
കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
എന്തിനാണ് വിവാഹം കഴിക്കുന്നത് ? അഥവാ വിവാഹം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? അഞ്ജു ആന്റണി എഴുതുന്നു
വിവാഹവും കുടുംബജീവിതവും സ്ത്രീസമത്വവും എക്കാലത്തെയും ചൂടേറിയ ചര്‍ച്ചാവിഷയങ്ങളാണ്. ഇന്നത്തെ സമൂഹത്തില്‍ ഭയം മൂലം വിവാഹം തന്നെ ഒഴിവാക്കുന്നവരും അസഹനീയമായ ദാമ്പത്യ ബന്ധങ്ങളില്‍ നിന്നും രക്ഷപ്പെട്ടോടുന്നവരും അസംതൃപ്തിയുടെ കയ്പുനീര്‍ കുടിച്ചിറക്കി മക്കള്‍ക്കുവേണ്ടി മാത്രം വിവാഹജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നവരും എണ്ണത്തില്‍ പെരുകുമ്പോള്‍ ചില ചോദ്യങ്ങള്‍ വളരെ പ്രസക്തമാകുന്നു..
വിവാഹം എന്നത് ഒരു അനിവാര്യതയാണോ?
പഠനം പൂര്‍ത്തിയാക്കി ഒരു ജോലിയും നേടികഴിഞ്ഞാല്‍ പിന്നെ വിവാഹം എന്നതാണ് നമ്മുടെ നാട്ടുനടപ്പ്.. കല്യാണം എന്നത് ജീവിതലക്ഷ്യം എന്ന തരത്തില്‍ ചിന്തിക്കുന്ന വീട്ടുകാരും പ്രായം കടന്നിട്ടും കെട്ടാതെ നില്‍ക്കുന്നവര്‍ക്ക് 'കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന' മട്ടില്‍ അടക്കം പറഞ്ഞു ചിരിക്കുന്ന നാട്ടുകാരും 'പ്രായം കടന്നുപോയ' അവിവാഹിതര്‍ക്ക് ഉണ്ടാക്കുന്ന അലോസരങ്ങള്‍ ചെറുതല്ല..
ഒന്നു ചോദിക്കട്ടെ, വിവാഹപ്രായം എന്നൊന്നുണ്ടോ? പ്രായപൂര്‍ത്തിയായ ശേഷം മരണം വരെ എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിക്കാമെന്നിരിക്കെ , വിവാഹത്തിന് (അത് ഒന്നാമത്തെയോ മൂന്നാമത്തെയോ ആകട്ടെ) പ്രത്യേക പ്രായം നിശ്ചയിക്കേണ്ടതുണ്ടോ? താന്‍ എപ്പോള്‍ വിവാഹിതനാകണമെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമല്ലേ?
വിവാഹം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് എന്ന അഭിപ്രായം എനിക്കില്ല. അതുപോലെ വിവാഹം കഴിച്ചതുകൊണ്ട് ജീവിതം നരകമാകുമെന്നും ഞാന്‍ കരുതുന്നില്ല. ജീവിതം അവനവന്‍േറതാണ്. എന്തു തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ സ്വാതന്ത്ര്യം മറ്റാര്‍ക്കും അടിയറവ് വയ്ക്കരുതെന്നു മാത്രം.
എന്തിനാണ് വിവാഹം കഴിക്കുന്നത് ? അഥവാ വിവാഹം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
വിവാഹം കഴിക്കുവാനാഗ്രഹിക്കുന്ന ഓരോ ആണും പെണ്ണും സ്വയം ചോദിച്ചിരിക്കേണ്ട ചോദ്യം. ഏതൊരു സംരംഭവും, അത് ചെറുതോ വലുതോ ആകട്ടെ, തുടങ്ങുന്നതിനു മുന്‍പ് അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്താലാണ് ഏറ്റവും മികച്ച റിസള്‍ട്ട് ലഭിക്കുക.. ഒരായുഷ്‌ക്കാലത്തിന്റെ ബന്ധമായ വിവാഹവും ഇതുപോലെ മുന്‍കൂട്ടി ഗോള്‍ സെറ്റ് ചെയ്തു പ്ലാന്‍ ചെയ്യേണ്ട വിഷയമാണ്.. അല്ലെങ്കില്‍ വിജയിക്കില്ലെന്നു മാത്രമല്ല.. പരാജയം ഉറപ്പാണ്.
