എന്റെ കഥ; തോമസ്  ചാണ്ടിയുടെയും!

Published : Dec 09, 2017, 02:54 PM ISTUpdated : Oct 04, 2018, 11:27 PM IST
എന്റെ കഥ; തോമസ്  ചാണ്ടിയുടെയും!

Synopsis

മതിയായ തെളിവുകള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ചെയ്യാത്ത ഇരുപതിലധികം വിഷയങ്ങള്‍ ഇതിനിടയില്‍ എന്നെത്തേടിയെത്തി. ഒന്നുപോലും കൊടുത്തില്ല. നടന്നത് സത്യമാണെങ്കിലും ആധികാരിക രേഖ ഇല്ലാത്തതിനാല്‍ ഇപ്പോഴും അതെല്ലാം ഭദ്രമായി കയ്യില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. 


കേരളാ നിയമസഭയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഗതാഗത വകുപ്പ് മന്ത്രി. രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരെ വിലയ്‌ക്കെടുക്കാന്‍ കെല്‍പുള്ള വ്യവസായ പ്രമുഖന്‍. ഇക്കഴിഞ്ഞ ആഗസ്ത് 11 ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടങ്ങുമ്പോള്‍ ഇതെല്ലാമായിരുന്നു തോമസ്ചാണ്ടി. എംഎല്‍എയും മന്ത്രിയുമൊക്കെയായ തോമസ്ചാണ്ടി ഈ പദവി തന്റെ വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടി ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകുമോ എന്ന സംശയമാണ് ഈ വാര്‍ത്താ പരമ്പരയിലേക്ക് എത്തിച്ചത്. 

രേഖകള്‍ക്കായുള്ള നെട്ടോട്ടം 
2017 ആഗസ്ത് 11 നാണ് വാര്‍ത്താപരമ്പര തുടങ്ങിയതെങ്കിലും അതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിരുന്നു. ആലപ്പുഴ നഗരസഭയിലെ തിരുമല വാര്‍ഡുള്‍പ്പെടുന്ന കരുവേലി കൊമ്പന്‍കുഴി പാടശേഖരത്തിന്റെ നടുവില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്ന് ലേക് പാലസ് റിസോര്‍ട്ടെന്ന കൂറ്റന്‍ സ്ഥാപനം. ഇത് ഒരു സാധാരണ വ്യവസായിക്ക് കെട്ടിപ്പൊക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കൂടുതല്‍ അന്വേഷിച്ച് തുടങ്ങിയത്. ജൂണ്‍ മാസത്തോടെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്ന ആളുകളെ കണ്ടെത്തി തുടങ്ങിയിരുന്നു. ആലപ്പുഴയിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും എല്ലാം തോമസ്ചാണ്ടിയുടെ അടുത്ത ആളുകളായത് കൊണ്ടു തന്നെ പലപ്പോഴും ഫോണില്‍ വിളിക്കാറില്ലായിരുന്നു. മിക്കവരെയും നേരിട്ട് പോയി കണ്ടാണ് വിവരങ്ങളെടുത്തത്. വാര്‍ത്ത കൊടുക്കുന്നതിന്റെ കുറേ നാളുകള്‍ക്ക് മുമ്പ് അത് തോമസ്ചാണ്ടിയറിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ ഇടപെട്ട് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ നീങ്ങിയത്. 

തോമസ്ചാണ്ടി നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് അറിയാവുന്നവരെ ബന്ധപ്പെട്ടു. ചിലര്‍ക്ക് ചില വിവരങ്ങളറിയാം. ചിലരുടെ കയ്യില്‍ ചില രേഖകളുണ്ട്. ഇതിലേത് വിശ്വസിക്കുമെന്നറിയാതെ ഒരുപാട് ദിവസങ്ങള്‍ മുന്നോട്ട് പോയി. അതിനിടയിലാണ് കൈനകരി പഞ്ചായത്തംഗമായ ബികെ വിനോദ് ബന്ധപ്പെടുന്നത്. മാര്‍ത്താണ്ഡം കായല്‍ തോമസ്ചാണ്ടി അനുമതിയില്ലാതെ നികത്തുന്നുണ്ട്. പരാതി കൊടുത്ത തന്നെ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചു ഭീഷണിപ്പെടുത്തുന്നു എന്ന്. പോലീസില്‍ പരാതി കൊടുത്തായിരുന്നു ഈ അധികാര ദുര്‍വ്വിനിയോഗം. അപ്പോഴേക്ക് ഏതാണ്ട് ഒരു കാര്യം ഉറപ്പിച്ചു. തോമസ്ചാണ്ടി എംഎല്‍എ ആയിരിക്കുമ്പോഴും അതിന് മുമ്പും നിയമലംഘനങ്ങള്‍ നടത്തിയതിനൊപ്പം മന്ത്രിയെന്ന പദവിയും ദുരുപയോഗം ചെയ്തു. ഇതോടെയാണ് മുഴുവന്‍ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം എടുക്കാന്‍ തീരുമാനിക്കുന്നത്. ലേക് പാലസ് റിസോര്‍ട്ട് നില്‍ക്കുന്ന ആലപ്പുഴ നഗരസഭയിലും കളക്ടറേറ്റിലും കുട്ടനാട് താലൂക്ക് ഓഫീസിലും ആര്‍ഡിഒ ഓഫീസിലും വിവിധ വില്ലേജോഫീസുകളിലുമെല്ലാം ഇതിനായി അപേക്ഷ കൊടുത്തു. പലയിടത്തും വിവരാവകാശ നിയമം അട്ടിമറിക്കപ്പെട്ടു. ഫയലുകള്‍ കാണാതായി. ശരിയായി വിവരം തരാതായി. ദിവസങ്ങളോളം നടന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. 

