പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

By അലി ഫിദ വാണിമേല്‍First Published Feb 17, 2017, 7:04 AM IST
Highlights

പിരിയാനുളള പ്രയാസം. പിരിയുമ്പോഴുള്ള വേദന. ഇത് എല്ലാ പ്രവാസികളുടെയും അനുഭവമാണ്. കാണുന്നവര്‍ക്ക് ഒരു നാട്ടുനടപ്പായിരിക്കാം. എന്നാല്‍, ഇത് അനുഭവിക്കുന്നവരുടെ മനസ്സും ശരീരവും ചിന്തയും നിറയെ ഒരു തരം തരിപ്പും മരവിപ്പും വിറയലുമായിരിക്കും. 

പതിവുപോലെ ഇത്തവണയും അവധി കഴിഞ്ഞ് വീട്ടില്‍നിന്നും ഗള്‍ഫിലെ ജോലി സ്ഥലത്തേക്കുള്ള യാത്ര. യാത്രയ്ക്കുളള സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ച് സലാം പറഞ്ഞ് ഇറങ്ങി. പിറകില്‍, ഉമ്മയും ഉപ്പയും ഭാര്യയും ചിത്ര ശലഭങ്ങളെ പോലെ പാറിനടക്കുന്ന പുന്നാര മക്കളും. 

അനുഭവിക്കുന്നതൊന്നും പുറത്ത് കാണിക്കാതിരിക്കണം. എല്ലാം പരമാവധി പിടിച്ചു നിര്‍ത്താനുള്ള സമ്മര്‍ദ്ദം.  ഇതൊക്കെ ചേരുമ്പോഴാണ് പ്രവാസത്തിന്റെ എരിവും പുളിയും പൂര്‍ണ്ണമാവുന്നത്. ഇതെന്നുമുള്ള പതിവാണ്. എന്നാല്‍,  ഈ വര്‍ഷത്തെ ലീവ് കഴിഞ്ഞ് പോരുമ്പോള്‍ എനിക്കുണ്ടായത് ഇതുവരെ അനുഭവിച്ചതിനേക്കാള്‍ കടുപ്പമുള്ള വിങ്ങലാണ്. 

പിരിയാനുളള പ്രയാസം. പിരിയുമ്പോഴുള്ള വേദന. ഇത് എല്ലാ പ്രവാസികളുടെയും അനുഭവമാണ്.

പ്രായവും അസുഖവും കൊണ്ട് ബുദ്ധിമുട്ടുന്ന ഉമ്മ, ഗര്‍ഭിണിയായ ഭാര്യ, എന്റെ സ്വപ്നവും അധ്വാനവും ആകെയുള്ള സമ്പാദ്യവും ചെലവിട്ടു പണി തീരാറായ വീട്. അതില്‍ താമസിക്കാനുളള മോഹം, ജീവിതത്തിന്റെ എല്ലാമായ എന്റെ മകള്‍. അടുത്ത ദിവസം എന്റെ വീട്ടില്‍ നടക്കുന്ന കല്ല്യാണം. നാട് ,നാട്ടിലുളള ബന്ധുക്കള്‍ സുഹൃത്തുക്കള്‍. ഇതൊക്കെ ഇട്ടെറിഞ്ഞാണ് രണ്ടറ്റമില്ലെങ്കില്‍ ഒരറ്റമെങ്കിലും കൂട്ടിമുട്ടിക്കാന്‍ വേണ്ടി എയര്‍പ്പോര്‍ട്ടിലേക്ക്. കാറ് കയറിയത്. സുബ്ഹി ബാങ്കിന്റെ മുമ്പായതിനാല്‍, നല്ല ഇരുട്ട്. അതു നന്നായി. എന്റെ മുഖത്തെ വിങ്ങല്‍ ആരും കാണില്ലല്ലോ. 

ജ്യേഷ്ടന്‍ റോഡ് വരെ കൂടെ വന്നു. നാളെ അവന്റെ മകളുടെ കല്ല്യാണമാണ്. ജ്യേഷ്ടനെ കെട്ടിപിടിച്ച് സലാം പറഞ്ഞ്, വണ്ടിയില്‍ കയറി മുന്നോട്ട് നീങ്ങി.

വണ്ടിയില്‍ ഞാനും മജീദ്ക്കയും മാത്രമായിരുന്നു. എന്തു പറയണമെന്നറിയാതെ കുറച്ച് സമയം ഇരുന്നു. പുറത്ത് ഇരുട്ടും അകത്ത് മൗനവും. അന്നേരമാണ് മജീദ്ക്ക വീടു പണിയുടെ കാര്യം പറഞ്ഞത്. 

താല്‍പര്യമില്ലെങ്കിലും ഞാനും ആ ചര്‍ച്ചയില്‍ പങ്കാളിയായി. വല്ലാത്ത മനം പിരുട്ടലും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടായിരുന്നു. വഴിക്ക് വെച്ച് സുബ്ഹി നമസ്‌കാരത്തിനായി പള്ളിയില്‍ കയറി. നാട്ടുകാരായ കുറച്ചുപേരും ഞങ്ങളും മാത്രമായിരുന്നു പളളിയില്‍ ഉണ്ടായിരുന്നത്.

വണ്ടി എയര്‍പ്പോര്‍ട്ട് റോഡിലേക്ക് കയറി. മൂപ്പര്‍ക്ക് പരിചയമുളള ഹോട്ടലില്‍ കയറി രണ്ട് വെളളാപ്പവും കറിയും ചായയും കഴിച്ചു. അല്‍പ്പമൊന്ന് റാഹത്തായി എയര്‍പ്പോര്‍ട്ടിലെത്തി.

