കാശ് കൊടുത്ത് നിങ്ങള്‍  വാങ്ങിത്തിന്നുന്നത് കൊടുംവിഷം!

By മനോജ് ഭാരതിFirst Published Dec 8, 2017, 6:43 PM IST
Highlights

ക്ഷീരകര്‍ഷകരില്‍ ചിലര്‍ പാല്‍കമ്പനിക്കുനല്‍കുന്ന പശുവിന്‍പാലില്‍ കട്ടികൂട്ടുന്നതിനുവേണ്ടി കഴുതയുടെയും നായയുടെയും പാല്‍ പോലും ചേര്‍ക്കാന്‍ മടിക്കാറില്ലെന്നാണ് അയാള്‍ പറഞ്ഞത് .

വള്ളുവനാട്ടില്‍ വച്ച് യാത്രയ്ക്കിടയില്‍ ഉച്ചഭക്ഷണം ഒഴിവാക്കി പകരം ഇളനീര്‍ കഴിക്കുമ്പോഴാണ് അന്നവിചാരം അല്‍പ്പസമയത്തേക്ക് മുന്നവിചാരമായത്. നല്ല നാടന്‍ കരിക്കെന്ന സ്വീകരണവാക്കുകള്‍ ഒന്നിനുപകരം രണ്ടു ഇളനീര്‍ കഴിക്കാനുള്ള പ്രേരണയായിരുന്നു. പൊതുവെ കാര്‍ഷികമേഖലയായതിനാല്‍ മധ്യവയസ്‌കനായ വില്‍പ്പനക്കാരനെ അവിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും തനതു ഗുണമേന്‍മ ഇളനീരിനു ലഭിക്കാതെ വന്നപ്പോള്‍ ആ ചോദ്യത്തിലേക്കുതന്നെ എത്തേണ്ടതായി വന്നു . എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇളനീരും നാളികേരവും ലഭിക്കുന്നത്? പൊള്ളാച്ചിയില്‍നിന്നോ അതോ കോയമ്പത്തൂരില്‍നിന്നോ? 

അത്തരത്തിലൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ തൊട്ടടുത്ത നിമിഷം തന്നെ അയാളെന്റെ ശ്രദ്ധയെ പിന്നിലുള്ള ഡസ്‌കിലേക്കു ക്ഷണിച്ചു. അവിടെ ഒരുവടവും കൊളുത്തുകത്താളും വച്ചിട്ടുണ്ട്. പ്രദര്‍ശനവസ്തുപോലെ ഒരുക്കിവച്ചിരിക്കുന്ന അതിലേക്കു ചൂണ്ടി തൊട്ടടുത്ത തോട്ടത്തില്‍ നിന്നു തേങ്ങയിട്ടതിനുശേഷം കൊണ്ടുവന്നു വച്ചിരിക്കുന്നതാണ് അതെന്നയാള്‍ വിശദീകരിച്ചു. അമിതമായ പ്രദര്‍ശനവ്യഗ്രതയില്‍ സംശയം തോന്നിയതുകൊണ്ട് രഹസ്യമായി തൊട്ടടുത്ത സ്ഥലത്ത് അതെപ്പറ്റിയൊന്നന്വേഷിച്ചു. അപ്പോഴാണുറപ്പാവുന്നത് ആ ഇളനീര്‍ക്കുലകളെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നുതന്നെ വന്നവയാണെന്ന്. 

അമിതമായ കായ്ഫലമുറപ്പാക്കാന്‍ അനാരോഗ്യകരമായ കീടനാശിനിയുടെയും വളത്തിന്റെയും പ്രയോഗം തെങ്ങുകൃഷിയിലും നടക്കുന്നുണ്ടെന്ന പൊതുധാരണ പരന്നിട്ടുള്ളതുകൊണ്ട് ആരുവന്നാലും ആദ്യം ചോദിക്കുന്നത് ഇളനീരും നാളീകേരവുമൊക്കെ എവിടെ നിന്നുവന്നതാണെന്നാണ്. അവരുടെ കണ്ണില്‍ പൊടിയിടാനുള്ള മുന്‍കൂര്‍ തന്ത്രമായിരുന്നു വടവും കൊളുത്തുകത്താളും ഡസ്‌കില്‍ വച്ചുള്ള പ്രദര്‍ശനം . 