 

പരമ്പരയിലെ ആദ്യ വാര്‍ത്ത
അതിനിടയിലാണ് നെഹ്‌റു ട്രോഫി ജലമേള പുന്നമടക്കായലില്‍ ആഗസ്ത് 12 ന് നടക്കുന്നത്. അതിന് മുന്നോടിയായി ലേക് പാലസിന് മുന്നിലൂടെയുള്ള റോഡ് ടാര്‍ ചെയ്യുകയാണ്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ എംപി ഫണ്ട് ഉപയോഗിച്ച് പാടം നികത്തി നിര്‍മ്മിച്ച റോഡ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ടാര്‍ ചെയ്യുമ്പോള്‍ റോഡ് മുഴുവന്‍ ടാര്‍ ചെയ്യുമെന്ന് നാട്ടുകാര്‍ കരുതി. പക്ഷേ അതുണ്ടായില്ല. ടാറിംഗ് കൃത്യം ലേക് പാലസിന്റെ മുന്നില്‍ക്കൊണ്ടവസാനിപ്പിച്ചു. ലേക്പാലസിലേക്ക് മുഖ്യമന്ത്രിയടക്കമുള്ള അതിഥികള്‍ വരുന്നതിന് മുന്നോടിയായിരുന്നു പെട്ടെന്നുള്ള ടാര്‍ ചെയ്യല്‍. ആഗസ്ത് 10 ന് ഞാനും ക്യാമറാമാന്‍ സനീഷ് സദാശിവനും ഡ്രൈവര്‍ മനോജും പോയി ഷൂട്ട് ചെയ്യുമ്പോഴേക്കും ടാറിംഗ് അവസാനിച്ചിരുന്നു. റോഡ് മുഴുവനും ഷൂട്ട് ചെയ്തു. ലേക് പാലസ് റിസോര്‍ട്ട് വരെ ഇരട്ടി വീതിയിലാണ് റോഡ് പണിതത് എന്ന് കാണിക്കാന്‍ ടേപ്പെടുത്ത് അളന്നു. വീതി പോലെ തന്നെ ലേക് പാലസ് വരെ നല്ല ഉയരവും റോഡിനുണ്ടായിരുന്നു. കാത്തിരുന്നില്ല. ഞങ്ങള്‍ അന്വേഷണ പരമ്പരയിലെ ആദ്യ വാര്‍ത്ത കൊടുത്തു. 

ആദ്യ വാര്‍ത്തയുടെ ഭാഗമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസില്‍ വിളിച്ചപ്പോള്‍ തന്നെ അറിയേണ്ടവരറിഞ്ഞു.  വാര്‍ത്ത കൊടുക്കരുതെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍.  നിങ്ങളാ റോഡിനെക്കുറിച്ച് വാര്‍ത്ത ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് മറുപടി നല്‍കി. അപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ്‌കാര്‍ അവിടെ പോയി റോഡൊക്കെ അളന്നെന്ന് പറഞ്ഞല്ലോ എന്ന് ചോദിച്ചു. അതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ അത് എടുത്തത് ആരാണ് എന്നായിരുന്നു അടുത്ത ചോദ്യം. ഞങ്ങള്‍ക്കറിയുകയേയില്ലെന്ന് മറുപടി പറഞ്ഞോടെ ഫോണ്‍ വെച്ചു. ഇത്തരം തടസ്സപ്പെടുത്താനുള്ള ചെറിയ നീക്കങ്ങള്‍ പലപ്പോഴായി ഉണ്ടായി. അതൊന്നും വകവെയ്ക്കാതെ മുന്നോട്ടുപോയി. ഇതിനിടയില്‍ ഒരിക്കല്‍ പോലും ഏഷ്യാനെറ്റ്‌ന്യൂസിനോട് പ്രതികരിക്കാന്‍ തോമസ്ചാണ്ടിയോ അദ്ദേഹത്തിന്റെ അടുത്ത ആളുകളോ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. 