പാസ്‌പോര്‍ട്ടും ടിക്കറ്റും ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് ട്രോളിയുന്തി എയര്‍പ്പോര്‍ട്ടിനുളളിലേക്ക് നടന്നു.  ബോര്‍ഡിംഗ് പാസ് കിട്ടി. കൂടെ വന്നവരോട് അക്കാര്യം വിളിച്ചു പറഞ്ഞു അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് പോവുകയാവും. ഞാനിറങ്ങിപ്പോന്ന വീട്ടിലേക്ക്. നാട്ടിലേക്ക്. 

ഫ്‌ളൈറ്റിന്റെ സമയം കാത്ത് നാടും നാടിന്റെ അവസാനത്തെ ഓര്‍മകളുമായി ഇരിക്കുബോള്‍ ഒരു തോന്നല്‍.  ഒരു സെല്‍ഫിയെടുത്ത് എഫ്ബിയിലിട്ടാലോ? ഫോട്ടോ എടുത്തു. എനിക്ക് തന്നെ ഇപ്പോള്‍ എന്നെ പിടിക്കുന്നില്ല.

പാസ്‌പോര്‍ട്ടും ടിക്കറ്റും ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് ട്രോളിയുന്തി എയര്‍പ്പോര്‍ട്ടിനുളളിലേക്ക് നടന്നു.

അപ്പോഴേക്കും സമയമായി. ഫ്‌ളൈറ്റിലേക്ക് കയറി. സീറ്റ് കിട്ടിയത് എമര്‍ജന്‍സി എക്‌സിറ്റ് ഡോറിനടുത്തായിരുന്നു. 'ഒയലിച്ചയുളളവര്‍ക്ക് എവിടെയെത്തിയാലും ഒയലിച്ചയായിരിക്കും' (നാടന്‍ ശൈലിയാണ്. കഷ്ടപ്പെട്ടോന് എവിടെ എത്തിയാലും അതുതന്നെ എന്നര്‍ത്ഥം). അടുത്ത സീറ്റിലുള്ള മലപ്പുറത്തുകാരന്‍ ഫരീദിനെ പരിചയപ്പെട്ടു. സംസാരിച്ചു സംസാരിച്ച് സമയം നീങ്ങി. അബൂദാബി എയര്‍പോര്‍ട്ടിലെത്തി. അവിടെ രണ്ടര മണിക്കുര്‍ വെയ്റ്റിംഗ്.

സുബ്ഹി ബാങ്കിന്റെ മുമ്പായതിനാല്‍, നല്ല ഇരുട്ട്. അതു നന്നായി. എന്റെ മുഖത്തെ വിങ്ങല്‍ ആരും കാണില്ലല്ലോ. 

ആവശ്യങ്ങളൊക്കെ കഴിഞ്ഞിട്ടും സമയം ഒരു പാട് ബാക്കിയായിരുന്നു. ചായ കുടിക്കാനായി കോഫി കൗണ്ടറിനടുത്തേക്ക് ചെന്ന് രണ്ട് ചായയ്ക്ക് ഓഡര്‍ ചെയ്തു. അവിടെയുളള ഫിലിപ്പൈനി ഞങ്ങളോട് ചോദിച്ചു,  കിത്‌നാപൈസ? പിന്നെ പറഞ്ഞു, പന്ത്ര റിയാല്‍. ആദ്യം ഒന്നും പിടികിട്ടിയില്ല. പിന്ന മനസ്സിലായി, പതിനഞ്ച് റിയാലിന്റെ ചായയ്ക്ക് ഇവന്‍മാര്‍ അറിയാതെ ഓര്‍ഡര്‍ ചെയ്തതതാണോ എന്ന് ഫിലിപ്പെനിക്ക് സംശയം തോന്നിയിട്ടാവും. .

ള്‍ഫുകാര്‍ പൊതുവെ മറ്റുളളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരാണെന്നാണ് പറയാറ്. അതിനൊരു മാറ്റം എന്ന് കരുതി ചായ കുടിക്കാന്‍ തീരുമാനിച്ചു നാട്ടില്‍ പോവാന്‍ നേരത്ത് 200 റിയാല്‍ മാറ്റി വെച്ചിരുന്നു അതില്‍ നിന്നും നൂറെടുത്ത് ഫിലിപ്പൈനിക്ക് കൊടുത്തപ്പോള്‍ ചേഞ്ച് വേണമെന്ന് പറഞ്ഞു. 

സീറ്റിലിരുന്നു ചായ കുടിക്കുമ്പോള്‍ നാട്ടില്‍ കഴിഞ്ഞ ആറു മാസങ്ങളായിരുന്നു ഉള്ളു നിറയെ. ഇനി അനുഭവിക്കാന്‍ കിടക്കുന്നത് എന്തൊക്കെയെന്ന തോന്നലുകളും ഉള്ളില്‍ നിറഞ്ഞു. ചായ തീര്‍ന്നു. കഥയും സമയവും ബാക്കി തന്നെ. 

കുറേ കഴിഞ്ഞപ്പോള്‍ സമയമായി. ഇപ്പോള്‍, തണുത്തു വിറക്കുന്ന ദോഹയുടെ മണ്ണിലാണ്. മണിക്കൂറുകള്‍ക്കു മുമ്പു വരെ നാട്ടിലായിരുന്നു. വീട്ടിലായിരുന്നു. എല്ലാവരുമുണ്ടായിരുന്നു അരികെ.. 

ഇതെന്റെ മാത്രം അനുഭവമാവില്ല. മിക്കവാറും എല്ലാ സാധാരണ പ്രവാസികളുടെയും അനുഭവം. പതിവുള്ളതാണ് ഇതെങ്കിലും, ഒരോ തവണയും ഉള്ളു വിങ്ങിപ്പോവാതിരിക്കില്ല, ഒരു പ്രവാസിയും. 
 

click me!