നൃത്തം ചെയ്താല്‍ ആകാശം  ഇടിഞ്ഞുവീഴുമോ, നല്ലാങ്ങളമാരേ?

Published : Dec 06, 2017, 05:18 PM ISTUpdated : Oct 04, 2018, 07:25 PM IST
നൃത്തം ചെയ്താല്‍ ആകാശം  ഇടിഞ്ഞുവീഴുമോ, നല്ലാങ്ങളമാരേ?

Synopsis

ആട്ടവും പാട്ടും കണ്ട്  പെണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവര്‍ അറബ് കലാരൂപമായ ദഫ് മുട്ടിനെ തള്ളിപ്പറയില്ല.  നബി തിരുമേനി സ്ത്രീകളുടെ ദഫ് മുട്ടിനെ എതിര്‍ത്തിരുന്നതായി  അറിവില്ല. മാത്രമല്ല, ഒരു പെരുന്നാള്‍ ദിനത്തില്‍ നബി പത്‌നിയായ ആയിശയും കൂട്ടുകാരികളും ദഫ്ഫുമുട്ടി പാട്ടു പാടിയതിനെ  പ്രവാചകന്‍ പ്രോല്‍സാഹിപ്പിപ്പിച്ചതായ ചരിത്രം മുമ്പ് പഠിച്ചിട്ടുമുണ്ട്. 

കുറച്ച്ദിവസം മുമ്പ് മക്കളുടെ സ്‌കൂളില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ രസമുള്ള ഒരു കാഴ്ച കണ്ടു. അവിടെ അലയടിച്ച ഒരു അടിപൊളി പാട്ടിനൊപ്പം കുഞ്ഞിക്കാലും കൈയ്യും ഇളക്കി ഡാന്‍സ് ചെയ്യുന്ന ഒരു കുഞ്ഞുടുപ്പുകാരി. കഷ്ടിച്ച് രണ്ട് വയസ്സ് പ്രായം കാണും. അത് കണ്ട് അടുത്ത് കസേരയില്‍ ഇരിയ്ക്കുന്ന ബാപ്പയും പര്‍ദക്കാരി ഉമ്മയും  ചിരിച്ചു കൊണ്ട് കയ്യടിച്ചു കൊടുക്കുന്നു. അവിടെയുളള എല്ലാവരും ഇത് കണ്ടാസ്വദിക്കുന്നുമുണ്ട്. ഞങ്ങളും. എന്തൊരു രസമുളള കാഴ്ചയാണത്. ചൂടുപറക്കുന്ന മനസ്സുകളെ കുറച്ചു നേരത്തേക്കെങ്കിലും കുളിര്‍പ്പിക്കുന്നതല്ലേ ഇതൊക്കെ. അപ്പോള്‍ ഹസ്ബന്റ് എന്നോട് ചോദിച്ചു. ഈ കുട്ടി കുറച്ചു മുതിര്‍ന്നിട്ടാണ് ഇതുപോലെ ഡാന്‍സ് ചെയ്യുന്നതെങ്കില്‍ അവരിങ്ങനെയായിരിക്കുമോ പെരുമാറുക എന്ന്.

അത് കഴിഞ്ഞാണ് മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ്  നടത്തിയതിന്റെ ബാക്കിപത്രമായി വിശ്വാസത്തിന്റെ  സദാചാര 'ഫത്‌വകളും പൊക്കിപ്പിടിച്ച് നല്ലാങ്ങളമാരുടെ ഘോഷയാത്ര വരുന്നത്. അല്ല ആങ്ങളമാരേ, പെണ്‍കുട്ടികള്‍ നൃത്തം ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നാണോ നിങ്ങള്‍ ഭയക്കുന്നത്? 

സത്യത്തില്‍ എന്തിനാണ് നമ്മള്‍ ഇത്ര  വ്യാജന്‍മാരാവുന്നത്? സംഗീതവും താളവും ചുവടുകളുമെല്ലാം പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലുമെല്ലാം  അലിഞ്ഞു ചേര്‍ന്നതല്ലേ? പ്രത്യേകിച്ച് മനുഷ്യനില്‍? അതു കൊണ്ടല്ലേ കല്ലില്‍ നിന്നും കമ്പിയില്‍ നിന്നും മുളയില്‍ നിന്നും തുകലില്‍ നിന്നുമെല്ലാം  മനോഹരമായ ശബ്ദങ്ങള്‍ക്ക് ജന്മം നല്‍കിയത്.

പെണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവര്‍ അറബ് കലാരൂപമായ ദഫ് മുട്ടിനെ തള്ളിപ്പറയില്ല

