
മൈസൂരിൽ ദസറ കാണാൻ പോയവർ അടുത്ത വർഷവും അവിടെ എത്താൻ കൊതിക്കും. അത്രക്ക് മനോഹരമാണ് കർണാടകയുടെ ആഘോഷനാളിൽ ഈ ചരിത്രനഗരം. ഈ വർഷത്തെ ദസറ എന്ന് പരതുന്നവർ അറിയുക. ദസറ അടുത്തെത്തിക്കഴിഞ്ഞു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദസറ ആഘോഷം വ്യാഴാഴ്ച തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കും. ദസറയുടെ വർണവെളിച്ചത്തിൽ മൈസൂർ കൊട്ടാരം കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ മൈസൂർ നഗരത്തിന്റെ യഥാർഥ സൗന്ദര്യം ആസ്വദിച്ചിട്ടില്ല.
വർണവെളിച്ചം മിഴിതുറക്കുന്ന രാവുകളിൽ മൈസൂരിന്റെ തെരുവുകളിൽ എത്തിയവർക്ക് ആ ദിനം മറക്കാൻ കഴിയില്ല. തിന്മക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ദസറ ആഘോഷിക്കുന്നത്. ചാമുണ്ഡികുന്നിൽ വെച്ച് ചാമുണ്ഡേശ്വരി ദേവി പോത്തിന്റെ തലയുള്ള മഹിഷാസുരൻ എന്ന ദുർദേവതയെ വധിച്ചതിന്റെ ഓർമപ്പെരുന്നാൾ കൂടിയാണ് കർണാടകക്കാർക്ക് ദസറ ആഘോഷം. വലിയ ഘോഷയാത്ര, സംഗീതം നിറച്ച പകലിരവുകൾ, നൃത്ത നൃത്ത്യങ്ങൾ, ടോർച്ച് പരേഡ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായുള്ള പരിപാടികളാണ്.
വിജയദശമി ദിനത്തിൽ ആഘോഷങ്ങൾക്ക് സമാപനമാകും. മൈസൂർ എന്ന പേര് തന്നെ ഉത്ഭവിച്ചത് മഹിഷാസുരന്‍റെ പേരിൽ നിന്നാണെന്നാണ് സങ്കൽപ്പം. മൈസൂർ കൊട്ടാരത്തെ വർണവെളിച്ചങ്ങളിൽ കുളിപ്പിച്ചുനിർത്തുന്നതാണ് ഈ ദിനങ്ങളിലെ പ്രധാന ദൃശ്യവിരുന്ന്. വൈകിട്ട് ഏഴ് മുതൽ രാത്രി പത്ത് വരെ ഒരു ലക്ഷം വർണ ബൾബുകളാണ് ഇൗ സമുച്ചയത്തെ സ്വപ്ന കൊട്ടാരമാക്കുന്നത്. 2010ൽ ദസറ ആഘോഷം 400 വർഷം പൂർത്തിയാക്കിയിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം