ഇനി ഉഴവൂര്‍ വിജയന്റെ കൂട്ടമണിയടികള്‍ ഇല്ലാത്ത രാഷ്ട്രീയകാലം

By അരുണ്‍ അശോകന്‍First Published Jul 23, 2017, 1:22 PM IST
Highlights

കേരള രാഷ്ട്രീയത്തില്‍ എന്‍സിപി ഒരു ചെറിയ പാര്‍ട്ടിയാണ്. എന്‍സിപിയുടെ കേരള നേതാക്കളെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് ചിലപ്പോള്‍ വെള്ളിമൂങ്ങ എന്ന സിനിമ ഓര്‍മ്മ വരും. അങ്ങ് അത്യുത്തര ദേശത്തെ ശരത് പവാറെന്ന നേതാവിനെ ചുറ്റി കേരളത്തില്‍ തിരിയുന്ന കുറേ ഉപഗ്രഹങ്ങള്‍. പക്ഷെ അതേ പാര്‍ട്ടിയുടെ നേതാവ് കേരളത്തിന്റെ ഏറ്റവും ജനപ്രിയനായിരുന്ന മുഖ്യമന്ത്രിയെ സധൈര്യം വിളിച്ചത് ചാണ്ടിമൂങ്ങയെന്നാണ്. സുധീരനെപ്പോലും കുപ്പിയിലിറക്കാന്‍ വിരുതുള്ള വെള്ളിമൂങ്ങയാണ് ഉമ്മന്‍ചാണ്ടിയെന്ന്, സ്വന്തം പാര്‍ട്ടിയുടെ ശക്തിയോ ജനപിന്തുണയോ നോക്കാതെ പറയാന്‍ ആര്‍ജ്ജവം ഉണ്ടായിരുന്ന ഒറ്റ നേതാവെ കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ, അത് ഉഴവൂര്‍ വിജയനാണ്. അങ്ങനെ ആരെയും പരിഹസിക്കാനുള്ളൊരു ലൈസന്‍സ് ഉഴവൂര്‍ വിജയന് കേരള ജനത നല്‍കിയിരുന്നുവെന്ന് തന്നെ പറയാം. രാജാവിന്റെ മുഖത്ത് നോക്കിപ്പോലും പരിഹാസം ഉതിര്‍ക്കാന്‍ ചിലര്‍ക്കൊക്കെ സ്വാതന്ത്ര്യം നല്‍കിയിരുന്ന കേരളം ഇന്നും അത് തുടര്‍ന്നതാണ്.  

കേരള ജനതയെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയനെന്ന് ഉഴവൂര്‍ തട്ടിവിട്ടത്. പിണറായിയെ നായക വേഷത്തില്‍ നിര്‍ത്തിയപ്പോള്‍ ആക്രമണത്തിന്റെ കൂരമ്പുകളേറ്റത് ഇന്ത്യയുടെ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്രമോദിക്ക്

തെരഞ്ഞെടുപ്പ് പ്രചാരണവും പ്രതിഷേധവും അടക്കം പരിപാടി എന്തായാലും എല്‍ഡിഎഫ് എന്ന വലിയ സംവിധാനത്തില്‍ ഉഴവൂര്‍ വിജയന്‍ ഒരു അവിഭാജ്യ ഘടകമായിരുന്നു. കടുകട്ടി വിപ്ലവ വാക്യങ്ങള്‍ക്കിടയില്‍ ജനങ്ങളെ പിടിച്ചിരുത്താനും എന്തെങ്കിലും വേണമല്ലോ? കഥയും കവിതയും ചിന്തയും സിനിമാ ഡയലോഗുമൊക്കെച്ചേര്‍ത്ത് നല്ലോണം വിളമ്പാന്‍ ഉഴവൂരിന് അറിയാമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ വിഎസ് കഴിഞ്ഞാല്‍ ഇടതുപക്ഷത്തെ താരമൂല്യമുള്ള പ്രാസംഗികനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ പ്രസംഗങ്ങള്‍ കേട്ട് അണികള്‍ മാത്രമല്ല, പിണറായി അടക്കമുള്ള ഗൗരവമുള്ള നേതാക്കള്‍ വരെ മന്ദഹാസം തൂകിയിട്ടുണ്ട്. അത്തരത്തില്‍ പിണറായിയെപ്പോലും ചിരിപ്പിച്ച പ്രസംഗമായിരുന്നു നോട്ട് നിരോധനത്തിന്റെ സമയത്ത് തിരുവനന്തപുരം ആര്‍ബിഐ ഓഫീസിന് മുന്നില്‍ നടന്ന സമരത്തിലേത്. കേരള ജനതയെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയനെന്ന് ഉഴവൂര്‍ തട്ടിവിട്ടത്. പിണറായിയെ നായക വേഷത്തില്‍ നിര്‍ത്തിയപ്പോള്‍ ആക്രമണത്തിന്റെ കൂരമ്പുകളേറ്റത് ഇന്ത്യയുടെ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്രമോദിക്ക്.

