വയല്‍ പുഴയാവുംവിധം

By ശരണ്യ മുകുന്ദന്‍First Published Jun 23, 2018, 7:47 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ശരണ്യ മുകുന്ദന്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


എന്റെ കാര്യത്തിലുമതെ. മഴക്കാലം എന്ന് പറയുമ്പോള്‍ കുട്ടിക്കാലത്തെ മഴക്കാല ഓര്‍മ്മകളോട് കൂടുതല്‍ സ്‌നേഹം തോന്നിപ്പോകാറുണ്ട്. മഴയോട് ഒരുപാട് ഭ്രമം തോന്നി പെരുംമഴ നനഞ്ഞതും അമ്മേടെ കയ്യില്‍ നിന്ന് നല്ല കിടുക്കാച്ചി അടിവാങ്ങിയതും, അങ്ങനെ ഓര്‍മ്മകളിലെ മഴക്കാലം സംഭവബഹുലമായിരുന്നു. വയലിന്റെ  ഇരുകരയിലുമായിട്ടാണ് നാട്. വയക്കര. വയലിന്റെ ഓരംചേര്‍ന്നാണ് എന്റെ വീടും. 

ശരണ്യ മുകുന്ദന്‍ എഴുതുന്നു

കാഴ്ചപ്പാടുകളിലും നിരീക്ഷണബോധത്തിലും കാലത്തിന്റെയും കാലഗണനയിലുണ്ടാവുന്ന മാറ്റങ്ങളുടെയും അവിഭാജ്യമായ സ്വാധീനത്തെ അംഗീകരിക്കാതെ വയ്യ. മഴയെ അനുഭവിക്കുന്ന കാര്യത്തിലും കാലത്തിന്‍േറതായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അമ്മമ്മ പറയാറുള്ളത് പോലെ കാലം തെറ്റി പെയ്യുന്ന മഴയ്ക്കുണ്ടോ ഓര്‍മ്മകളിലെ മഴക്കാലങ്ങളുടെ ചന്തം!

അതും കാഴ്ച്ചപ്പാടാണ്. അംഗീകരിച്ചില്ലെങ്കിലും ആര്‍ക്കും തന്നെ അവഗണിക്കാന്‍ തക്കതായ ഒന്നുമില്ലാത്ത കാഴ്ചപ്പാട്. കാലമുണ്ടാക്കുന്ന മാറ്റങ്ങള്‍ മഴയെ ആസ്വദിക്കുന്നതിലും പ്രതിഫലിച്ചുകാണും അത്ര തന്നെ..

എന്റെ കാര്യത്തിലുമതെ. മഴക്കാലം എന്ന് പറയുമ്പോള്‍ കുട്ടിക്കാലത്തെ മഴക്കാല ഓര്‍മ്മകളോട് കൂടുതല്‍ സ്‌നേഹം തോന്നിപ്പോകാറുണ്ട്. മഴയോട് ഒരുപാട് ഭ്രമം തോന്നി പെരുംമഴ നനഞ്ഞതും അമ്മേടെ കയ്യില്‍ നിന്ന് നല്ല കിടുക്കാച്ചി അടിവാങ്ങിയതും, അങ്ങനെ ഓര്‍മ്മകളിലെ മഴക്കാലം സംഭവബഹുലമായിരുന്നു. 
വയലിന്റെ  ഇരുകരയിലുമായിട്ടാണ് നാട്. വയക്കര. വയലിന്റെ ഓരംചേര്‍ന്നാണ് എന്റെ വീടും. 

മഴക്കാലമാവുമ്പോഴാണ് ഏറ്റവും രസം. വയലുമുഴുവന്‍ വെള്ളം കയറും. പുഴയിലെ മലവെള്ളം കൂടി വയലിലേക്ക് കയറും. അങ്ങനെ ഞങ്ങളുടെ നാടിന്റെ ഒത്ത നടുക്ക് ഒരു പുഴ ജനിക്കും. വളപട്ടണം പുഴയുടെ കൈവഴിയായ ശ്രീകണ്ഠാപുരം പുഴയ്ക്ക് ഒന്നു രണ്ടു ദിവസത്തേക്ക് പുതിയൊരു കൈവഴി. മഴയ്ക്കുണ്ടാവുന്ന ശമനത്തിനനുസരിച്ച് ദിവസത്തില്‍ വ്യത്യാസം വരാം. വയലുകളുടെ ഇരുഭാഗത്തും കൂടി രണ്ട് തോട് ഒഴുകുന്നുണ്ട്. അവ പിന്നെ ഒന്നായി പുഴയിലേക്കും ഒഴുകുന്നു. അലക്കാനും കുളിക്കാനുമായി തോടുകളെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് തോടുകളില്‍ സുലഭമായി വെള്ളമുണ്ടാകും. അങ്ങനെ അവിടങ്ങള്‍ സജീവമാകും. 

മഴക്കാലത്ത് മലവെള്ളം കയറുമ്പോള്‍ തോടും വയലുമൊക്കെ ഒന്നാകും. പിന്നെ വലിയൊരു പുഴമാത്രമവിടെ അവശേഷിക്കും. വയലിനക്കരെയാണ് വയക്കര ജി.യു.പി സ്‌കൂള്‍. മഴക്കാലത്ത് സ്‌കൂളിലേക്കുള്ള യാത്ര ആയാസമേറിയ ഒന്നായിരുന്നു. സാധാരണഗതിയില്‍ അഞ്ച് മിനിറ്റ് കൊണ്ട് സ്‌കൂളിലെത്തുമെങ്കില്‍ മഴക്കാലത്തെ അവസ്ഥ വിഭിന്നമാണ്. ഇന്നാണെങ്കില്‍ ഇരുകരയെയും ബന്ധിപ്പിക്കാന്‍ വയല്‍ നികത്തി റോഡുണ്ട്, പ്രത്യേകം നടപ്പാതകളുണ്ട്. ഇതൊന്നുമില്ലാത്ത കാലത്ത് കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാനാവുന്ന വരമ്പിലൂടെ വേണം മറുകരയെത്താന്‍. തോടുകളും മുറിച്ചു കടക്കണം. ഞാനും എന്റെ സഹോദരന്‍ ശരത്തും( അച്ഛന്റെ അനിയന്റെ മകന്‍) കൂടിയാണ് സ്‌കൂളിലേക്ക് പോകാറ്. സമപ്രായക്കാരാണ് ഞങ്ങള്‍. 

അന്ന് നല്ല മഴയുള്ള ഒരുദിവസം. മലവെള്ളം കയറിയിരുന്നില്ല എങ്കില്‍കൂടി വയലിലും തോടുകളിലും നല്ല വെള്ളമുണ്ട്. എല്‍ പിയില്‍ പഠിക്കുന്ന ഞങ്ങളെ സ്‌കൂളിലേക്ക് കൊണ്ടു പോയത് രമണിമേമയാണ് (ശരത്തിന്റ്റെ അമ്മ). വളരെ ശ്രമപ്പെട്ടാണ് മേമ രണ്ടുപേരെയും വയലു കടത്തിക്കുന്നത്. ഒരു ഭാഗത്തെ തോടിന്റെ കൈവഴിയെന്നോണം ചെറിയൊരു തോട് വയലുകളുടെ ഒത്ത നടുവിലൂടെ ഒഴുകുന്നുണ്ട്. വഴുക്കേറിയ പാലമുള്ള, നല്ല ഒഴുക്കുള്ള കുഞ്ഞുതോട്. പാലം കടക്കുന്നതിനിടയില്‍ ശരത്ത് തോട്ടിലേക്ക് വീണു പോയി. നല്ല വെള്ളവും ഒഴുക്കുമുണ്ടായിരുന്നതിനാല്‍ ആ കുഞ്ഞുശരീരം മുങ്ങിയും പൊങ്ങിയും കുറേ ഒഴുകി. കരഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ട് കരവഴി ഞങ്ങളും. എവിടെയോ ഒരു മരത്തിന്റെ വേരില്‍ അവനു പിടികിട്ടിയതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. പിന്നെ കുറെക്കാലം പേടിയോടെ മാത്രം മഴയെ നോക്കിക്കാണാന്‍ തക്ക ഷോക്കായി മാറി അത്. 

മഴക്കാലത്ത് വയലില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഇളം വെയിലില്‍ വെള്ളം തെളിഞ്ഞു വരും. അന്നൊക്കെ അതില്‍ നീന്തിക്കളിക്കാന്‍ ഞങ്ങള്‍ പോകുമായിരുന്നു. ഒരേകാര്യത്തിന് ഒത്തിരി തവണ വഴക്കുകിട്ടിയത് അതിനായിരിക്കണം. വയല്‍ വരമ്പിലിരുന്ന് നല്ല മഴകള്‍ ആസ്വദിക്കുമായിരുന്നു. 