നിയമലംഘനങ്ങള്‍ പുറത്താവുന്നു
റോഡിന്റെ വാര്‍ത്ത കൊടുത്തതിന് പിന്നാലെ തന്നെ പരമ്പര തുടങ്ങി. വിവരാവകാശ രേഖ പ്രകാരമുള്ള മറുപടികള്‍ ആ സമയത്ത് പൂര്‍ണ്ണമായി കിട്ടാത്തതിനാല്‍, നേരത്തെ വിവരാവകാശ രേഖകള്‍ എടുത്തവരെ സമീപിച്ചു. കുറച്ച് രേഖകള്‍ കിട്ടി. പിന്നീടാണ് യഥാര്‍ത്ഥ അട്ടിമറി തുടങ്ങുന്നത്. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടുന്നില്ല. ആലപ്പുഴ നഗരസഭയിലെ ലേക് പാലസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കാണാതായി. കുട്ടനാട്ടില്‍ താലൂക്ക് ഓഫീസില്‍ നിന്ന് മാര്‍ത്താണ്ഡ!ം കായലിലെ ഫയലുകള്‍ എടുത്തപ്പോള്‍ 2011 ലെ തോമസ്ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കീറിക്കളഞ്ഞ് ബാക്കി ഫയലുകള്‍ തന്നു. ഇതേ റിപ്പോര്‍ട്ട് കളക്ടറേറ്റില്‍ നിന്നും അന്ന് മുക്കി. ആര്‍ഡിഒ ഓഫീസില്‍ ഈ ഫയലുകള്‍ ഉണ്ടാകുമെന്ന് തോമസ്ചാണ്ടിയുടെ ആളുകള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അതിനാല്‍, ആ ഫയലുകള്‍ അവിടെ നിന്ന്  കിട്ടി. തോമസ്ചാണ്ടി മാര്‍ത്താണ്ഡം കായല്‍ നികത്തുന്നതിനൊപ്പം സര്‍ക്കാര്‍ ഭൂമിയും കയ്യേറി നികത്തിയെന്ന നിര്‍ണ്ണായക റിപ്പോര്‍ട്ടായിരുന്നു അത്.

എട്ടോ ഒമ്പതോ വാര്‍ത്തകള്‍. അതായിരുന്നു ഈ പരമ്പര തുടങ്ങുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്. പിന്നീട് ആഗസ്ത് 17 ന് വിഷയം നിയമസഭയില്‍ വന്നപ്പോള്‍ വാര്‍ത്ത ചെയ്ത എന്നെ വ്യക്തിപരമായി മന്ത്രി തോമസ് ചാണ്ടി ആക്ഷേപിച്ചു. ലേക് പാലസ് റിസോര്‍ട്ടില്‍ പോയി മദ്യവും മുറിയും ചോദിച്ച് കിട്ടാത്തതിലുള്ള പ്രതികാരമാണ് അന്വേഷണ പരമ്പര എന്നായിരുന്നു തോമസ്ചാണ്ടി നിയമസഭയില്‍ പറഞ്ഞത്. ഇങ്ങനെ പറയാന്‍ തയ്യാറാവുന്ന തോമസ്ചാണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന ബോധ്യത്തില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ താല്‍പര്യം വന്നത്. മനസ്സില്‍ തോന്നിയത് തെറ്റിയില്ല, തോമസ്ചാണ്ടി ചെയ്ത് കൂട്ടിയത് ഒന്നൊന്നായി കിട്ടിത്തുടങ്ങി. കിട്ടുന്ന വിവരങ്ങള്‍ക്ക് ആധികാരികത ഉറപ്പ് വരുത്താന്‍ വിവരാവകാശ അപേക്ഷ കൊടുത്ത് രേഖകള്‍ സ്വന്തമാക്കി. 

പിന്നെ ഒരൊഴുക്കായിരുന്നു. മൂന്ന് മാസത്തിനിടെ 30 അന്വേഷണ റിപ്പോര്‍ട്ടുകളും 35 ഫോളോ അപ്പ് സ്‌റ്റോറികളുമടക്കം 65 വാര്‍ത്തകള്‍. ക്യാമറാമാന്‍ സനീഷ് സദാശിവന്‍ എന്തിനും തയ്യാറായി കൂടെയുണ്ടായിരുന്നു.  സനീഷ് കൈയടക്കത്തോടെ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു വാര്‍ത്തയുടെ യഥാര്‍ത്ഥ ശക്തി. ഒളിക്യാമറയില്ലാതെ, മറ്റ് വഴികള്‍ തെരഞ്ഞെടുക്കാതെ ഈ അന്വേഷണ പരമ്പര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ സനീഷിന്റെ കൃത്യതയാര്‍ന്ന ദൃശ്യങ്ങള്‍ തന്നെയാണ്.  വാഹനം ആക്രമിക്കപ്പെട്ടിട്ടും ഡ്രൈവര്‍ മനോജ് പിറകോട്ട് പോയില്ല. ക്യാമറ സഹായിയായി വരാറുള്ള ഷിബു കണിയാംകുളവും ആവശ്യപ്പെടുമ്പോഴൊക്കെ കൂടെ നിന്നു. 

 