കാടിന്റെ, കാറ്റിന്റെ, പുഴയുടെ, കടലിന്റെ എല്ലാം സംഗീതത്തെ കാതുകള്‍ കൊട്ടിയടച്ച് കേള്‍ക്കാതിരിക്കാനാവുമോ?  ഭൂമിയിലേക്ക് പിറന്നു വീഴുന്ന  നിമിഷംതൊട്ട് ഈ സംഗീതം നമ്മെ പൊതിയുന്നുണ്ട്. കുഞ്ഞിക്കൈകാലിട്ടടിച്ചും വായുവില്‍ താളമടിച്ചും അന്നു  തൊട്ടേ നമ്മള്‍ നൃത്തം ചെയ്യുന്നുണ്ട്. ആരാണത്  തടയാറ്?  മറിച്ച് ഏത് തരക്കാരും പ്രായക്കാരും കണ്‍നിറയെ ആസ്വദിക്കാറല്ലേ? പിന്നെ പിന്നെ നമ്മളില്‍  'അച്ചടക്കങ്ങള്‍' ശീലിപ്പിക്കുന്നു. മെരുക്കിയെടുക്കുന്നു.  അതില്‍ തന്നെ പെണ്‍കുട്ടികളെ  കൂടുതല്‍ 'അച്ചടക്ക 'മുളളവരാക്കുന്നു.  പാട്ടും കളികളും നിഷിദ്ധമായ ലോകത്തിലേക്ക് ഇടുക്കിക്കളയുന്നു. വരണ്ട ലോകവും ചിന്തകളുംകൊണ്ട് ചെറുപ്പത്തിലേ മാനസിക വാര്‍ധക്യത്തിലേക്ക്  തളളിയിടുന്നു. എത്ര സുന്ദരമായ ഒരു ലോകത്തെയാണ്  ഇവരില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നതെന്നറിയാമോ? സംഗീതവും ചുവടുകളും എത്രമേല്‍ മനുഷ്യരെ സൗന്ദര്യമുള്ളവരും ചുറുചുറുക്കുള്ളവരും ആക്കിത്തീര്‍ക്കും എന്നത് അനുഭവിച്ചറിയേണ്ട ഒന്നാണ്. 

സംഗീതം തന്നെ സമ്മാനിക്കുന്ന  വികാരങ്ങള്‍  പലതാണ്. ഒരു മുളന്തണ്ടില്‍ നിന്നൊഴുകി വരുന്ന രാഗം കണ്ണടച്ച് കേള്‍ക്കുമ്പോള്‍ മനസ്സങ്ങനെ ശാന്തമായി ഒഴുകുന്ന പുഴയാവും. എല്ലാ ദു:ഖങ്ങളും  ഉരുകിത്തീരുന്ന പോലെ.  നെഞ്ചിന്‍ കൂടിന്‍മേല്‍  പെരുമ്പറ കൊട്ടുന്ന അടിപൊളി പാട്ടുകേള്‍ക്കുമ്പോള്‍ ഏത് പ്രായക്കാരനും  തോന്നും  ഒന്ന്  ഇളകിയാടാന്‍. അല്ലെങ്കില്‍ ഒന്ന് കയ്യടിക്കാന്‍. ഇല്ലെന്ന് ആരെങ്കിലും പറയുമോ?  അങ്ങനെ പറയുന്നവര്‍  വ്യാജന്മാരാണെന്നേ ഞാന്‍ പറയൂ. നെഞ്ചിന്‍ കൂടില്‍  ആഞ്ഞടിക്കുന്ന  പാട്ടില്‍ ഒരു യൗവനമുണ്ട്. വിപ്ലവത്തിന്റെ കാഹളമുണ്ട്. സന്തോഷത്തിന്റെ തിരതള്ളലുണ്ട്. സ്‌നേഹത്തിന്റെ  ഇടകലരലുണ്ട്. 

ആട്ടവും പാട്ടും കണ്ട്  പെണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവര്‍ അറബ് കലാരൂപമായ ദഫ് മുട്ടിനെ തള്ളിപ്പറയില്ല.  നബി തിരുമേനി സ്ത്രീകളുടെ ദഫ് മുട്ടിനെ എതിര്‍ത്തിരുന്നതായി  അറിവില്ല. മാത്രമല്ല, ഒരു പെരുന്നാള്‍ ദിനത്തില്‍ നബി പത്‌നിയായ ആയിശയും കൂട്ടുകാരികളും ദഫ്ഫുമുട്ടി പാട്ടു പാടിയതിനെ  പ്രവാചകന്‍ പ്രോല്‍സാഹിപ്പിപ്പിച്ചതായ ചരിത്രം മുമ്പ് പഠിച്ചിട്ടുമുണ്ട്. 

അതു തന്നെയാണ്  പറഞ്ഞത്  സംഗീതവും ചുവടുകളും  മനുഷ്യനൊപ്പം ഉള്ളതാണ്. അത് ഓരോ നാടിന്റെ സംസ്‌കാരത്തിനുസരിച്ച്  വ്യത്യാസപ്പെട്ടിരിക്കുമെന്ന്  മാത്രം. അത് തടയുന്നവര്‍ ആരായാലും അവര്‍ മനുഷ്യന്റെ ജൈവ പ്രകൃതിയുടെ ശത്രുക്കളാണ്.  

അതു കൊണ്ട് അറബിയുടെ ദഫിനും ആഫ്രിക്കക്കാരന്റെ  ദ്രുതതാളത്തിനും  പടിഞ്ഞാറിന്റെ ഫ്യൂഷനും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന രാഗ താളങ്ങള്‍ക്കുമെല്ലാം നമ്മുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചുവടുകള്‍ വെയ്ക്കട്ടെ. മതജാതി ഭേദമന്യേ  യുവാക്കളും മധ്യവയസ്‌കരും പ്രായമായവരും എല്ലാം  സംഗീതത്തെയും ചുവടുകളെയും പ്രണയിക്കട്ടെ. മനസ്സിന്റെ ഇടുക്കങ്ങള്‍ വഴി മാറട്ടെ. സ്‌നേഹ സന്തോഷങ്ങള്‍ ഒഴുകിപ്പരക്കട്ടെ.
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി