രാത്രിയായി, ഇരുട്ടായി, പിന്നെ, പാലപ്പൂക്കളുടെ മണം പരന്നു...

Published : Nov 21, 2017, 04:58 PM ISTUpdated : Oct 05, 2018, 03:10 AM IST
രാത്രിയായി, ഇരുട്ടായി, പിന്നെ,  പാലപ്പൂക്കളുടെ മണം പരന്നു...

Synopsis

മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂത്തുലഞ്ഞു നില്‍ക്കുകയാണിപ്പോള്‍. വസന്താഗമനം വിളിച്ചറിയിക്കുന്ന പൂമണം. മാദകസുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലം പാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്. വൃശ്ചികത്തിലെ തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളിലാണ് നിറസുഗന്ധമായി പാലപ്പൂ മണം ഒഴുകിയിറങ്ങിത്തുടങ്ങുക. 

വൃശ്ചിക സന്ധ്യകളിലെ നനുത്ത കാറ്റിന് വശ്യതയേറെയാണ്. മാദകമായ പാലപ്പൂവിന്റെ ഗന്ധം. ഗന്ധര്‍വ സാന്നിധ്യമുണ്ടെന്ന് യക്ഷിക്കഥകളില്‍ കേട്ടിട്ടുള്ള ഏഴിലം പാല പൂക്കളുടേതാണത്. സന്ധ്യവിരിയും മുമ്പേ ഏഴിലം പാലപ്പൂക്കളുടെ മണം താഴേക്കെത്തും. യാത്രകളില്‍ പലരും ഈ സുഗന്ധത്തിന്റെ ഉറവിടം പരതുന്നത് കാണാം. റോഡരികുകളിലും കാവുകളിലും തലയുര്‍ത്തി നില്‍ക്കുന്ന ഏഴിലം പാലകളെയും അതിലെ പൂക്കളെയും പക്ഷെ പകല്‍ വെളിച്ചത്താരും ശ്രദ്ധിച്ചെന്നും വരില്ല. യക്ഷിക്കഥകളിലെ നിഗൂഢതകള്‍ പാര്‍ക്കുന്ന പാലകളില്‍ നിന്ന് പൂക്കളുടെ ആ സുഗന്ധം പകല്‍ വെളിച്ചത്ത് പുറത്തേക്ക് പരക്കില്ലെന്നതാണ് ചരുക്കം.

താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും 
ഏകാന്ത ചിന്തതന്‍ ചില്ലയില്‍ പൂവിടും 
ഏഴിലം പാലപ്പൂവായിരിക്കും...

ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍, വേളിമലയില്‍...

ഇങ്ങിനെ സിനിമാഗാനശകലങ്ങളില്‍ മാത്രമല്ല, പത്മരാജന്‍ ചിത്രമായ ഞാന്‍ ഗന്ധര്‍വനിലടക്കം ഒട്ടേറെ സിനിമകളിലും ഏഴിലം പാലയുടെ സാന്നിധ്യമുണ്ട്. കവികളെയും കഥാകൃത്തുക്കളെയും ഇത്രമേല്‍ സ്വാധീനിക്കാന്‍ ഏഴിലം പാലയില്‍ ഒളിഞ്ഞിരിക്കുന്ന ആ ഗന്ധര്‍വ ശക്തിയെന്തെന്ന് വൃശ്ചിക രാവുകള്‍ തെളിയിക്കുകയാണ്. കവികളുടെയും കലാകാരന്മാരുടെയും ഭാവനയെ തഴുകിയുണര്‍ത്തുന്ന പാലപ്പൂവിന്റെ മാദകഗന്ധം ചോരയോട്ടമുള്ള ഏതൊരാളിലും പ്രണയം വിരിയിക്കും. മേഘങ്ങളെ ആകര്‍ഷിച്ചു നിര്‍ത്താന്‍ കുടജ കുസുമത്തിനുള്ള കഴിവിനെപ്പറ്റി മേഘസന്ദേശത്തില്‍ കാളിദാസന്‍ പരാമര്‍ശിക്കുന്നുണ്ട്. പാലപൂത്ത പരിമളമെത്തുന്ന പാതിരാവുകളില്‍ സ്പന്ദിക്കുന്ന അസ്ഥിമാടത്തെപ്പറ്റി ചങ്ങമ്പുഴയും പാടി. പാലപ്പൂവിനെ കവിതകളിലും ഗാനങ്ങളിലും വയലാര്‍ വാഴ്ത്തിയതിന് കണക്കില്ല. 