മറുപടികള്‍: തോമസ് ചാണ്ടി മോഡല്‍ 
മദ്യവും മുറിയും ചോദിച്ച് കിട്ടാത്തതില്‍ ഒരു മാധ്യമപ്രവര്‍ത്തകനുള്ള പ്രതികാരമാണ് താനീ അനുഭവിക്കുന്നതെന്ന് നിയമസഭയിലും പുറത്തും വ്യാപകമായി തോമസ് ചാണ്ടി പറഞ്ഞ് നടന്നെങ്കിലും ആരും അത് വിശ്വസിച്ചില്ല. അതിനാല്‍, ആ നമ്പര്‍ പിന്നീട് മാറ്റിപ്പിടിച്ചു. വ്യക്തിപരമായ ആരോപണം ന്യൂസ് അവര്‍ അവതാരകനായ വിനു വി ജോണിനെതിരെ നീണ്ടു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ പിരിച്ചുവിട്ട സംഭവുമായി ഇതിനെ കോര്‍ത്ത് വെക്കാന്‍ ശ്രമിച്ചു. എന്‍സിപിയുടെ നേതാക്കള്‍ക്ക് പോലും മറുപടിയില്ലാത്ത ആരോപണം ഉയര്‍ത്തി മന്ത്രി സ്വയം അപഹാസ്യനാവുകയായിരുന്നു. എതിര്‍ വാര്‍ത്ത വരുമ്പോള്‍ എന്ത് നുണയും വിളിച്ചുപറയുന്ന തോമസ്ചാണ്ടിയെ തുറന്ന് കാട്ടുക തന്നെയായിരുന്നു പിന്നീടുള്ള ലക്ഷ്യം. പാതി വഴിയില്‍ വാര്‍ത്ത നിര്‍ത്തിയാല്‍ ഞാനും എന്റെ സ്ഥാപനവും പ്രതിക്കൂട്ടിലാകും. പിന്നീടങ്ങോട്ട് ഓരോന്നിന്റെയും പിറകേ പോയി. എല്ലാറ്റിനും തെളിവുകള്‍ കണ്ടെത്തി. മതിയായ തെളിവുകള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ചെയ്യാത്ത ഇരുപതിലധികം വിഷയങ്ങള്‍ ഇതിനിടയില്‍ എന്നെത്തേടിയെത്തി. ഒന്നുപോലും കൊടുത്തില്ല. നടന്നത് സത്യമാണെങ്കിലും ആധികാരിക രേഖ ഇല്ലാത്തതിനാല്‍ ഇപ്പോഴും അതെല്ലാം ഭദ്രമായി കയ്യില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. 

തോമസ്ചാണ്ടി ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലുമുള്ള അധികാരം സ്വന്തം വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്തതുകൊണ്ട് മാത്രമാണ് ഈ വാര്‍ത്താ പരമ്പര തുടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കൊടുക്കുന്നത് വരെ എല്ലാ സംവിധാനങ്ങളും തോമസ്ചാണ്ടിക്ക് അനുകൂലമായിരുന്നു.  എന്തും ചെയ്യാവുന്ന അവസ്ഥ ആയിരുന്നു. ചോദിക്കാന്‍ ആരുമില്ല. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ നേതൃത്വവും ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥരും  മന്ത്രിയുടെ സ്വന്തക്കാര്‍. നിയമലംഘനങ്ങള്‍ തടയേണ്ടവരും പുറത്ത് കൊണ്ടുവരേണ്ടവരും നടപടിയെടുക്കേണ്ടവരുമെല്ലാം മന്ത്രിയുടെ അടുത്ത ആളുകള്‍. ആരെങ്കിലും വാര്‍ത്ത കൊടുത്താല്‍ അവനെ നശിപ്പിച്ച് കളയുമെന്ന ഭീഷണി വേറെയും. കൈയ്യില്‍ പണവും അധികാരവും ഉണ്ടെങ്കില്‍  കേരളത്തില്‍ എന്ത് നിയമലംഘനവും ചെയ്യാമെന്നതിന്റെ ഉദാഹരണം.

എന്ത് നിയമലംഘനം ചെയ്താലും അതിനെല്ലാം ഓരോ രേഖകള്‍ ഒപ്പിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ രീതി. അന്വേഷണം വരുമ്പോള്‍ കുടുങ്ങുക ആ ഉദ്യോഗസ്ഥരാവും. ഒന്നും ചെയ്തത് വ്യക്തിപരമായല്ല എന്ന് വരുത്താന്‍ ഒരു കമ്പനിയും രൂപീകരിച്ചു. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി. അടുത്ത കാലം വരെ തോമസ്ചാണ്ടി തന്നെയായിരുന്നു ചെയര്‍മാന്‍. പിന്നീട് ആ സ്ഥാനം ഉപേക്ഷിച്ചു. പക്ഷേ രണ്ട് മക്കളും കമ്പനിയുടെ ഡയറക്ടര്‍മാരാണ്. ഉറ്റവരും റിസോര്‍ട്ട് ജീവനക്കാരുമാണ് മറ്റു ഡയറക്ടര്‍മാര്‍. നിയമലംഘനങ്ങള്‍ മുഴുവന്‍ നടത്തിയത് ഈ കമ്പനിയുടെ പേരിലാണ്. നിയമലംഘനം എങ്ങനെ നടത്താമെന്ന് ഉപദേശിക്കാന്‍ മുന്തിയ അഭിഭാഷകര്‍ എപ്പോഴുമുണ്ട്.  സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച, എല്ലാ തട്ടിപ്പും അറിയുന്ന ഉദ്യോഗസ്ഥര്‍ കൂടെയുണ്ട്. ഒപ്പം ആരെയും വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന സമ്പത്തും. ഇതെല്ലാം ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ നടത്തുന്നതും എതിര്‍പ്പുകള്‍ ഇല്ലാതാക്കുന്നതും. എല്ലാ നിയമലംഘനങ്ങളും അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശക്തമായ സംവിധാനം. 

