വീടിനു നേരെ ബോംബാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഒരു  സിപിഎം നേതാവ് എഴുതി, 'വാണിമേലില്‍ ഇനി ഒരു ബോംബും പൊട്ടരുത്'

By Rasheed KPFirst Published Nov 17, 2016, 6:04 PM IST
Highlights

സ്വന്തം വീടിനു നേരെ നടന്ന ബോംബാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, നാദാപുരത്തിനടുത്ത് വാണിമേലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പ്രദീപ് കുമാര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: 'വാണിമേലില്‍ ഇനി ഒരു ബോംബും പൊട്ടരുത്'. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.കെ മൂസ മാസ്റ്റര്‍ ഈ സംഭവത്തെ പരാമര്‍ശിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു: 'നാം ജാഗ്രത വര്‍ദ്ധിപ്പിക്കണം. നാടിനെയും നാട്ടാരെയും വെല്ലുവിളിക്കുന്ന ഈ ഗുണ്ടാസംഘത്തെ പിടിച്ചു കെട്ടാന്‍ നമുക്ക് കഴിയണം.'

കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലുള്ള വാണിമേല്‍ പഞ്ചായത്തില്‍ വീണ്ടും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു നിന്നു പൊരുതാനാണ് ഇരുപക്ഷത്തെയും നേതാക്കള്‍ ഒന്നിച്ച് ഫേസ്ബുക്കിനെ ഉപയോഗിക്കുന്നത്. ഫേസ്ബുക്കില്‍ മാത്രമല്ല, നാട്ടിലാകെ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഏറെ കാലം പരസ്പരം ഏറ്റുമുട്ടിയ ഇരു പാര്‍ട്ടികളും. 

പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് മുതലടുക്കാന്‍ ചില ശക്തികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിറകിലെന്ന് സിപിഎം നേതാവ് ടി. പ്രദീപ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എന്തു വില കൊടുത്തും ഇവ ചെറുക്കും. പഴയ കാലം തിരിച്ചു കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. 

പ്രശ്‌നങ്ങള്‍ മുളയിലേ നുള്ളാനാണ രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രമമെന്ന് എന്‍.കെ മൂസ മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സിപിഎമ്മും ലീഗും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വാണിമേലില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നത്. അതിനി നടക്കില്ല. വാണിമേലിലെ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി ഈ ശ്രമത്തിനു പിന്നിലുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. 

വാണിമേല്‍ എന്ന പ്രദേശത്തെക്കുറിച്ചും രക്തം പുരണ്ട ആ നാടിന്റെ പഴങ്കഥകളെക്കുറിച്ചും അറിഞ്ഞാലേ ഇവര്‍ പറയുന്ന വാക്കുകളുടെ ആഴം നമുക്ക് മനസ്സിലാവൂ. 

വാണിമേലിന്റെ കഥ
വെറുമൊരു ഗ്രാമമല്ല വാണിമേല്‍. മുസ്‌ലിം ലീഗും സിപിഎമ്മും തമ്മിലുണ്ടായ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെടുകയും ചെയ്ത സ്ഥലമാണ്.  ഇവിടെ നിന്നുള്ള തീയാണ് പതിറ്റാണ്ടുകള്‍ മേഖലയിലാകെ കലാപം വിതച്ച്.  നാദാപുരത്തെ അക്രമങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു കുറേ കാലം മുമ്പു വരെ ഈ ഗ്രാമം. പതിറ്റാണ്ടിനു മുമ്പ്, രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഇവിടത്തെ ആക്രമ സംഭവങ്ങള്‍ക്ക് അറുതി വരുത്തിയത്. ചെറിയ പ്രശ്‌നമുണ്ടാവുമ്പോള്‍ തന്നെ ഇരു പക്ഷത്തെയും നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചു ചേര്‍ന്ന് സമാധാനത്തിനു വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇവിടെ സമാധാനം നിലനിര്‍ത്തിയത്. പില്‍ക്കാലത്ത് നാദാപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് കലാപങ്ങള്‍ പടര്‍ന്നിട്ടും സമാധാനത്തിന്റെ തുരുത്തായി ഉറച്ചു നില്‍ക്കുകയായിരുന്നു ഈ പ്രേദശം. 