കാശുകൊടുത്ത് കാളകൂടം വാങ്ങിക്കഴിക്കേണ്ട ഗതികേട് ഒന്നൊന്നായി മനസ്സിലേക്കോടിയെത്താന്‍ അതു ധാരാളമായിരുന്നു. സ്വകാര്യ പാല്‍ നിര്‍മ്മാണക്കമ്പനിയെ അവഗണിച്ച് വിശ്വസനീയമായ പാലെന്ന മുന്‍വിധിയോടെ മില്‍മയുടെ പാല്‍ വാങ്ങുന്നതിനിടെ മുമ്പൊരു ഡ്രൈവര്‍ പറഞ്ഞതും അതുതന്നെയായിരുന്നു; പാലെല്ലാം കണക്കാണെന്ന്. തമിഴ്‌നാട്ടിലെ പാല്‍പ്പൊടികമ്പനികളില്‍ നിന്ന് ചാക്കുകണക്കിന് പൊടിയാണ് മില്‍മ കൊണ്ടുവന്ന് പാലില്‍ കലക്കുന്നതെന്ന്. 

കട്ടി കൂടിയ ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് മില്‍ക്കുണ്ടാക്കാന്‍ മില്‍മയടക്കം പാല്‍ക്കമ്പനികളെല്ലാം പാല്‍പ്പൊടിയാണ് കലക്കുന്നത് എന്ന കാര്യം ഒരു രഹസ്യമല്ല. ആവശ്യമുള്ള പാലിന്റെ മുക്കാല്‍ പങ്കുപോലും നല്‍കാനില്ലാത്ത സാഹചര്യത്തിലാണ് പാലും പാല്‍പൊടിയും ഗുജറാത്ത് , കര്‍ണാടക , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുകൊണ്ടുവരുന്നത്്. എന്നുമാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്ന് പാല്‍പ്പൊടി ഇറക്കുമതി ചെയ്യുന്നുമുണ്ട് മില്‍മ. എന്നാല്‍ ഡ്രൈവറില്‍ നിന്നു കേട്ട ആശങ്കയുളവാക്കിയ കാര്യം ഇതൊന്നുമായിരുന്നില്ല. തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ക്ഷീരകര്‍ഷകരില്‍ ചിലര്‍ പാല്‍കമ്പനിക്കുനല്‍കുന്ന പശുവിന്‍പാലില്‍ കട്ടികൂട്ടുന്നതിനുവേണ്ടി കഴുതയുടെയും നായയുടെയും പാല്‍ പോലും ചേര്‍ക്കാന്‍ മടിക്കാറില്ലെന്നാണ് അയാള്‍ പറഞ്ഞത് . ഇതാണ് പാല്‍പൊടിയായി മാറുന്നതും പാല്‍ കമ്പനികള്‍ പാലില്‍ കലക്കുന്നതും. ഒറ്റപ്പെട്ട സംഭവങ്ങളുടെയോ അനുഭവങ്ങളുടെയോ അടിസ്ഥാനത്തില്‍ അത്തരത്തിലൊരു സാമാന്യവല്‍ക്കരണം നടത്തിയതാണ് ഡ്രൈവറെന്നു കരുതിയാല്‍പ്പോലും ധവളവിപ്ലവം സൃഷ്ടിക്കാനും പരിശുദ്ധിയെപ്പറ്റി അധരവ്യായാമം നടത്താനും മറക്കാത്ത പാല്‍കമ്പനികള്‍ മായവും മാലിന്യവും കണ്ടെത്താനും ഗുണനിലവാരമുറപ്പാക്കാനും എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന ആശങ്കയാണ് ഇവിടെ അവശേഷിക്കുന്നത്. 

പാലിനു കട്ടി കൂടാന്‍ പാല്‍പൊടി ചേര്‍ക്കുന്നത് മായം ചേര്‍ക്കലിന്റെ പരിധിയില്‍ വരുന്നതാണെന്നാരോപിച്ച് മില്‍മയ്‌ക്കെതിരെ 2013 ല്‍ ഒരു ഉപഭോക്താവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഭാഗമായിത്തന്നെ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കൊഴുപ്പിന്റെ അളവ് ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് മില്‍ക്കില്‍ ഉണ്ടാകണമെങ്കില്‍ അതില്‍ പാല്‍പൊടി ചേര്‍ത്തേ മതിയാകൂ എന്ന നിലപാടായിരുന്നു മില്‍മയുടേത്. പാലിനു നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്റ്റാാന്‍ഡേര്‍ഡ് പ്രകാരം  നിയമപരമായി അത് അനുവദനീയമായിരുന്നുതാനും .