സമാന്തര സാമ്രാജ്യം
അതിനെ മറികടക്കുകയായിരുന്നു പ്രയാസം. എന്തിനും സാങ്കേതികമായ മറുപടിയുണ്ട് തോമസ് ചാണ്ടിക്കും കൂടെയുള്ളവര്‍ക്കും. കളക്ടര്‍ക്കും ജഡ്ജിക്കുമെതിരെ പരാതി കൊടുക്കാനും സ്‌റ്റേ വാങ്ങാനും നിയമലംഘനങ്ങള്‍ പൂര്‍വ്വ സ്ഥിതിതിയിലാക്കുന്നത് തടയാനും ഇനിയും ശ്രമിക്കുമെന്നുറപ്പ്. ലേക് പാലസ് റിസോര്‍ട്ട് നില്‍ക്കുന്ന കരുവേലി പാടശേഖരത്തിലെ ഭൂരിപക്ഷം ഭൂമിയും തോമസ്ചാണ്ടിയുടെ നിയന്ത്രണത്തിലാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ ഉള്ളതാണ്. പാടശേഖര സമിതിയില്‍ പൂര്‍ണ്ണമായും തോമസ്ചാണ്ടിയുടെ ആളുകള്‍. ലേക് പാലസ് റിസോര്‍ട്ടില്‍ നാട്ടുകാരായ കുറച്ച് പേര്‍ക്ക് ജോലി കൊടുത്തതു കൊണ്ട് അവരും അവരുടെ കുടുംബവും പ്രാദേശികമായി പിന്തുണ കൊടുക്കും. എതിര്‍ക്കുന്നവരെവില കൊടുത്ത് വാങ്ങുക എന്നതായിരുന്നു തോമസ്ചാണ്ടിയുടെ രീതി. ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ നശിപ്പിക്കാന്‍ നഗരസഭയില്‍ വേണ്ടപ്പെട്ടവര്‍. താലൂക്ക് ഓഫീസില്‍ നിന്ന് അനുയോജ്യമായ റിപ്പോര്‍ട്ട് കൊടുക്കാനും ആവശ്യാനുസരണം അന്വേഷിച്ച് ഒരു പരിക്കും പറ്റാത്ത റിപ്പോര്‍ട്ട് തരപ്പെടുത്താനും സംവിധാനം.  

250 കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന സീറോ ജെട്ടി റോഡിനായി നാട്ടുകാര്‍ പാടുപെടുമ്പോഴും ലേക് പാലസിന് മുന്നിലൂടെ വെറും എട്ട് കുടുംബത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരനുമതിയുമില്ലാതെ പാടം നികത്തി റോഡ് നിര്‍മ്മിക്കാന്‍ തോമസ്ചാണ്ടിക്ക് കഴിഞ്ഞത്  ഈ സ്വാധീനം ഉപയോഗിച്ച് തന്നെയാണ്. 25 ലക്ഷം രൂപ എംപി ഫണ്ട് അനുവദിച്ചപ്പോള്‍ റിസോര്‍ട്ട് ജീവനക്കാരെ ഉപഭോക്തൃ കമ്മിറ്റിക്കാരാക്കി തന്നിഷ്ട പ്രകാരം റോഡ് പണിതതും ഈ സ്വാധീനം ഉപയോഗിച്ച് തന്നെ. ആര്‍ക്കും തൊടാന്‍ പറ്റാത്ത കായലില്‍ കോണ്‍ക്രീറ്റ് തൂണും ഇരുമ്പുപൈപ്പുകളും ബോയകളും ഉപയോഗിച്ച് കായല്‍ വളച്ച് കെട്ടി ഏക്കറുകണക്കിന് വേമ്പനാട്ട് കായല്‍ കയ്യേറി സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതും ഇതുകൊണ്ടു തന്നെ. 

ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരുവേലി പാടശേഖരത്തിലെ ഒന്നരയേക്കല്‍ പാടം ദേശീയ ജലപാത കുഴിച്ചെടുത്ത ചെളിയുപയോഗിച്ച് നികത്തി പുരയിടമാക്കിക്കൊടുത്തതും ഈ സ്വാധീനം കൊണ്ടു തന്നെയാണ്. മാത്തൂര്‍ ദേവസ്വത്തിന്റെ മുപ്പത്തി നാലരയേക്കര്‍ ഭൂമി കൈവശം വച്ചതും മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമിയടക്കം കയ്യേറി നികത്തിയതും ഈ സ്വാധീനം ഉപയോഗിച്ച് തന്നെ. ഒരു വില്ലേജോഫീസിലെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുഴവന്‍ നശിപ്പിക്കാന്‍ കഴിയുന്നതും വേമ്പനാട്ട് കായലിന്റെ ഒത്ത നടുവില്‍ കര്‍ഷകര്‍ക്ക് കൊടുത്ത ഭൂമി റിസോര്‍ട്ടിന് വേണ്ടി വാങ്ങിക്കൂടി ഒരനുവാദവും വാങ്ങാതെ നികത്തുന്നതുമെല്ലാം സ്വാധീനം കൊണ്ടുതന്നെയാണ്.  ഒരിക്കലും ആര്‍ക്കും കിട്ടാനിടയില്ലാത്ത ഒരു ഉത്തരവും ആര്‍ഡിഒയില്‍ നിന്ന് തോമസ്ചാണ്ടി വാങ്ങി കൈയ്യില്‍ വെച്ചിട്ടുണ്ട് എന്നതാണ് ഏറെ കൗതുകകരം.