മല വെള്ളം കയറുന്ന ദിവസങ്ങളില്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കും. അത്ര മേല്‍ സന്തോഷം മറ്റൊന്നിനും ആ കുട്ടിക്കാലത്ത് നല്‍കാന്‍ കഴിഞ്ഞില്ല. തോടിലൂടെ ഒഴുകി വരുന്ന തേങ്ങ പിടിക്കാന്‍ പോകുന്നതും, വാഴ കൊണ്ടുള്ള പാണ്ടികെട്ടി വയലിനക്കരെ ഇക്കരെ പോകുന്നതും സുന്ദരമായ മഴയോര്‍മകളാണ്.. 

പിന്നീടൊരു മഴക്കാലത്താണ് വര്‍ഷങ്ങളുടെ ശ്രമഫലമായി സാക്ഷാത്കരിച്ച സ്വപ്‌നത്തിന്റെ പാതി തകര്‍ന്നടിഞ്ഞത്. ഞങ്ങളുടേത് ഓടിട്ട ഒരു കൊച്ചു വീടാണ്. അതുതന്നെ നിര്‍മിച്ചത് വളരെ നാളത്തെ കഷ്ടതയില്‍ നിന്നാണ്. നല്ല കാറ്റും മഴയുമുണ്ടായിരുന്ന ഒരു ഉച്ചനേരത്ത് വീടിന്റെ പിറകില്‍ ഉണ്ടായിരുന്ന വലിയൊരു വീട്ടിമരം കടപുഴകി വീട്ടിലേക്ക് വീണു. അച്ഛനും ഞാനുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു തരിപ്പണമായി. ഭാഗ്യം കൊണ്ട് രണ്ടു ജീവനും യാതൊന്നും സംഭവിച്ചില്ല. അന്നേക്കായി വച്ച ചോറും കറിയും മേല്‍ക്കൂരയില്ലാത്ത അടുക്കളയില്‍ പൊട്ടിവീണ ഓടുകള്‍ക്കൊപ്പം മഴ നനഞ്ഞു. 

മഴയെ ആഗ്രഹിക്കാറുള്ള ഞാന്‍ അന്നാദ്യമായി മഴയെ വെറുത്തു. ഒപ്പം അന്നാഞ്ഞുവീശിയ കാറ്റിനെയും. ന്യൂസില്‍ മാത്രം കണ്ടുപഴകിച്ച ഒരവസ്ഥ സ്വന്തം ജീവിതത്തില്‍ സംഭവിച്ചപ്പോഴാണ് അതിന്റെ ഭീകരത മനസിലായത്. 

ശമനമില്ലാതെ മഴ പിന്നെയും തുടര്‍ന്നു, കാറ്റും. വയലില്‍ നല്ല വെള്ളം കയറി. ഉള്ളിലും നല്ല മഴപെയ്യുന്നതിനാല്‍ മനസിലും വെള്ളം കയറി. ഭാഗികമായി മാത്രം തകര്‍ന്ന ആ വീട്ടില്‍ അന്ന് ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ അവയെ വെറുത്ത് കൊണ്ട് നേരം കഴിച്ചു. തകര്‍ന്നടിഞ്ഞ സ്വപ്നം അതിനേ ഞങ്ങളെ അനുവദിച്ചുള്ളൂ. 

അതൊക്കെ കഴിഞ്ഞിട്ട് മൂന്നുവര്‍ഷമാകുന്നു. ഇന്നും പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്, ഉള്ളില്‍ നല്ല ഭയവും. എന്തെന്നാല്‍ മരങ്ങളുണ്ട് ചുറ്റിലും, കാറ്റിനെ മാത്രമല്ലല്ലോ വേനലിനെയും പേടിക്കണമല്ലോ.. തുടക്കത്തില്‍ പറഞ്ഞു വച്ചതുപോലെ കാഴ്ചപ്പാടുകളെ മാറ്റാന്‍ കാലാഗണത്തിലെ മാറ്റങ്ങള്‍ക്കാവും... പറഞ്ഞാല്‍ വിരോധാഭാസമാകും എങ്കിലും പറയാതെ വയ്യ , ഇന്നും മഴയെ ഇഷ്ടമാണ് മഴ നനയാനും; പണ്ടുള്ള അത്ര ഇല്ലെങ്കില്‍ കൂടി.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍
 

click me!