ്ര അധികാര രൂപങ്ങളും തീവ്രവലതുപക്ഷ ഭരണകൂടങ്ങളും അതിവേഗം ലോകത്തെ വരുതിയിലാക്കുന്ന കാലത്ത്, സ്വേച്ഛാധിപതി എന്ന വിമര്‍ശനം നേരിടുന്ന എര്‍ദോഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ? അങ്ങനെ വന്നാല്‍, തുര്‍ക്കിയില്‍ എന്താവും സംഭവിക്കുക? ഇന്ത്യയിലേതിന് സമാനമായി, പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം അധികാരത്തില്‍ എത്തുമോ? എന്തായിരിക്കും അങ്ങനെയെങ്കില്‍ തുര്‍ക്കിയില്‍ സംഭവിക്കുക. ഈയടുത്ത് തുര്‍ക്കി സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.ടി നൗഷാദ് അക്കാര്യമാണ് അന്വേഷിക്കുന്നത്. തുര്‍ക്കിയില്‍ കണ്ടു മുട്ടിയ മനുഷ്യരുമായി സംസാരിച്ചും വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചും ജനമനസ്സ് അറിയാന്‍ ശ്രമിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അവലോകനം. ചിത്രങ്ങള്‍: കെ.ടി നൗഷാദ്
കഴിഞ്ഞ വര്‍ഷം ജനഹിത പരിശോധന നടക്കുന്നതിന് മുമ്പ് തുര്‍ക്കിയിലെത്തിയപ്പോള്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ തെരഞ്ഞടുപ്പ് പ്രചാരണ രംഗം. പ്രധാന കവലകളിലും വഴിയോരങ്ങളിലുമെല്ലാം എര്‍ദുഗാന്റെ ചിത്രമുളള ബാനറുകളും തോരണുകളും നിറഞ്ഞിരിക്കുന്നു. സര്‍ക്കാരിന് കീഴിലുളള ടി.ആര്‍.ടി. ചാനല്‍ മാത്രമല്ല സ്വകാര്യ ചാനലുകളും എര്‍ദുഗാന്റെ പ്രചാരണ പരിപാടികള്‍ നിരന്തരം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നു. പ്രസിഡന്റില്‍ അധികാരം കേന്ദ്രീകരിക്കുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ നടന്ന ജനഹിത പരിശോധന കഴിഞ്ഞ് ഒരു വര്‍ഷമായിട്ടേയുളളൂ. അന്ന് പ്രചാരണ രംഗത്ത് പ്രതിപക്ഷ കക്ഷികള്‍ക്കുണ്ടായിരുന്ന ദൃശ്യതയെ മറക്കുന്ന വിധമാണ് ഇപ്പോഴത്തെ എര്‍ദുഗാന്റെ പ്രചാരണം. ഏകാധിപത്യ രീതിയിലൂടെയാണ് പ്രചാരണ രംഗത്ത് ഈ ആധിപത്യം നേടിയതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. വിമര്‍ശകരെ ജയിലിലടച്ചും മാധ്യമങ്ങള്‍ക്ക് മൂക്കുകയറിട്ടും തനിക്കനുകൂലമായ ശബ്ദങ്ങളെ മാത്രം നിലനിര്‍ത്താനാണ് എര്‍ദുഗാന്റെ ശ്രമമെന്നാണ് വിമര്‍ശനം.