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരൊന്നും ഹൃദയസ്തംഭനം വന്ന് അത്ര പെട്ടെന്നൊന്നും മരിക്കരുതെന്നും, കിടന്നേ മരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഉഴവൂരിന്റെ അന്നത്തെ പ്രസംഗം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരൊക്കെ നരകത്തിലാകും പോകുകയെന്നും, അതിലും ബാബുവിനെ ദൈവം എണ്ണയില്‍ പൊരിച്ചെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു

ഇന്ത്യയുടെ മൂന്നിലൊന്നും കൈപ്പിടിയിലാക്കി നെഞ്ചുവിരിച്ച് നില്‍ക്കുന്ന ബിജെപിയുടെ സംസ്ഥാന നേതാക്കളെയും ഉഴവൂര്‍ വിട്ടില്ല. കുമ്മനത്തിനും കൂട്ടുനേതാക്കള്‍ക്കുമൊക്കെ കണക്കിന് പരിഹാസം കിട്ടി. കുമ്മനത്തിന്റെ രാഷ്ട്രീയത്തെ കണക്കിന് പരിഹസിക്കുമ്പോഴും വ്യക്തിപരമായി അദ്ദേഹത്തെ കുമ്മനം ചേട്ടന്‍ എന്നാണ് ഉഴവൂര്‍ പരാമര്‍ശിച്ചത്. അതാണ് പരിഹാസത്തിനിടയിലും ഉഴവൂരിനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ഇത്രമേല്‍ പരിഹസിച്ചൊരു നേതാവ് കേരളത്തില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നടത്തിയ പ്രസംഗം തന്നെ ഉത്തമ ഉദാഹരണം. യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരൊന്നും ഹൃദയസ്തംഭനം വന്ന് അത്ര പെട്ടെന്നൊന്നും മരിക്കരുതെന്നും, കിടന്നേ മരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഉഴവൂരിന്റെ അന്നത്തെ പ്രസംഗം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരൊക്കെ നരകത്തിലാകും പോകുകയെന്നും, അതിലും ബാബുവിനെ ദൈവം എണ്ണയില്‍ പൊരിച്ചെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരെ തെരുവുനായ്ക്കള്‍ കടിച്ചാല്‍ നായയ്ക്ക് പൊക്കിളിനു ചുറ്റും ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരുമെന്നായിരുന്നു മറ്റൊരു പരിഹാസം. സോളാര്‍ സമരകാലത്ത് അടക്കം ഉമ്മന്‍ചാണ്ടിയെ അതിരൂക്ഷമായി പരിഹസിച്ച ഉഴവൂര്‍ വിജയന്‍ ഉമ്മന്‍ചാണ്ടിക്കും, വയലാര്‍ രവിക്കുമൊക്കെ ഒപ്പം കെഎസ്‌യുവിലൂടെയാണ് രാഷ്രീയത്തിലേക്ക് എത്തിയതെന്നത് ചരിത്രം. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആന്റണിക്കൊപ്പം നിന്നു, കോണ്‍ഗ്രസ് എസ് ശരദ് പവാറിനൊപ്പം പോയപ്പോപ്പോള്‍ എന്‍സിപി നേതൃത്വത്തിലെത്തി. എന്‍സിപിയെന്ന ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവായിത്തന്നെ നിലകൊണ്ടു. പ്രസംഗത്തില്‍ ആക്രമിച്ചവരെയും വ്യക്തിപരമായി സ്‌നേഹിതരാക്കിത്തന്നെ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പിണറായിയെ വേദിയിലിരുത്തി വിജയനെന്ന് പേരുള്ളവര്‍ ജയിക്കാനായി ജനിച്ചവരാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 2000-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ എം മാണിക്കെതിരെ മത്സരിച്ച് തോറ്റു. എന്നാല്‍ ആ തോല്‍വിയെ ബെന്‍സിടിച്ചാണല്ലോ മരിച്ചത്, ഓട്ടോയിടിച്ച് അല്ലല്ലോയെന്ന പതിവ് ശൈലിയിലാണ് അദ്ദേഹം നേരിട്ടത്. പണ്ട് തോറ്റെന്ന് കരുതി ബാര്‍ കോഴ സമയത്ത് മാണിക്കെതിരായ പരിഹാസത്തിന്റെ മൂര്‍ച്ചയ്ക്ക് ഒട്ടും കുറവുണ്ടായില്ല. പാലാ ബസ് സ്റ്റോപ്പിന്റെ പേര്, ഇപ്പോള്‍ കോഴ ബസ് സ്റ്റോപ്പ് എന്നാണെന്നായിരുന്നു ഉഴവൂരിന്റെ അന്നത്തെ തമാശ.