 

സമ്മര്‍ദ്ദങ്ങള്‍, കേസുകള്‍
വാര്‍ത്ത കൊടുത്ത് തുടങ്ങിയ ശേഷം വാര്‍ത്ത കൊടുക്കാതിരിക്കാന്‍ വലിയ സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടി വന്നില്ല. നാലോ അഞ്ചോ വാര്‍ത്തകള്‍ കൊടുത്ത ശേഷം എന്താണ് പ്രശ്‌നമെന്നും സംസാരിക്കണമെന്നും പറഞ്ഞ് കുട്ടനാട്ടിലെ ഒരു പഞ്ചായത്തംഗം  ഇടനിലക്കാരനായി എന്നെ സമീപിച്ചു എന്നതൊഴിച്ചാല്‍.  പ്രശ്‌നമൊന്നുമില്ലെന്നും സംസാരിക്കാനുള്ളത് വാര്‍ത്തയിലൂടെ പറയുന്നുണ്ടെന്നും മറുപടി നല്‍കി. അധികം സമ്മര്‍ദ്ദം ഇല്ലാതിരിക്കാന്‍ ഒരു കാരണവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടങ്ങും മുമ്പ്, താന്‍ കുട്ടനാട്ടില്‍ മല്‍സരിക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് ചോദിച്ച് വാങ്ങി മന്ത്രിയാകുമെന്നും തോമസ്ചാണ്ടി പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസായിരുന്നു അത്. ആ വാര്‍ത്ത എയര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ എനിക്കൊരു ഫോണ്‍ കോള്‍ വന്നു. തോമസ്ചാണ്ടിയുടെ ഓഫീസില്‍ നിന്നാണ്. 

ഏഷ്യാനെറ്റ് ആലപ്പുഴ റിപ്പോര്‍ട്ടര്‍ പ്രസാദല്ലേ എന്ന് ചോദിച്ചായിരുന്നു കോള്‍. അതേയെന്ന് പറഞ്ഞതോടെ കാര്യത്തിലേക്ക് കടന്നു. വാര്‍ത്ത തോമസ്ചാണ്ടി സാറിന് ഇഷ്ടപ്പെട്ടെന്നും വാര്‍ത്തയില്‍ ചെറിയ ഒരു മാറ്റം വരുത്തണമെന്നും പറഞ്ഞു. ഇറിഗേഷന്‍ വകുപ്പ് ചോദിച്ച് വാങ്ങുന്നത് കുട്ടനാട്ടിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാണെന്നും അങ്ങനെ വാര്‍ത്ത മാറ്റുന്നതിന് എത്ര തുക വേണമെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു ഫോണ്‍ സംഭാഷണം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് ട്രാന്‍സ്ഫറായി ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു ആ സംഭവം. 

ആദ്യമായിട്ടായിരുന്നു അത്തരം ഒരു പ്രലോഭനം. താക്കീത് നല്‍കിയ ശേഷം ഫോണ്‍ കട്ട് ചെയ്ത് ആ ഫോണ്‍ സംഭാഷണം അപ്പോള്‍ തന്നെ കൊച്ചി റീജിയണല്‍ ചീഫ് അഭിലാഷ് ജി നായര്‍ക്കും പിജി സുരേഷ് കുമാറിനും അയച്ചുകൊടുത്തു. എന്നെ പരിചയം പോലും ഇല്ലാത്ത ഒരാള്‍ക്ക്, വാര്‍ത്ത മാറ്റിക്കൊടുക്കണമെങ്കില്‍ എത്ര തുക വേണമെന്ന് ഫോണില്‍ ചോദിക്കണമെങ്കില്‍ ഈ ചോദ്യം അവര്‍ മുമ്പ് പലരോടും ചോദിച്ച് കാണണം. ഈ ചോദ്യം തന്നെയാവും ഉദ്യോഗസ്ഥരോടും രാഷ്ട്രീയ നേതാക്കളോടും ഒക്കെ ചോദിക്കുന്നത്. 

വാര്‍ത്ത കൊടുക്കുന്നവരെ കേസ് കൊടുത്ത് നിശ്ശബ്ദമാക്കുകയാണ് തോമസ്ചാണ്ടിയുടെ അടുത്ത രീതി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സഹായത്തോടെയായിരുന്നു എനിക്കും എന്റെ സ്ഥാപനത്തിനുമെതിരെ പത്തുകോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കാന്‍ തീരുമാനിച്ച് നോട്ടീസയച്ചത്.  ആ നോട്ടീസിന് നമ്മുടെ കയ്യിലുള്ള രേഖകള്‍ വെച്ച് മറുപടി കൊടുക്കുന്നതിന് മുമ്പ് തന്നെ എറണാകുളത്തെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പത്ത് കോടി എന്നത് കുറച്ച് ഒരു കോടി രൂപയാക്കി. മാനനഷ്ടക്കേസിന്റെ ഉദ്ദേശം മാനനഷ്ടത്തിനുള്ള പരിഹാരം ആയിരുന്നില്ല. തനിക്കെതിരായ വാര്‍ത്തകള്‍ ഏങ്ങനെയെങ്കിലും നിര്‍ത്തിവെയ്പ്പിക്കുകയായിരുന്നു. ദില്ലി പട്യാല കോടതിയിലും കൊടുത്തിട്ടുണ്ട് ഒരു കേസ്. 