ആദ്യമായി 2003 ലും പീന്നീട് രണ്ട്് തവണയും പ്രധാനമന്ത്രിയായി തെരഞ്ഞടുക്കപ്പെട്ട എര്‍ദുഗാന്‍ 2014-ല്‍ പ്രസിഡന്റായതോടു കൂടിയാണ് ഏകാധിപത്യ പ്രവണത കൂടുതല്‍ കാണിച്ച് തുടങ്ങിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എപ്പോഴും എതിര്‍ത്തു പോന്നിരുന്ന എര്‍ദുഗാന്‍ അടുത്ത വര്‍ഷം നവംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് മുന്നോട്ടാക്കിയത് പ്രചാരണവും തെരഞ്ഞെടുപ്പു നടപടികളും പൂര്‍ണമായും കൈയിലൊതുക്കാനാണെന്നാണ് ആക്ഷേപം. 2016-ലെ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ഏഴാം തവണയും നീട്ടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുളളത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അടിയന്തിരാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പ്രതിപക്ഷ കക്ഷികളൊക്കെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. തന്റെ പൂര്‍ണാധിപത്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനായാല്‍ ഭരണം പൂര്‍ണമായും കൈയിലൊതുക്കാന്‍ സാഹര്യമൊരുക്കുന്നതാണ് കഴിഞ്ഞ ജനഹിത പരിശോധനയില്‍ എര്‍ദുഗാന്‍ നേടിയ രണ്ട് ശതമാനം വോട്ടിന്റെ നേരിയ വിജയം.
പ്രധാനമന്ത്രി പദം ഇല്ലാതാക്കി പ്രസിഡന്റില്‍ അധികാരം കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിനാണ് ജനഹിത പരിശോധന വഴി അംഗീകാരം നേടിയെടുത്തത്. കണക്കുകൂട്ടല്‍ അനുസരിച്ച് മുന്നോട്ട് പോകാന്‍ എര്‍ദുഗാന് ഈ തെരഞ്ഞടുപ്പില്‍ വിജയിച്ചേ തീരൂ. കൂടുതല്‍ അധികാരങ്ങളോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന എര്‍ദുഗാന്‍ കൂടുതല്‍ ജനാധിപത്യവിരുദ്ധനാകുമെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ഭയക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ പരാജയത്തില്‍ കുറഞ്ഞതൊന്നും അവരെയും തൃപതിപ്പെടുത്തില്ല. അതു കൊണ്ട് തന്നെ ഇരു വിഭാഗങ്ങള്‍ക്കും ജീവന്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.
ഇരു വിഭാഗങ്ങള്‍ക്കും ജീവന്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.
നേര്‍ വിഭജിക്കപ്പെട്ട പ്രതികരണങ്ങള്‍
എര്‍ദുഗാനെ അനുകൂലിക്കുന്നവരും അല്ലാത്തവരും എണ്ണത്തില്‍ ഒപ്പത്തിനൊപ്പമാണെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെടും. എര്‍ദുഗാനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ ശക്തനായ ഭരണാധികാരിയും വികസനനായകനായും കാണുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണകാലത്ത് തുര്‍ക്കിക്കുണ്ടായിരുന്ന പ്രതാപവും ശക്തിയും എര്‍ദുഗാന്‍ തിരിച്ചു കൊണ്ടു വരുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികളില്‍ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. മത വിശ്വാസികള്‍ക്ക് തലയുയര്‍ത്തി ജീവിക്കാനുളള അവകാശം പുന: സ്ഥാപിച്ചത് എര്‍ദുഗാനാണെന്ന കാര്യം അവര്‍ പ്രത്യേക എടുത്തു പറയുന്നു.
അതേ സമയം ഏകാധിപതിയായി മാറിക്കഴിഞ്ഞ എര്‍ദുഗാന്‍ വീണ്ടും വിജയിച്ചാല്‍ അത് തുര്‍ക്കിയുടെ സാംസ്‌കാരിക-ജനാധിപത്യ പുരോഗതിയെ തന്നെ അട്ടിമറിക്കുമെന്നാണ് എതിരാളികളുടെ ആശങ്ക. എതിരഭിപ്രായങ്ങളും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും ഇപ്പോള്‍ തന്നെ നിഷേധിക്കുന്ന എര്‍ദുഗാന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ തുര്‍ക്കിയില്‍ ജീവിതം ദുസ്സഹമാകുമെന്നാണ് ഇസ്താംബുളിലെ കോളെജില്‍ ഭൗതിക ശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്ന എറം ബിര്‍സി ആശങ്കപ്പെടുന്നത്. റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതാണ് വികസനമെന്ന് കരുതുന്നവരാണ് എര്‍ദുഗാനെ അനുകൂലിക്കുന്നതെന്നും രാജ്യത്തെ സര്‍വ്വോന്മുഖമായ വികസനത്തിലേക്ക് നയിക്കാന്‍ എര്‍ദുഗാന് കഴിയില്ലെന്നും എറം പറയുന്നു.