കുറിക്കുകൊള്ളുന്ന നര്‍മ്മത്തിലൂടെ ജനങ്ങളെ കയ്യിലെടുത്ത നേതാക്കളുടെ ഒരു നിര കേരള രാഷ്ട്രീയത്തില്‍ നേരത്തെയുണ്ട്. ഇ കെ നായനാരും, ലോനപ്പന്‍ നമ്പാടനുമെല്ലാം അക്കാര്യത്തില്‍ വിജയന്റെ മുന്‍ഗാമികളാണ്. എന്നാല്‍ വാര്‍ത്താ ചാനലുകളുടെ പ്രളയകാലത്തില്‍ നര്‍മത്തിലൂടെ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ ആദ്യ അവസരം ലഭിച്ച നേതാവ് ഉഴവൂര്‍ വിജയനാണ്.

രാഷ്ട്രീയവും നര്‍മ്മവും ഉപേക്ഷിച്ച് അറുപത്തിയഞ്ചാം വയസ്സില്‍ ഈ കോട്ടയത്തുകാരന്‍ മടങ്ങുമ്പോള്‍ കേരളത്തിലെ ഒരു കൂട്ടം ചാനല്‍ പ്രവര്‍ത്തകരിലും നിറയുന്നത് വലിയ നഷ്ടബോധമാണ്. ചിത്രം വിചിത്രം, തിരുവാ എതിര്‍വാ, വക്രദൃഷ്ടി ടീമുകളൊക്കെ ഇനി എന്ത് ചെയ്യും. കേരള രാഷ്ട്രീയം ചിരിക്കുള്ള വകയൊന്നും നല്‍കാത്ത ദിവസങ്ങളില്‍ ഇവര്‍ക്ക് വാക്കുകളുടെ അക്ഷയപാത്രമായ മനുഷ്യനാണ് കാലയവനികയില്‍ മറഞ്ഞ് പോയത്. ഇനി നമുക്ക് മുന്നിലുള്ളത് ഉഴവൂര്‍ വിജയന്റെ ചിന്തയും ചിരിയും നിറയുന്ന കൂട്ടമണിയടികള്‍ ഇല്ലാത്ത രാഷ്ട്രീയകാലം.

click me!