പോയതെല്ലാം തിരിച്ചെത്തും; ദുരിതാശ്വാസ ക്യാമ്പില്‍ 'ഹൃദയവാഹിനി' പാടിയ ഡേവിഡ് ചേട്ടൻ പറയുന്നു

By Sumam ThomasFirst Published Aug 22, 2018, 12:21 PM IST
Highlights

'ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായി...' എന്ന് ഇദ്ദേഹം പാടുമ്പോൾ അതിൽ സങ്കടങ്ങൾ കൂടി ഒഴുകിപ്പോകുന്നുണ്ട്. താമസിക്കുന്ന ക്യാമ്പിൽ നിന്ന് തൊട്ടടുത്ത തോട്ടകം ക്യാമ്പിൽ‌ വരെ പോയതായിരുന്നു അദ്ദേഹം. കൂടെ വിപിൻ ഐഗോ എന്ന കൂട്ടുകാരനും. സുഹൃത്തുക്കൾക്കൊപ്പമിരുന്നപ്പോൾ പാടിയതാണ്. വിപിനാണ് അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

എല്ലാം നഷ്ടപ്പെട്ട കുറെ മനുഷ്യർ. അവർക്കറിയാം തിരികെ ചെല്ലുമ്പോൾ കാത്തിരിക്കാൻ അവർക്കൊരു വീടില്ലെന്ന്. എന്നാലും അവർ തളർന്നു പോകുന്നില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്ന് അവർ ഒരേ സ്വരത്തിൽ പറയുന്നുണ്ട്,. അതുറപ്പാക്കുന്ന ചില കാഴ്ചകൾ കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കണ്ടത്. ആടിയും പാടിയും അവർ സങ്കടങ്ങളോട് മാറി നിൽക്കാൻ പറയുകയാണവര്‍. അങ്ങനെയൊരാളാണ് വൈക്കം വടയാർ വാഴമന സ്വദേശി ഡേവിഡ് ചേട്ടനും.

പാദം മൂടി വെള്ളം നിറ‍ഞ്ഞു കിടക്കുന്ന ഒരു ഹാളിലെ കസേരയിലിരുന്ന് ഡേവിഡ് ചേട്ടൻ പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ''ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായി...'' എന്ന് ഇദ്ദേഹം പാടുമ്പോൾ അതിൽ സങ്കടങ്ങൾ കൂടി ഒഴുകിപ്പോകുന്നുണ്ട്. താമസിക്കുന്ന ക്യാമ്പിൽ നിന്ന് തൊട്ടടുത്ത തോട്ടകം ക്യാമ്പിൽ‌ വരെ പോയതായിരുന്നു അദ്ദേഹം. കൂടെ വിപിൻ ഐഗോ എന്ന കൂട്ടുകാരനും. സുഹൃത്തുക്കൾക്കൊപ്പമിരുന്നപ്പോൾ പാടിയതാണ്. വിപിനാണ് അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളുടെ അതിജീവനത്തിന്റെ പാട്ടായിട്ടാണ് സോഷ്യൽ മീ‍ഡിയ ഇത് ഏറ്റെടുത്തിരിക്കുന്നത്.

പ്രളയജലം കയറിയിറങ്ങിപ്പോയ വീട്ടിൽ നിറയെ ചെളിയാണ്. വീട്ടിൽ നിന്ന് പ്രായമായ അമ്മയ്ക്കും സഹോദരിക്കും അവരുടെ മകൾക്കുമൊപ്പമാണ് ഇദ്ദേഹം ക്യാംപിലെത്തിയത്. വൈക്കം ഗേൾസ് ഹൈസ്കൂളിലെ ക്യാംപിലായിരുന്നു താമസം. ഇനി എപ്പോഴാണ് തരിച്ച് വീട്ടിലേക്ക് പോകാൻ പറ്റുന്നതെന്ന് ഇദ്ദേഹത്തിന് അറിയില്ല. എല്ലാം വൃത്തിയാക്കിയിട്ട് വേണം വീട്ടിൽ കയറാൻ എന്ന് ഡേവിഡ് ചേട്ടൻ പറയുന്നു. എല്ലാം ശരിയാകുമെന്നും.

പെയിന്റിംഗ് തൊഴിലാളിയായ ഇദ്ദേഹം പണ്ട് സ്റ്റേജ് പ്രോഗ്രാമുകളിലെ ഗായകനായി പോയിട്ടുണ്ട്. പിന്നീട് സംഗീതം ഉപജീവനത്തിന് വഴി തരില്ലെന്ന് തിരിച്ചറിഞ്ഞ് പെയിന്റിംഗ് ജോലിക്ക് പോയിത്തുടങ്ങി. എന്തായാലും ഉടനെയൊന്നും വീട്ടിലെക്ക് പോകാൻ സാധിക്കില്ല. അനിയന്റെ വീട്ടിലേക്ക് അമ്മയെ കൊണ്ടുചെന്നാക്കിയിട്ട് വീട് വൃത്തിയാക്കി പെയിന്റിംഗ് തുടങ്ങണം. ഡേവിഡ് ചേട്ടന് ഉറച്ച വിശ്വാസമുണ്ട്. പോയതെല്ലാം തിരിച്ചെത്തിക്കാമെന്ന്. ജീവിതം ഇങ്ങനെയും കൂടിയാണ് ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നൊരു ചൊല്ലുണ്ട്. ഏത് വലിയ ദുരന്തങ്ങൾക്കും ഒരു പരിസമാപ്തിയുണ്ടാകും. പ്രതീക്ഷയുടെ നാളങ്ങൾ അങ്ങനെയങ്ങ് കെട്ടുപോകില്ല. കടന്നുപോയ ഓരോ പ്രതിസന്ധികളും നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമതാണ്. 

click me!