അതേ സമയം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബോസ്നിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് കുടിയേറിയ കുടുംബത്തില്‍ പിറന്ന ഇര്‍ദല്‍ ഡെനിസ് എന്ന വ്യവസായി എര്‍ദുഗാനെ തുര്‍ക്കിയുടെ രക്ഷകനായിട്ടാണ് കാണുന്നത്. ഇസ്തംബുളിലും ചൈനയിലും ഫാക്ടറി നടത്തുന്ന അദ്ദേഹം എര്‍ദുഗാന്‍ ഏകാധിപതിയാണെന്ന വാദത്തെ ഇങ്ങനെ ഖണ്ഡിക്കുന്നു: 'ഏകാധിപത്യ ഭരണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ടി.വി.യില്‍ പ്രത്യക്ഷപ്പെട്ട് എര്‍ദുഗാനെ സ്വേച്ഛാധിപതിയെന്ന് ഇങ്ങനെ അധിക്ഷേപിക്കാന്‍ പറ്റുമൊ?' മദ്യത്തിന്റെ പരസ്യം നിരോധിച്ചു എന്നതാണോ അദ്ദേഹത്തിന്റെ അയോഗ്യത? വന്‍ പദ്ധതികളിലൂടെ ഇസ്തംബുളിനും തുര്‍ക്കിക്കും പുതിയ മുഖം നല്‍കിയ എര്‍ദുഗാനല്ലാതെ മറ്റേത് ശക്തനായ നേതാവാണ് തുര്‍ക്കിയില്‍ ഇപ്പോഴുളളത്? തുടര്‍ ചോദ്യങ്ങളിലൂടെ അദ്ദേഹം എര്‍ദുഗാനുളള പിന്തുണ വ്യക്തമാക്കുന്നു.
പ്രസിഡന്റിനെ നിശ്ചയിക്കാനുളള ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകില്ലെന്നും അതിനാല്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രം മത്സരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഉറപ്പാണെന്നുമാണ് ഇസ്മീറില്‍ വ്യവസായ കണ്‍സട്ടന്‍സി സ്ഥാപനം നടത്തുന്ന ഒകാന്‍ ഉമര്‍ ്പ്രവചിക്കുന്നത്. ഇത്തവണ പാര്‍ലമെന്റ് എല്ലാ കക്ഷികളുടെയും പ്രതിനിധികളെ കൊണ്ട് ബഹുവര്‍ണമായിത്തീരുമെന്നും ഒകാന്‍ അഭിപ്രായപ്പെടുന്നു.
എര്‍ദുഗാനെ അനുകൂലിക്കുന്നവരും അല്ലാത്തവരും ഒപ്പത്തിനൊപ്പമാണെന്ന് പ്രതികരണങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെടും.
കെട്ടിപ്പൊക്കിയതൊക്കെ വോട്ടായെങ്കില്‍
ഇസ്താംബുളിലെ ഏഷ്യന്‍ ഭാഗത്ത് നിന്നും യൂറോപ്യന്‍ ഭാഗത്തേക്ക് കാറില്‍ പോകവെ ബോസ്ഫറസ് കടലിടുക്കിന് കുറുകെ പണിത പുതിയ പാലവും ഉയരത്തില്‍ കാണുന്ന കാമ്ലിക്ക പളളിയും ചൂണ്ടിക്കാണിച്ച് ഡ്രൈവര്‍ പറഞ്ഞു, ഇതെല്ലാം എര്‍ദുഗാന്‍ നിര്‍മ്മിച്ചതാണ്.