ഉദാഹരണത്തിന്, വിവാഹം എന്നത് തനിക്ക് വച്ചുവിളമ്പാനും താന്‍ പറയുന്നത് അനുസരിച്ച് ജീവിക്കാനും തന്നെ സ്‌നേഹിക്കാനും താന്‍ ചത്താല്‍ കരയാനും മാത്രമായി ഒരു പെണ്ണിനെ കൊണ്ടുവരുന്നതാണ് എന്ന പതിനാലാം നൂറ്റാണ്ടിലെ സങ്കല്‍പത്തില്‍ ഭ്രമിച്ചുവശായ ഒരാള്‍ അഭ്യസ്തവിദ്യയും ഉദ്യോഗസ്ഥയും ഉന്നത ചിന്താഗതിയുമുള്ള ഒരു പെണ്ണിനെ കെട്ടിയാല്‍ ജീവിതം എപ്പോള്‍ വഴിമുട്ടി എന്ന് ചോദിച്ചാല്‍ മതിയല്ലോ.
പങ്കാളിയെ തെരഞ്ഞെടുക്കുമ്പോ തെറ്റുപറ്റാതിരിക്കണമെങ്കില്‍ ഒരു വ്യക്തി സ്വയം നന്നായി മനസ്‌സിലാക്കിയിരിക്കണം.. തനിക്ക് എന്താണ് വേണ്ടതെന്നു വ്യക്തമായി പറയാന്‍ കഴിയാത്തിടത്തോളം പരാജയം ഒരുവന്റെ കൂടപ്പിറപ്പായിരിക്കും. അത് വിവാഹജീവിതത്തിലായാലും മറ്റെവിടെ ആയാലും. വ്യക്തികളുടെ സ്വഭാവസവിശേഷതകളും അഭിപ്രായങ്ങളും ചിന്താഗതികളുമൊക്കെ വിലയിരുത്തപ്പെടേണ്ട, താരതമ്യം ചെയ്യേപ്പെടേണ്ട വിവാഹക്കമ്പോളത്തില്‍ അവയേക്കാളേറെ ജാതിയും ജാതകവും ജോലിയും സമ്പത്തുമൊക്കെയാണ് ചര്‍ച്ചചെയ്യപ്പെടുന്നത് എന്നത് കുടുംബന്ധങ്ങളുടെ തകര്‍ച്ചയുമായി കൂട്ടി വായിക്കപ്പെടേണ്ടതാണ്.
പറഞ്ഞത് ഇത്ര മാത്രം. വിവാഹം കഴിക്കാന്‍ ഒരു കാരണം മാത്രം മതി. എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാള്‍. എല്ലാ അര്‍ത്ഥത്തിലും അതിനു പറ്റുന്നയാളെ കിട്ടിയാല്‍ മാത്രം കെട്ടിയാല്‍ മതിയെന്നേ. എല്ലാരും കഴിക്കുന്നകൊണ്ട് ഞാനും കഴിക്കുമെന്ന് പറയാന്‍ ഇതൊരു സമൂഹസദ്യ അല്ലല്ലോ. ജീവിതമല്ലേ..
വിവാഹം എന്നത് പെണ്ണിന് മാത്രം പ്രയാസങ്ങള്‍ സമ്മാനിക്കുന്ന ഒരേര്‍പ്പാടാണോ?
എന്റെയഭിപ്രായത്തില്‍ ആണിനും പെണ്ണിനും ഒരുപോലെ ഗുണവും ദോഷവുമുള്ള ഒന്നാണ് വിവാഹം. പിറന്ന വീടും പ്രിയപ്പെട്ടവരെയും വിട്ടു തികച്ചും വ്യത്യസ്ത സാഹചര്യത്തില്‍ സന്തോഷപൂര്‍വ്വം ജീവിക്കാനും ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു പോവാനുള്ള കഴിവാണ് പെണ്ണിനെ ആണില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.. അതിനായി അവള്‍ സഹിക്കുന്ന ത്യാഗത്തിന്റെ ഫലമാണ് അവളുടെ കുടുംബം. സ്വന്തം വീടെന്ന സ്വര്‍ഗ്ഗം ഓരോ പെണ്ണും ഉപേക്ഷിച്ചു വന്നതു കൊണ്ടുമാത്രമാണ് അവരുടെ കുഞ്ഞുങ്ങള്‍ ഇന്ന് മറ്റൊരു സ്വര്‍ഗ്ഗത്തില്‍ കഴിയുന്നത്.. എന്തെങ്കിലും നഷ്ടപ്പെടുത്താതെ ആരും ഇന്നോളം ഒന്നും നേടിയിട്ടില്ല എന്നതാണ് സത്യം..
ഇതേസമയം വിവാഹത്തോടെ പുരുഷന്‍ അവന്‍ അന്നോളം പിന്തുടര്‍ന്നിരുന്ന ജീവിതരീതിയില്‍ നിന്നും മാറി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാവുന്നു. ഒപ്പം അവന്റെ കുടുംബം തങ്ങളുടേതില്‍ നിന്നും നിന്നും വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്നും വന്ന പുതിയ അംഗത്തെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സജ്ജമാവുന്നു. ഈയവസരത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സൃഷ്ടിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ഭാര്യക്കും സ്വയം കുടുംബാംഗങ്ങള്‍ക്കുമിടയില്‍ സമാധാനം കാത്തു സൂക്ഷിക്കാനും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആണിന് നന്നായി പാടുപെടേണ്ടിവരും..
സ്ത്രീ പുരുഷ സമത്വം എന്ന ആശയം കുടുംബജീവിതത്തില്‍ പ്രായോഗികമാണോ?
സമസ്ത മേഖലകളിലും പുരുഷനോടൊപ്പം തന്നെ സ്ത്രീയും മുന്നേറിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിലും വീടിനുള്ളില്‍ സ്ത്രീക്ക് അടുക്കളക്കാരി പട്ടം ചാര്‍ത്തിക്കൊടുക്കുന്നതിനാണ് സമൂഹത്തിന് പൊതുവേ താല്പര്യം. Gender roles എന്ന പദം തന്നെ ഇക്കാലത്ത് അപ്രസക്തമാണ്. പ്രസവം എന്ന ജീവശാസ്ത്രപരമായ കഴിവ് സ്ത്രീയ്ക്കാണ് ഉള്ളത് എന്നതിനാല്‍ ശിശുപരിപാലനവും അവള്‍തന്നെ ചെയ്യണം എന്ന് തീരുമാനിച്ചത് ആരാണ? പ്രസവിച്ചവളെപ്പോലെ ജനിപ്പിച്ചവനും ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. കുട്ടികളുടെ വളര്‍ച്ചയിലും വിദ്യാഭ്യാസത്തിലുമെല്ലാം അച്ഛനമ്മമാര്‍ക്ക് തുല്യ ഉത്തരവാദിത്തമാണുള്ളത്. അല്ലാതെ അമ്മയ്‌ക്കോ അച്ഛനോ മാത്രമല്ല
ഇനി പാചകം, വീട്ടുജോലി തുടങ്ങിയ വിഷയങ്ങള്‍. വീട്ടില്‍ അമ്മയുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചു വളര്‍ന്ന മകന്‍ ഉദ്യോഗസ്ഥയായ ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ സമയമില്ലെന്ന് പരാതിപ്പെടുമ്പോള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് പാചകം എന്ന അടിസ്ഥാന കല പഠിപ്പിക്കാതെ മകനെ വളര്‍ത്തിവിട്ട അമ്മയെ തന്നെയാണെന്ന് പറയാന്‍ എനിക്ക് മടിയില്ല. പാചകം പെണ്ണിന്റെ ജോലിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ അമ്മ മകനെ പഠിപ്പിച്ചു വച്ചതല്ലേ. ആ അമ്മയുടെ മകന്‍ പെണ്ണെന്നാല്‍ അടുക്കളക്കാരിയാണെന്ന് ധരിച്ചാല്‍ അവനെ കുറ്റം പറയാന്‍ പറ്റുമോ?