വീണ്ടും സംഘര്‍ഷങ്ങള്‍
അതിനിടെയാണ്, പ്രദേശത്ത് വീണ്ടും സംഘര്‍ഷങ്ങളുണ്ടായത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29ന് വാണിമേല്‍ സംഘര്‍ഷങ്ങളിലെ ആദ്യ രക്ത സാക്ഷിയായ കെ.പി കുഞ്ഞിരാമന്റെ രക്തസാക്ഷി വാര്‍ഷികത്തോടനുബന്ധിച്ചാണ് ആദ്യ സംഘര്‍ഷം. പന്തം കൊളുത്തി പ്രകടനത്തിനു നേരെ കുളപ്പറമ്പില്‍ വെച്ച് ബോംബേറുണ്ടായി. പിറ്റേന്ന് ഘോഷയാത്രയ്ക്കു നേരെ കല്ലേറുമുണ്ടായി. ഇതിനെ ചൊല്ലി ചില്ലറ സംഘര്‍ഷങ്ങള്‍ ഉണ്ടായി. ചേലമുക്കില്‍ ബോംബേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അതിനു പിന്നാലെ പരപ്പുപാറയിലെ ടി.കെ കുഞ്ഞിക്കണ്ണന്റെ വീടിനു നേരെ ബോംബാക്രമണം. തൊട്ടുപിറകെ, എടപ്പള്ളി അമ്മദിന്റെ വീടിനു നേരെ ബോംബേറുണ്ടായി. മുസ്‌ലിം ലീഗ് നേതാവ് സി സൂപ്പി മാസ്റ്ററുടെ വീടിനു നേര്‍ക്കും ആക്രമണം നടന്നു. അതിനു പിന്നാലെയും പല ബോംബേറുകള്‍ നടന്നു. 

രക്തസാക്ഷി വാര്‍ഷികത്തോട് അനുബന്ധിച്ചുണ്ടായ ആദ്യ ബോംബേറു ഉണ്ടായ ഉടന്‍ തന്നെ വിവിധ പാര്‍ട്ടികള്‍ ഒന്നിച്ച് സമാധാന യോഗം ചേര്‍ന്നിരുന്നു. തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് യോഗത്തില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. അതിനു ശേഷമാണ് കല്ലേറും പിന്നാലെ ബോംബാക്രമണങ്ങളും നടന്നത്. ഈ സമയത്തെല്ലാം സിപിഎം, ലീഗ് നേതാക്കള്‍ ഒന്നിച്ചു ചേര്‍ന്ന് സമാധാനത്തിന് ശ്രമങ്ങള്‍ നടന്നു. സോഷ്യല്‍ മീഡിയ വഴിയും സമാധാന ശ്രമങ്ങള്‍ക്ക് നേതാക്കള്‍ ശ്രമിച്ചു. 

ഇതിനു പിന്നാലെയാണ്, പഞ്ചായത്തിലെ പ്രശ്‌നബാധിത പ്രശ്‌നങ്ങളില്‍ സിപിഎമ്മിന്റെയും ലീഗിന്റെയും പ്രവര്‍ത്തകര്‍ ഒന്നിച്ച് രാത്രി കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. മൂന്ന് ദിവസമായി രാത്രി കാവല്‍ സജീവമാണ്. പുലര്‍ച്ചെ വരെ കാവലിരുന്ന പ്രവര്‍ത്തകര്‍ മടങ്ങിയതിനു പിന്നാലെയാണ്  പ്രദീപ് കുമാറിന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നത്. ആണ്ടി മാസ്റ്ററുടെയും കണ്ടിയില്‍ മുഹമ്മദ് മാസ്റ്ററുടെയും നേതൃത്വത്തിലുള്ള സ്‌ക്വാഡ് പുലര്‍ച്ചെ രണ്ടു മണി വരെ ഇവിടെ ഉറക്കമൊഴിഞ്ഞ് കാവല്‍ നിന്നിരുന്നു. കാവല്‍ അവസാനിപ്പിച്ച് ഇവര്‍ വീടുകളിലേക്ക് മടങ്ങിയതിനു പിന്നാലെ, നാല് മണിക്കാണ് പ്രദീപ് കുമാറിന്റെ വീടിനു നേരെ ആക്രമണം നടന്നത്. 

ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ പറയുന്നത്
സ്വന്തം വീടിനു നേര്‍ക്കു നടന്ന ബോംബാക്രമണത്തിനു തൊട്ടു പിന്നാലെ ചെറുമോത്ത് എല്‍.പി സ്‌കൂള്‍ അധ്യാപകനും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പ്രദീപ് കുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതാ ഇവിടെ: 


പ്രദീപ് കുമാറിന്റെ വീടിനു നേെര നടന്ന അക്രമണത്തിന് എതിരെ മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എന്‍.കെ മൂസ മാസ്റ്റര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കൂടി കാണുക. 


ചോരക്കളിയുടെ പഴയ നാളുകള്‍ തിരിച്ചു വരരുത് എന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തി തന്നെയായിരുന്നു ഈ പോസ്റ്റുകള്‍ക്ക് ഊര്‍ജം പകര്‍ന്നത്. പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, മൂസ മാസ്റ്റര്‍ എഴുതിയ ഈ പോസ്റ്റിലും ആ മനസ്സുണ്ട്: 


ഒരു നാട് ഉറക്കമിളച്ച് കാവലിരിക്കുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിമേല്‍ക്കാരുടെ ഫേസ്ബുക്ക് ഗ്രൂപ്പായ 'വാണിമേല്‍ വോയ്‌സില്‍' നാടിന്റെ അശാന്തിയെ കുറിച്ച് ആശങ്കാകുലമായ ചര്‍ച്ചകള്‍ നടന്നിരുന്നു. സമാധാനത്തിന് വേണ്ടി ഒന്നിച്ച് രംഗത്തുവരാനും നിരവധി പേര്‍ ഒന്നിച്ചു രംഗത്തുവന്നു. പലപ്പോഴും വര്‍ഗീയമായി മാറിയ പഴയ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടുകള്‍ തിരിച്ചു വരാതിരിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന സന്ദേശമാണ് ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നത്. 

ചെറിയ തീപ്പൊരി കൊണ്ടു പോലും ആളിക്കത്തിയ ചരിത്രമാണ് ഈ നാടിനു പറയാനുള്ളത്. എന്നാല്‍, ഇനിയങ്ങനെ ആവില്ലെന്നാണ് ഇപ്പോള്‍ ഈ ദേശം പറയുന്നത്. സമാധാനം തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവയൊക്കെ ചെറുത്തു തോല്‍പ്പിക്കുമെന്നു തന്നെയാണ് ഈ ദേശത്തിന്റെ ശ്രമം. അതിനാല്‍, രാത്രി കാവല്‍ ദീര്‍ഘിപ്പിക്കാനാണ് ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പുതിയ ശ്രമം. സിപിഎമ്മിലെയും യലീഗിലെ പ്രവര്‍ത്തകര്‍ ഒന്നിച്ച് രണ്ടു ഷിഫ്റ്റായി നാടിന് കാവലിരിക്കാനാണ് പുതിയ തീരുമാനം. നാളെ മുതല്‍, വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ രണ്ട് ഷിഫ്റ്റുകളിലായി പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും പ്രശ്‌ന ബാധിത പ്രശ്‌നങ്ങളില്‍ ഉറക്കമിളച്ച് കാവല്‍ നില്‍ക്കും. ഏതെങ്കിലും വ്യക്തികള്‍ മാത്രം നടത്തുന്ന കാവല്‍ അല്ലിത്. ഒരു നാട് ഒന്നിച്ച് തങ്ങളുടെ ദേശത്തിന് കാവല്‍ നില്‍ക്കുകയാണ് ഇവിടെ. 

 

 

 

 

 

click me!