സാധാരണക്കാരുടെ മനസ്സില്‍ വരെ പതിഞ്ഞ് കിടക്കുന്ന ഇത്തരം നിര്‍മ്മാണ പദ്ധതികളാണ് എര്‍ദുഗാന്‍ പ്രധാന ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്. ഒന്നര പതിറ്റാണ്ടോളം നീണ്ട ഭരണത്തിലൂടെ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കു പുറമെ പ്രഖ്യാപനം മാത്രം നടന്ന പദ്ധതികള്‍ പോലും തുര്‍ക്കിയിലെ ഓരോ പൗരന് അറിയും. പ്രഖ്യാപിക്കപ്പെട്ട നിര്‍മ്മാണ പദ്ധതികള്‍ ഉടന്‍ ആരംഭിക്കാനും തുര്‍ക്കിയുടെ വികസനം തുടരാനും വിജയം അനിവാര്യമാണെന്ന എര്‍ദുഗാന്റെ ആവര്‍ത്തിച്ചുളള പ്രസംഗങ്ങളാണ് അതിന് കാരണം. ഇസ്തംബുളില്‍ ഒക്‌ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഈ പദ്ധതികളില്‍ ഏറ്റവും വലുത്. 76.5 ച.കി.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന് വര്‍ഷന്തോറും ഒമ്പത് കോടി യാത്രക്കാരെ ഉള്‍ക്കൊളളാനാകും. അഞ്ച് കൊല്ലം കൊണ്ട് 15 കോടി യാത്രക്കാരെ ഉള്‍ക്കൊളളുന്ന തരത്തിലേക്ക് വിമാനത്താവളം വികസിക്കുന്നതോടെ എല്ലാ ഭൂഖണ്ഡങ്ങളെയും ബന്ധിക്കുന്ന പ്രധാന യാത്രാത്താവളമായി ഇസ്താംബുള്‍ മാറുമെന്നാണ് എര്‍ദുഗാന്‍ അവകാശപ്പെടുന്നത്.
യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന ബോസ്ഫറസ് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ച മൂന്നാമത്തെ പാലം, ഇതേ കടലിന് താഴെ നിര്‍മ്മിച്ച ഭൂഗര്‍ഭ പാത, ഇസ്മിറിനെയും ഇസ്താംബുളിനെയും ബന്ധിപ്പിക്കുന്ന പാലം, ഭുഗര്‍ഭ ട്രെയിന്‍ പാത...ഈ പൂര്‍ത്തിയാക്കിയ പദ്ധതികളൊക്കെ ജനങ്ങളുടെ വോട്ടായി മാറുമെന്നാണ് എര്‍ദുഗാന്റെ പ്രതീക്ഷ. ബോസ്ഫറസിന് സമാന്തരമായി കനാല്‍ നിര്‍മ്മിച്ച് കപ്പലുകളില്‍ നിന്ന് ചുങ്കം പിരിച്ച് വരുമാനം നേടുന്നതിനുളള പദ്ധതിയും എര്‍ദുഗാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പാനമക്ക് പാനമ കനാലും, ഈജിപ്തിന് സൂയസ് കനാലും എങ്ങനെയാണോ വരുമാനം ഉണ്ടാക്കുന്നത് അതു പോലെ തുര്‍ക്കിക്ക് വരുമാനമുണ്ടാക്കുന്ന കനാലാണ് ഈ പദ്ധതിയെന്നാണ് എര്‍ദുഗാന്‍ റാലികളില്‍ പ്രസംഗിക്കുന്നത്.