മുത്തശ്ശിക്കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണിത്. അപ്പോസൈനേസി എന്ന സസ്യകുടുംബത്തിലെ അംഗം. പൂക്കളില്‍ അടങ്ങിയിട്ടുള്ള അല്‍സ്‌റ്റോണിന്‍ എന്ന ആല്‍ക്കലോയ്ഡ് ആണ് പൂക്കള്‍ക്ക് ഈ മാദകസുഗന്ധം നല്‍കുന്നത്. ഇലകള്‍ക്ക് ഏഴ് ഇതളുകള്‍ ഉള്ളതിനാല്‍ ആണ് ഏഴിലംപാല എന്ന പേര്‍ കിട്ടിയത്. മരത്തടികളിലും ഏഴ് ചുരുളുകള്‍ കാണാം. കൊമ്പുകളില്‍ കുലകളായാണ് പൂക്കള്‍ ഉണ്ടാവുന്നത്. ഓരോ പൂവും അരിമണിയോളം ചെറുതാണ്. ഇവയുടെ ഇത്തിരിക്കുമ്പിളില്‍ നിറയെ തേനുണ്ട്. തേനീച്ചകള്‍ക്കും പൂമ്പാറ്റകള്‍ക്കും പാലപ്പൂവിനോട് പ്രിയമേറെയാണ്. യക്ഷിപ്പാല, ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി വിവിധ പേരുകളിലും അറിയപ്പെടും. ഇംഗ്ലീഷില്‍ ഏഴിലം പാലയ്ക്ക് ഡെവിള്‍ ട്രീ എന്ന് പേരുണ്ട്.

ആയുര്‍വേദത്തില്‍ വാത, പിത്ത രോഗങ്ങള്‍ക്കും തൊലി, മലേറിയ, അള്‍സര്‍, അപസ്മാരം, ദഹനക്കുറവ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് പാലയുടെ ഇല, തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്. അമൃതാരിഷ്ടം, മഹാ തിക്തക ഘൃതം, മഹല്‍ പഞ്ചഗവ്യ ഘൃതം എന്നിവയിലെ ഒരു ഘടകമാണിത്. ത്വക് രോഗങ്ങള്‍ക്ക്  മരുന്നായും ഉപയോഗിക്കുന്നു. മലമ്പനി പിടിപെട്ടവര്‍ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം. എന്നാല്‍ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂര്‍ണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകള്‍ക്കും നല്ലതാണ്. പൂവ് പൊടിച്ച് മൂക്കില്‍ വലിച്ചാല്‍ തലവേദന മാറും. പല്ലില്‍ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാല്‍ വരുന്ന പാല് ദ്വാരത്തില്‍ ഒഴിച്ചാല്‍ മതി. വില്യം ബോറിക് എംഡിയുടെ ഹോമിയൊപ്പതിക് മെറ്റീരിയ മെഡിക്കയിലും ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. തുലാവിഷുവത്തിലെ സമരാത്രദിനവും കഴിഞ്ഞ് സൂര്യന് ദക്ഷിണായനം തുടരുമ്പോഴാണ് പാലകളില്‍ പൂക്കാലമെത്തുകയെന്നാണ് പഴമക്കാരുടെ കണക്ക്. 

മുത്തശ്ശിക്കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല. പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ച് പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നൊക്കെയുള്ള മുത്തശ്ശിക്കഥകള്‍ ആരിലും ഭീതി ഉയര്‍ത്തുന്നതായിരുന്നു. പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍ പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു. പാല പൂക്കുമ്പോള്‍ ആ മണമേറ്റ് പാമ്പുകള്‍ മരച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്. ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും പാലയുണ്ട് എന്നതാവാം അതിനു കാരണം. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!