സ്വകാര്യമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിശ്വാസ്യത നഷ്ടപ്പെടുമ്പോഴാണ് നാം സ്വാഭാവികമായും സര്‍ക്കാര്‍ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് . ലാഭക്കൊതിയല്ല , ജനക്ഷേമമാണ് സര്‍ക്കാരിനു മുഖ്യമെന്ന പ്രതീക്ഷ നമ്മെ അതിനു പ്രേരിപ്പിക്കുന്നു. ഹോര്‍മോണ്‍പ്രയോഗത്തിലൂടെ അമിതവളര്‍ച്ച ക്ഷിപ്രസാധ്യമാക്കി മാര്‍ക്കറ്റിലെത്തിക്കുന്ന ഇറച്ചിക്കോഴികളെ ഒഴിവാക്കി സര്‍ക്കാര്‍ സംവിധാനമായ കെപ്‌കോയില്‍ നമ്മളെത്തുന്നതും അതുകൊണ്ടൊക്കെതന്നെയാണ്. ഓരോ ദിവസത്തേക്കുമുള്ള പരിമിതവും നിശ്ചിതവുമായ ഇറച്ചിക്കോഴികളുടെ എണ്ണവും ഫ്രാഞ്ചൈസികള്‍ക്ക് ആവശ്യമായിവരുന്ന ഇറച്ചിയുടെ കണക്കും നിരീക്ഷിക്കുമ്പോള്‍ അഞ്ചപ്പം കൊണ്ട് അയ്യായിരംപേരെ ഊട്ടിയ കഥ ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിച്ചിട്ടുകാര്യമില്ല .  

പാലിനും പച്ചക്കറിയ്ക്കും ഇറച്ചിക്കോഴിക്കും പിന്നാലെ കേട്ട മറ്റൊന്ന് റെഡ് മീറ്റിനെക്കുറിച്ചാണ്. അറക്കാന്‍ കൊണ്ടുവരുന്ന കാളകളുടെയും പോത്തുകളുടെയുമെല്ലാം കിഡ്‌നി ആദ്യം തന്നെ തകരാറിലാക്കും. അതോടെ ഉരുക്കള്‍ക്ക് നീരുവന്ന് തൂക്കം ഗണ്യമായി വര്‍ദ്ധിക്കും. നീരുതൂങ്ങിയ ഉരുവിനെ വിറ്റുകിട്ടുന്ന അമിതനേട്ടത്തിലാണ് ഇവിടെ കച്ചവടക്കണ്ണ് . മൃഗത്തിന്റെ വില പോലും മനുഷ്യനു കൊടുക്കാത്ത ഇത്തരം പ്രവണതകളാണ് നാലഞ്ചുവര്‍ഷങ്ങളായി ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ചൈന നടപ്പില്‍ വരുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളെയും ശക്തമായ നടപടികളെയും പ്രസക്തമാക്കുന്നത് . എലിയുടെയും കുറുനരിയുടെയും ഇറച്ചിയില്‍  മണവും ഗുണവും വത്യാസപ്പെടുത്തി ആട്ടിറച്ചിയെന്നു തെറ്റിദ്ധരിപ്പിച്ച് പോലും ചൈനയില്‍ കച്ചവടം നടന്നുവന്നിരുന്ന കാലത്താണ് നിയമം കൂടുതല്‍ ശക്തമാക്കിയത് . അതെത്തുടര്‍ന്ന് ചൈനയില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവും ശിക്ഷയുടെ കാര്യത്തില്‍ കര്‍ശനമായ നടപടികളും ഉണ്ടായി. അതേ സമയം നമ്മളിപ്പോഴുമിവിടെ അജിനോമോട്ടോകൊണ്ട് അര്‍മ്മാദിക്കാനാണ് ശ്രമിക്കുന്നത് . 

രാജ്യത്ത് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റാര്‍ഡ്‌സ് ആക്ട് പാര്‍ലമെന്റ് പാസാക്കിയത് 2006ലാണ്. പിന്നെയും അഞ്ചുവര്‍ഷം വേണ്ടിവന്നു അതു സംബന്ധിച്ച് ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാകാന്‍. നിലവിലുണ്ടായിരുന്ന 1954 ലെ പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ടില്‍ നിന്നും 2006ലെ പുതിയ നിയമത്തിലേക്കു വന്നപ്പോഴേക്കും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ത്തന്നെ നിരവധി പരിവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഡബ്ല്യൂ ടി ഒ യുടെയും ഗാട്ട് കരാറിന്റെയുമെല്ലാം സ്വാധീനം ഭക്ഷ്യവസ്തുക്കളുടെ എണ്ണത്തിലും ശീലത്തിലുമെല്ലാം കാര്യമായ മാറ്റം വരുത്തി . അതുകൊണ്ടുതന്നെ പുതിയ നിയമം ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിധേയമായി. വ്യത്യസ്ത സമിതികള്‍, ശാസ്ത്രജ്ഞരുടെ പാനലുകള്‍ തുടങ്ങിയവയുടെ രൂപീകരണത്തിനും വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് അതു നടപ്പിലായത് . ഇത്രത്തോളം തയ്യാറെടുപ്പിനും കാലതാമസത്തിനും ശേഷമാണ്  നിയമം പ്രാബല്യത്തില്‍ വന്നതെങ്കിലും അതിന്റെ നടത്തിപ്പില്‍ മിക്കപ്പോഴും ആ ഗുണഫലങ്ങള്‍ ലഭിച്ചില്ല എന്നതാണു വാസ്തവം . 

ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്കും കൃത്രിമം കാട്ടുന്നവര്‍ക്കും 1954 ലെ പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട്് ഒരു പേടിസ്വപ്‌നം തന്നെയായിരുന്നു. പാലില്‍ വെള്ളം ചേര്‍ത്താല്‍പോലും അത് കോടതിയിലെത്തുന്ന ഗൗരവമുള്ള കേസായി മാറിയിരുന്നു. എന്നാല്‍ പുതിയ നിയമം വന്നതോടെ കുറ്റകൃത്യങ്ങള്‍ അതിന്റെ  അതിന്റെ  ഗൗരവമനുസരിച്ച് വകഭേദങ്ങളാക്കപ്പെട്ടു . പാലില്‍ വെള്ളം ചേര്‍ക്കുമ്പോഴത് 'സബ് സ്റ്റാന്‍േറര്‍ഡ് ' ആയി മാറി. തെറ്റായ ലേബല്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തുമ്പോള്‍ അത് 'മിസ്ബ്രാന്‍ഡിംഗ് ' ആയി നിര്‍വ്വചിക്കപ്പെട്ടു . അതോടെ അവയെല്ലാം ഫൈന്‍ ഈടാക്കിവിടാവുന്ന നിസ്സാരകേസുകളായി മാറി . കുറ്റകൃത്യങ്ങളിലും ശിക്ഷാക്രമങ്ങളിലും വന്ന ഈ ലഘൂകരണം ഒന്നുമാത്രമാണ് മുന്നും പിന്നും നോക്കാതെ മായം ചേര്‍ക്കാന്‍ ചിലര്‍ക്കെങ്കിലും ധൈര്യം പകര്‍ന്നതും . 

നീരുവന്ന ഇറച്ചിയുടെ കാര്യം പറയുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊന്ന് കാലാകാലങ്ങളായി ആവശ്യമുയര്‍ന്നിട്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ശാസ്ത്രീയരീതിയിലുള്ള അറവുശാലകള്‍ക്ക് പുറം തിരിഞ്ഞുനില്‍ക്കുന്നതിനെപ്പറ്റിയാണ് . ശാസ്ത്രീയ അറവു ശാലകള്‍ തയ്യാറാക്കിയാല്‍ അവിടെ ഡോക്ടര്‍മാരുണ്ടാവും.  ആന്റിമോര്‍ട്ടം , പോസ്‌റ്് മോര്‍ട്ടം പരിശോധനകള്‍ നടക്കും. ഇറച്ചിയുടെ കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കപ്പെടും. എന്നാലിന്ന് അത്തരത്തില്‍ തികച്ചും ശാസ്ത്രീയമായി പൊതുവിപണിക്കുവേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക അറവുശാല വയനാട് ജില്ലയിലെ ബ്രഹ്മഗിരിയില്‍ മാത്രമാണ് . ഇത്തരം അറവുശാലകള്‍ക്കുവേണ്ടിയുള്ള ആവശ്യം ഭക്ഷ്യസുരക്ഷാമേഖലയില്‍ നിന്നു തന്നെ പലവട്ടം ഉയര്‍ന്നെങ്കിലും ഭരണാധികാരികള്‍ അതിനു വേണ്ട പരിഗണന നല്‍കിയിട്ടില്ല . 

മറ്റേതുരംഗത്തുമെന്നതുപോലെ ഭക്ഷണകാര്യത്തിലും സ്വാര്‍ത്ഥതയും ലാഭക്കണ്ണും വ്യാപിക്കുന്നത് മനുഷ്യത്വത്തിന്റെ അവസാന കണിക കൂടി നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണു കൊണ്ടെത്തിക്കുക . ഭക്ഷ്യസുരക്ഷയുടെയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുടെയും കാര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തരനടപടികളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത് . അന്നവും കുടിവെള്ളവും കൂടി മുട്ടിക്കുന്ന ആത്മഹത്യാപരമായ ഈ അവസ്ഥയില്‍ ദീനമായി അഭ്യര്‍ത്ഥിക്കാന്‍ ഒന്നുമാത്രമേ ബാക്കിയുള്ളൂ . ദയവുചെയ്ത് കുരവളയ്ക്ക് കുത്തിപ്പിടിക്കരുത് ... പ്ലീസ്. 

click me!