തറക്കല്ല് പോലും ഇട്ടിട്ടില്ലാത്ത, വമ്പിച്ച പരിസ്ഥിതി ആഘാതവും എട്ട് ലക്ഷത്തോളം പേരുടെ താമസസ്ഥലത്തെയും ബാധിക്കാവുന്ന, പദ്ധതിയെ വോട്ടിന് വേണ്ടി ഉയര്‍ത്തിക്കാട്ടുന്നത് പ്രതിപക്ഷ കക്ഷികളും പരിസ്ഥിതി സംഘടനകളും വിമര്‍ശിക്കുന്നു. വന്‍ ബാദ്ധ്യത വരുത്തുന്ന അമിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി എര്‍ദുഗാന്‍ മുന്നോട്ട് പോകുമ്പോള്‍ ആഭ്യന്തര ഉല്‍പാദനം താഴോട്ട് പോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ആറ് വര്‍ഷത്തിനിടെ ആഭ്യന്തര ഉല്പാദനം ആറ് ശതമാനം താഴോട്ട് പോയെന്നും കറന്‍സിയുടെ മൂല്യം പകുതിയായി കുറഞ്ഞെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പലതിനും ഇന്ത്യയിലേതുമായി സാമ്യം തോന്നും.
ഇന്ത്യന്‍ രാഷ്ട്രീയ സമാനതകള്‍
തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പലതിനും ഇന്ത്യയിലേതുമായി സാമ്യം തോന്നും. മോദിയും എര്‍ദുഗാനും തമ്മിലുളള സാമ്യത്തെക്കുറിച്ച് പലരും സൂചിപ്പിച്ചിട്ടുളളതു പോലെ രണ്ടു രാജ്യങ്ങളിലെയും നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിലും സമാനതകള്‍ കാണാനാകും. എര്‍ദുഗാനെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യ നിര ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് തുല്യമാണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന കക്ഷികളെല്ലാം എര്‍ദുഗാനെതിരെ ഒന്നിച്ചിരിക്കുകയാണ്. മതേതര വാദികള്‍, ഇടതു കക്ഷികള്‍, മിത ദേശീയവാദികള്‍, കുര്‍ദുകള്‍, ഇസ്ലാമിക് പാര്‍ട്ടി തുടങ്ങിയവരെല്ലാം ഒന്നിച്ചാണ് എര്‍ദുഗാനെ പ്രതിരോധിക്കുന്നത്.
സ്വതന്ത്ര ജുഡീഷറി, മാധ്യമ സ്വാതന്ത്ര്യം, അടിയന്തിരാവസ്ഥ പിന്‍ വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സാദ്ധ്യമാക്കുക എന്ന പൊതു അജണ്ടയിലാണ് ഇവര്‍ എര്‍ദുഗാനെ നേരിടുന്നത്. എ.കെ.പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് തുര്‍ക്കിയിലെ ആദ്യത്തെ ഇസ്ലാമിക് പാര്‍ട്ടിയില്‍ എര്‍ദുഗാനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തെമല്‍ കരമൊല്ലയോലുവിന്റെ സാദത്ത് പാര്‍ട്ടി മതേതര ചേരിക്കൊപ്പം ചേര്‍ന്ന് എര്‍ദുഗാനെ എതിര്‍ക്കുന്നത് ശ്രദ്ധേയമാണ്. താനാണ് രാജ്യമെന്ന നിലയിലേക്ക് വളര്‍ന്ന എര്‍ദുഗാനെ അധികാരത്തില്‍ നിന്നിറക്കേണ്ട സമയം അതിക്രമിച്ചെന്നാണ് തെമല്‍ പറയുന്നത്. പ്രതിപക്ഷ നിരയില്‍ ചെറുതാണെങ്കിലും തെമല്ലിന്റെ ഇസ്ലാമിക പാര്‍ട്ടിയുടെ സാന്നിദ്ധ്യം എര്‍ദുഗാന് വെല്ലുവിളിയാണ്. ഇസ്ലാമിക