പക്ഷേ ഏഷ്യാനെറ്റ് ന്യൂസ് പിറകോട്ട് പോയില്ല. തോമസ്ചാണ്ടിക്കെതിരായ തെളിവുകല്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുകൊണ്ടുവന്നു. ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ചാനലുകളിലെല്ലാം തോമസ്ചാണ്ടി അഭിമുഖം കൊടുത്തു. വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറെയും ഏഷ്യാനെറ്റ് ന്യൂസിനെയും അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ഇതൊന്നും ആരോപണം പോലുമല്ലെന്ന് വീമ്പിളക്കി. വാര്‍ത്ത കൊടുത്ത് തുടങ്ങിയ നാലാം ദിവസം നെടുമുടി ചേന്നങ്കരിയിലെ വീട്ടില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കി വാര്‍ത്താ സമ്മേളനം വിളിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ അന്ന് തന്നെ സമീപിക്കുമെന്നും പറഞ്ഞു. ഒന്നും നടന്നില്ല. സത്യം കണ്ടെത്തിയ കളക്ടറുടെ റിപ്പോര്‍ട്ടിനെ പോലും കോടികള്‍ ഉപയോഗിച്ച് നിയമപോരാട്ടം നടത്തി തനിക്ക് അനുകൂലമാക്കാനാണ് ഇപ്പോഴും തോമസ്ചാണ്ടി ശ്രമിക്കുന്നത്. 

ഒരിക്കലും ആര്‍ക്കും കിട്ടാനിടയില്ലാത്ത ഒരു ഉത്തരവും ആര്‍ഡിഒയില്‍ നിന്ന് തോമസ്ചാണ്ടി വാങ്ങി കൈയ്യില്‍ വെച്ചിട്ടുണ്ട്

കണ്ണടക്കുന്ന പൊലീസ് 
വാര്‍ത്താപരമ്പര സജീവമായി പോകുന്നതിനിടെ ഞങ്ങളുടെ ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ ആക്രമണമുണ്ടായി. സപ്തംബര്‍ 21 ന് കാറ് എറിഞ്ഞുതകര്‍ത്തു. വാര്‍ത്ത ചെയ്യേണ്ടതിനാല്‍ രാത്രി ഏറെ വൈകിയാണ് ഞാനന്നും ഉറങ്ങാന്‍ കിടന്നത്. ഉറക്ക ക്ഷീണം കൊണ്ട് പുറത്ത് നടന്നത് ഒന്നും അറിഞ്ഞുമില്ല. രാവിലെയാണ് വിവരമറിയുന്നത്.  ചെയ്തത് തോമസ്ചാണ്ടിയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഒരിക്കല്‍ പോലും ആരോപിച്ചില്ല. പക്ഷേ തോമസ് ചാണ്ടി പറഞ്ഞു ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണെന്ന്. എന്നാല്‍, ഈ വിവരം കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന  തോമസ്ചാണ്ടിയെ അതന്വേഷിക്കുന്ന പോലീസ് ഇന്നേ ദിവസം വരെ ചോദ്യം ചെയ്തില്ല. വാര്‍ത്ത ക്ലച്ച് പിടിക്കാത്തത് കൊണ്ട് ഞങ്ങള്‍ തന്നെയാണ് ഓഫീസ് ആക്രമിച്ചത് എന്ന് വരെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പോലീസ് അന്വേഷണം ആദ്യം ഊര്‍ജ്ജിതമായിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും നടക്കുന്നില്ല. സംഭവം നടന്ന് മൂന്ന് മാസമാകുന്നു. 

വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകള്‍ തന്നെയായിരുന്നു ഈ വാര്‍ത്തയുടെ കരുത്ത്. തോമസ്ചാണ്ടിയെ പോലെ അതിസമ്പന്നനും സംസ്ഥാനത്തെ വലിയ സ്വാധീനമുള്ള മന്ത്രിയുമായ ഒരാള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുമ്പോള്‍ അതില്‍ പഴുതുകളുണ്ടാവരുത് എന്ന നിര്‍ബന്ധം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. വിവാരാവകാശ നിയമപ്രകാരം ഏതാണ്ട് 2500,3000 പേജ് വരുന്ന രേഖകള്‍ സംഘടിപ്പിച്ചു. നേരത്തെ തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് വേണ്ടത്ര പിന്തുണകിട്ടാത്ത നിരവധി പേര്‍ ഞങ്ങളെ സഹായിച്ചു. അതില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. അവരുടെ കയ്യിലുണ്ടായിരുന്ന വിവരാവകാശ രേഖകള്‍ തന്നു. ഓരോ വിവരാവകാശ അപേക്ഷ കൊടുക്കുമ്പോഴും തോമസ്ചാണ്ടിയും  ഓഫീസും അതാത് സമയങ്ങളില്‍ അത് അറിഞ്ഞിരുന്നു. അത്രമാത്രം സ്വാധീനം ഓരോ ഓഫീസുകളിലുമുണ്ടായി. ആദ്യമാദ്യം രേഖകള്‍ തരാന്‍ മടിച്ച ഉദ്യോഗസ്ഥര്‍ പിന്നീട് തന്നു തുടങ്ങി. സത്യസന്ധരായ ചിലര്‍ ഫയലുകളില്‍ നിന്ന് ഫോട്ടോ എടുത്ത് വാട്‌സ് അപ്പ് വഴി അയച്ചുതന്നു. പിന്നീട് അവിടെ അപേക്ഷ കൊടുത്ത് അത് സ്വന്തമാക്കി. 

