ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിഞ്ഞത് 28 വര്‍ഷം! നെറ്റിയിലെ ഈ സ്റ്റിക്കറിന് വലിയ പ്രാധാന്യമുണ്ട്

By Web TeamFirst Published Nov 8, 2018, 6:46 PM IST
Highlights

ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ട് റെസ്റ്റോറന്‍റ് മാനേജര്‍മാരുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഹിന്‍റണെ അറസ്റ്റ് ചെയ്തിരുന്നത്. ആ സമയത്ത് പതിനഞ്ച് മൈലുകള്‍ അകലെയുള്ള ഒരു ഗ്രോസറി ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 

അലബാമ: ഇത് റോയ് ഹിന്‍റണ്‍. അദ്ദേഹത്തിന്‍റെ നെറ്റിയില്‍ 'വോട്ട് ചെയ്തു' (voted) എന്നതിന്‍റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നതും കാണാം. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വോട്ടവകാശമടക്കം എല്ലാ അവകാശങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. കാരണം, ചെയ്യാത്ത കുറ്റത്തിന് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ഹിന്‍റണ്‍ തടവില്‍ കഴിഞ്ഞത് നീണ്ട 28 വര്‍ഷമാണ്.

അലബാമയില്‍, 28 വര്‍ഷമാണ് ഹിന്‍റണ്‍ തടവില്‍ കഴിഞ്ഞത്. ഈക്വല്‍ ജസ്റ്റിസ് ഇനിഷ്യേറ്റീവ് ആണ് ഹിന്‍റണെ പുറത്തിറക്കുന്നതിനായി നിയമസഹായം ചെയ്തത്. അവര്‍ തന്നെയാണ് വോട്ട് ചെയ്തിറങ്ങിയ ഹിന്‍റണിന്‍റെ ചിത്രവും ട്വീറ്റ് ചെയ്തിരിക്കുന്നത്. 

കൂടെ, ' മുപ്പത് വര്‍ഷത്തോളമായി ഹിന്‍റണ്‍ തന്‍റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് അലബാമയില്‍ വധശിക്ഷ കാത്തിരിക്കുകയായിരുന്നു. അതും ചെയ്യാത്ത കുറ്റത്തിന്. ഇന്ന്, രാവിലെ ഏഴ് മണിക്ക് തന്നെ അദ്ദേഹം എത്തി തന്‍റെ വോട്ട് ചെയ്തിരിക്കുന്നു' എന്നും എഴുതിയിരുന്നു. 

ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ട് റെസ്റ്റോറന്‍റ് മാനേജര്‍മാരുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഹിന്‍റണെ അറസ്റ്റ് ചെയ്തിരുന്നത്. ആ സമയത്ത് പതിനഞ്ച് മൈലുകള്‍ അകലെയുള്ള ഒരു ഗ്രോസറി ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അന്ന് വിരലടയാളമോ, ദൃസാക്ഷിയോ ഒന്നുമുണ്ടായിരുന്നില്ല. മരണകാരണമായ ബുള്ളറ്റ് ഹിന്‍റണിന്‍റെ അമ്മയുടെ കൈവശമുണ്ടായിരുന്ന റിവോള്‍വറില്‍ നിന്നുള്ളതാണ് എന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. 

പതിനഞ്ച് വര്‍ഷം മുമ്പാണ് 'ഈക്വല്‍ ജസ്റ്റിസ് ഇനിഷ്യേറ്റീവ്' ഹിന്‍ണിന്‍റെ കേസ് ഏറ്റെടുക്കുന്നത്. പിന്നെയും വര്‍ഷങ്ങളെടുത്തു നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ വെറുതെ വിടാന്‍. കൊലപാതകം നടക്കുന്ന സമയത്ത് ഹിന്‍റണ്‍ ജോലിയിലുണ്ടായിരുന്നുവെന്ന് അന്ന് തന്നെ അദ്ദേഹത്തിന്‍റെ മുതലാളി പറഞ്ഞിരുന്നുവെങ്കിലും മുഖവിലക്ക് എടുത്തിട്ടുണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിദഗ്ധ പരിശോധനയില്‍ മരണത്തിന് കാരണമായ ബുള്ളറ്റ് ഹിന്‍റണിന്‍റെ അമ്മയുടെ കൈവശമുണ്ടായിരുന്ന റിവോള്‍വറുമായി ചേരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. 

2015 -ലാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. ഹിന്‍റണിന്‍റെ ഈ ചിത്രം നിരപരാധിയായ ഒരു മനുഷ്യന് ലംഘിക്കപ്പെട്ട അവകാശങ്ങളെ കൂടി ഓര്‍മ്മിപ്പിക്കുന്നതാകുന്നു. അതുതന്നെയാണ് അതിന്‍റെ പ്രാധാന്യവും.
 

click me!