വിഷയങ്ങള്‍ പ്രതിപാദിച്ചും ചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വോട്ട് തേടുന്ന എര്‍ദുഗാന്റെ സ്ഥിരം തന്ത്രത്തെ സാദത്ത് പാര്‍ട്ടിയിലൂടെ പ്രതിരോധിക്കാനാവുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ 50 ശതമാനം വോട്ട് ആര്‍ക്കും നേടാനായില്ലെങ്കില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യ സ്ഥാനത്ത് എത്തുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്ന മത്സരത്തില്‍ എര്‍ദുഗാനെതിരെയുളള സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് വെവ്വേറെ മത്സരിക്കുന്ന കക്ഷികള്‍ പോലും പ്രധാന പ്രതിപക്ഷ നിരയായ ദേശീയ സഖ്യത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എര്‍ദുഗാനെതിരെ മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ട് നേടി രണ്ടാം ഘട്ട വോട്ടെടുപ്പ് അനിവാര്യമാക്കാനാണ് ശ്രമിക്കുന്നത്. എര്‍ദുഗാനെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെയും സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന എര്‍ദുഗാന്‍ അനുകൂലികളുടെ നിലപാട് ഇന്ത്യയിലെ സംഘ്് പരിവാറിന്‍േറതിന് തുല്യമാണ്. തീവ്രവാദ ബന്ധമുളളവരാണ് പ്രതിപക്ഷമെന്ന് പോലും എര്‍ദുഗാന്‍ അനുകൂലികള്‍ ആരോപിക്കുന്നത് നേരിട്ട് തന്നെ കേള്‍ക്കാനായി.
ദേശീയതയും മതവും കൂട്ടിക്കലര്‍ത്തിയുളള എര്‍ദുഗാന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അലയൊലികള്‍ ഇന്ത്യയിലെ പോലെ താഴെ തട്ടിലും പ്രതിഫലിക്കുന്നുണ്ട്. തങ്ങളുടെ ഭരണമാണ് നിലവിലുളളതെന്നും രാജ്യം ഇസ്ലാമിക പാരമ്പര്യത്തിലേക്ക് സഞ്ചരിക്കുകയാണെന്നുമുളള ആവേശം വലിയൊരു വിഭാഗത്തില്‍ കാണാനാകും. കഴിഞ്ഞ വര്‍ഷം ഇസ്താംബുളിലെ പ്രശസ്തമായ ഹാഗിയ സോഫിയയില്‍ വെച്ചുണ്ടായ അനുഭവം ഇതിനൊരുദാഹരണമാണ്. ആറാം നൂറ്റാണ്ടില്‍ ചര്‍ച്ചും ഓട്ടോമന്‍ കാലത്ത് മുസ് ലിം പളളിയുമായിരുന്ന ഹാഗിയ സോഫിയ ഇപ്പോള്‍ രണ്ടിന്റെയും അടയാളങ്ങള്‍ നഷ്ടപ്പെടുത്താത്ത മ്യൂസിയമാണ്. അത് ചുറ്റിക്കാണുന്നതിനിടെ പരിചയപ്പെട്ട മ്യൂസിയം ജീവനക്കാരന്‍ സംസാരത്തിനിടെ പറഞ്ഞു: 'ഇത് നമസ്‌കാരം നടക്കുന്ന പളളിയായി മാറും. എര്‍ദുഗാന്‍ വൈകാതെ അത് നടപ്പിലാക്കുക തന്നെ ചെയ്യും.'
മോദി സര്‍ക്കാരിന് കീഴില്‍ സംഘ്്പരിവാര്‍ അനുയായി നേടിയതിന് തുല്യമായ ഈ ''ആത്മ വിശ്വാസം' എര്‍ദുഗാന്റെ 15 വര്‍ഷത്തെ 'ഭരണനേട്ടമാണ്'.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്താണ് പ്രതിപക്ഷം പ്രധാനമായും പ്രചാരണം നടത്തുന്നത്.