സര്‍ക്കാരും പാര്‍ട്ടികളും ഉദ്യോഗസ്ഥ സംഘവും എല്ലാം ഒരാള്‍ക്ക് വേണ്ടി നിലനില്‍ക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരിക പ്രയാസം തന്നെയാണ്. ഭീഷണികളും പ്രലോഭനങ്ങളും എല്ലാമുണ്ടാവും. പക്ഷേ സ്ഥാപനം കൂടെയുണ്ടാവുക എന്നതാണ് ഏറ്റവും വലുത്. വലിയ തിരക്കുള്ള വാര്‍ത്ത നടക്കുന്ന സമയങ്ങളില്‍ പോലും മൂന്നും നാലും മിനുട്ടുള്ള സ്റ്റോറികള്‍ ഡെസ്‌കില്‍ നിന്ന് വെട്ടിക്കളഞ്ഞില്ല. രാവിലെ എങ്ങനെയാണോ ആ വാര്‍ത്ത കൊടുത്തത് അതുപോലെ തന്നെ രാത്രി 11.30 വരെയുള്ള ബുള്ളറ്റിനുകളില്‍ പോയി. ഡെസ്‌കില്‍ നിന്ന് കിട്ടിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. സ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. പകല്‍ മുഴുവന്‍ അന്വേഷിച്ച് നടന്ന് ഓഫീസുകള്‍ കയറിയിറങ്ങി ഷൂട്ട് ചെയ്ത് രാത്രി സ്‌ക്രിപ്റ്റ് അടിക്കാനിരിക്കുമ്പോള്‍ പലപ്പോഴും ഉറങ്ങാന്‍ ഒരുപാട് വൈകാറുണ്ട്.. പത്ത് മണിക്ക് കൊടുക്കേണ്ട വാര്‍ത്ത 9.30 നാണ് പലപ്പോഴും ഡെസ്‌കില്‍ എത്തിയിരുന്നത്. പക്ഷേ ഒരു കുറവും വരുത്താതെ ഭംഗിയായി ഗ്രാഫിക്‌സ് ചെയ്ത് നന്നായി കൊടുത്തു, എല്ലാ സ്‌റ്റോറികളും. ഒരു വാര്‍ത്ത പോലും ഇതെന്താണ് ഇങ്ങനെ ചെയ്യാന്‍ കാരണം എന്ന് ഒരിക്കല്‍ പോലും എന്നോട് ചോദിച്ചിട്ടില്ല. ആ ആത്മവിശ്വാസവും പിന്തുണയും തന്നെയാണ് തോമസ്ചാണ്ടിയെ തുറന്ന് കാണിക്കാന്‍ കഴിഞ്ഞത്. 

എന്നിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. പഴയ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് ആ വാര്‍ത്തയോടെ ഒരുപാട് പേര്‍ ശത്രുപക്ഷത്തായി. അന്ന് വേണമെങ്കില്‍ പേടിച്ച് പിന്‍മാറി ആ വാര്‍ത്ത കൊടുക്കാതിരിക്കാമായിരുന്നു. പക്ഷേ പിന്നെഈ ജോലിയില്‍ തുടരാനുള്ള അര്‍ഹതയില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. കിട്ടിയ വാര്‍ത്ത ശരിയാണെങ്കില്‍ കൊടുക്കുക. അതില്‍ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയും ലീഗും എല്ലാം വാര്‍ത്തയുടെ കണ്ണില്‍ ഒരു പോലെ കാണാനാണ് എനിക്കിഷ്ടം. 

വാര്‍ത്തയുടെ പേരില്‍ ഇന്ന് പിണങ്ങിയവര്‍ നാളെ സത്യം തിരിച്ചറിയുമെന്ന പ്രതീക്ഷയുണ്ട്. കണ്ണൂരില്‍ പോയി ഈ പരമ്പരയ്ക്കിടെ  പലപ്പോഴും അമ്മയെയും ഭാര്യയെയും മകളെയും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ പിന്തുണയും എടുത്ത് പറയേണ്ടത് തന്നെയാണ്. ഞങ്ങളുടെ വാര്‍ത്തകള്‍ നൂറു ശതമാനം ശരിയാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ റിപ്പോര്‍ട്ട് നല്‍കിയതോടെ ഞാനും ഏഷ്യാനെറ്റ് ന്യൂസും വിജയിച്ച് കഴിഞ്ഞിരുന്നു. രാജി രാഷ്ട്രീയമാണ് എന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. ഒരു റിപ്പോര്‍ട്ടറുടെ ജോലി സത്യം കണ്ടെത്തലാണ്. നടപടിയെടുക്കേണ്ടത് അധികാരികളും. 

ഇനി വേണ്ടത് തോമസ്ചാണ്ടി നടത്തിയ നിയമലംഘനങ്ങളിലെ നടപടികളാണ്. ഇപ്പോഴും നടപടിയെടുക്കാന്‍ വൈകുകയാണ്. പക്ഷേ അതെടുക്കേണ്ടി വരും. കാരണം നിയമലംഘനം ചെയ്തതില്‍ കൂടുതലും മണ്ണിലാണ്. എത്ര തെളിവുകള്‍ ഇല്ലാതാക്കിയാലും അതെവിടെയെങ്കിലും ഭദ്രമായുണ്ടാവും. ഇനിയും വൈകിയാല്‍ എല്ലാവരും ഇത് ചെയ്ത് തുടങ്ങും.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്