പ്രതിപക്ഷ ആയുധമായി സോഷ്യല്‍ മീഡിയ
അടിയന്തിരാവസ്ഥയുടെ മറവില്‍ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി പ്രചാരണ രംഗത്ത് മുന്നേറാമെന്ന എര്‍ദുഗാന്റെ കണക്കുകൂട്ടലുകളെ തകര്‍ത്തത് സോഷ്യല്‍ മീഡിയയാണ്. പ്രതികാര നടപടികളിലൂടെയും മൂലധനമിറക്കിയും മാധ്യമങ്ങളെ മുഴുവന്‍ എര്‍ദുഗാന്‍ കൈപിടിയിലൊതുക്കിയിട്ടും പ്രതിപക്ഷം സമാന്തര മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
250 ഓളം മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ച എര്‍ദുഗാന്‍ സോഷ്യല്‍ മീഡിയയുടെ മുമ്പില്‍ നിസ്സഹായനാണ്. കുര്‍ദുകള്‍ക്കെതിരെയുളള സൈനിക നടപടിയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ 150 പേരെ പിടികൂടി ഭീഷണിയുയര്‍ത്തിയെങ്കിലും പ്രതിപക്ഷം സോഷ്യല്‍ മീഡിയയില്‍ സജീവ കാമ്പയിനുമായി മുന്നോട്ട് പോകുകയാണ്. പോസ്റ്ററുകള്‍,അനിമേഷന്‍ ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്താണ് പ്രതിപക്ഷം പ്രധാനമായും പ്രചാരണം നടത്തുന്നത്. കുര്‍ദ് അനുകൂല സംഘടനയായ എച്ച്.ഡി.പി നയപ്രഖ്യാപനം ഉള്‍പ്പെടെയുളള എല്ലാം പ്രചാരണങ്ങളുടെയും വേദിയാക്കുന്നത് സോഷ്യല്‍ മീഡിയയാണ്. കുര്‍ദുകളുടെ മാധ്യമസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയതോടെയാണ് അവര്‍ ബദല്‍ മാര്‍ഗം സ്വീകരിച്ചത്.
പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായാണ് എര്‍ദുഗാനെ എതിര്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് ചിത്രം
ഒരേ സമയം പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലെ 600 സീറ്റുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായാണ് എര്‍ദുഗാനെ എതിര്‍ക്കുന്നത്. ഇടതു പാര്‍ട്ടികള്‍ മുതല്‍ ഇസ്ലാമിക് പാര്‍ട്ടികള്‍ വരെ ഇതിലുള്‍പ്പെടും. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയും ദേശീയ വാദികളായ എം.എച്ച്.എ.പിയും ഒന്നിച്ച് ജനസഖ്യമെന്ന പേരിലാണ് മത്സരിക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി (സി.എച്ച്. പി,) എം.എച്ച്.പിയില്‍ നിന്ന് വേര്‍പെട്ട് പുതുതായി രൂപം കൊണ്ട ഇയി പാര്‍ട്ടി, ഇസ്‌ലാമിക് പാര്‍ട്ടിയായ സാദത്ത് പാര്‍ട്ടി എന്നിവ ചേര്‍ന്നുള്ള ദേശീയ സഖ്യമാണ് എര്‍ദുഗാന്റെ പ്രധാന പ്രതിയോഗികള്‍. കുര്‍ദ് പാര്‍ട്ടിയായ എച്ച്.ഡി.പിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്ലാവരും തനിച്ചാണ് മത്സരിക്കുന്നത്. സി.എച്ച്.പി സ്ഥാനാര്‍ത്ഥിയായ മൂഹറം ഇഞ്ചെയാണ് എര്‍ദുഗാന്റെ പ്രധാന എതിരാളി. മെറാല്‍ അക്‌സെനര്‍ (ഇയി പാര്‍ട്ടി), സലാഹുദ്ദീന്‍ ഡെമിര്‍താസ് (എച്ച്.ഡി.പി), തെമെല്‍ കരമൊല്ലയോലു (സാദത്ത് പാര്‍ട്ടി) തുടങ്ങിയവരും മത്സരരംഗത്തുണ്ട്. ഞായറാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് കിട്ടിയില്ലെങ്കില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ജൂലൈ എട്ടിന് നടക്കും.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.