പറയാനിത്രമാത്രം, കുടുംബം എന്നത് ഭാര്യാ ഭര്‍ത്താക്കന്മാരുടെ കൂട്ടുത്തരവാദിത്തമാണ്. സ്‌നേഹവും സന്തോഷവും ചുമതലകളും ഉത്തരവാദിത്തങ്ങളും ഒരുപോലെ പങ്കുവയ്ക്കാനുള്ള ഇടമാണ്. അവിടെ ആരും ആരുടേയും മുകളിലല്ല. താഴെയുമല്ല. ഒപ്പത്തിനൊപ്പമാണ്.
വിവാഹം കഴിഞ്ഞാല്‍ സ്വന്തം ഇഷ്ടങ്ങള്‍ ഉപേക്ഷിക്കേണ്ടി വരില്ലേ?
പങ്കാളിയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചാല്‍ ഈ ആശങ്ക ഒരു പരിധിവരെ ഒഴിവാക്കാം.സ്വന്തം അഭിരുചികള്‍ക്കും ഇഷ്ടനിഷ്ടങ്ങള്‍ക്കും യോജിച്ച ഇണയെ കണ്ടെത്താന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല. എന്നിരുന്നാലും വിവാഹിതരായവര്‍ക്ക് തങ്ങളുടെ പങ്കാളി ആയിരിക്കണം ഒന്നാമത്തെ പരിഗണന. ബാക്കിയുള്ള ഇഷ്ടങ്ങള്‍ അതിനു ശേഷവും. അല്ലാത്തപക്ഷം വിവാഹജീവിതത്തില്‍ ഉലച്ചിലുകള്‍ സ്വാഭാവികമാണ്.
ഇതിനൊരു മറുവശം കൂടിയുണ്ട്. തന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഒരു സ്വതന്ത്ര വ്യക്തിയാണെന്നും സമൂഹജീവിയാണെന്നും ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്ന പദവിക്കൊപ്പം മകന്‍, മകള്‍, സഹോദരന്‍, സഹോദരി തുടങ്ങിയ ഒരു പിടി ചുമതലകള്‍ അവര്‍ക്ക് സമൂഹത്തിലുണ്ടെന്നും പങ്കാളി അംഗീകരിക്കുന്നിടത്ത് വിവാഹജീവിതം ഏറ്റവും മനോഹരമായ അനുഭവമാകുന്നു. എല്ലാ അര്‍ത്ഥത്തിലും പരസപരം അംഗീകരിക്കാന്‍ കഴിയുമ്പോള്‍ വ്യക്തികളുടെ personal space വിലമതിക്കപ്പെടുന്നു. അങ്ങനെയൊരു ജീവിതത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ ബലികഴിക്കേണ്ടിവരുന്നുമില്ല.
ദമ്പതികളുടെ കുടുംബങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ഉള്ള പ്രാധാന്യം എന്താണ് ?
വിവാഹ ജീവിതത്തില്‍ മാതാപിതാക്കളും സഹോദരങ്ങളുമുള്‍പ്പെടുന്ന കുടുംബം പ്രധാനമെങ്കിലും പങ്കാളികളുടെ സ്വകാര്യജീവിതത്തില്‍ മൂന്നാമതൊരു ബാഹ്യ ഇടപെടല്‍ അനാവശ്യമാണ്. ഇരു കുടുംബങ്ങള്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം നല്‍കിക്കൊണ്ടുതന്നെ അകലം നിലനിര്‍ത്തുന്നതാണ് ആരോഗ്യകരം. നിസ്സാരപ്രശ്‌നങ്ങള്‍പോലും പരിഹരിക്കാനാവാത്തവിധം വഷളാകുന്നതിന് കുടുംബങ്ങളുടെ ഇടപെടല്‍ കരണമാവുന്നതാണ് പൊതുവേ കണ്ടുവരുന്ന പതിവ്.. ഇതിനൊരു മറുവശം ഉണ്ടെങ്കിലും ബാഹ്യ ഇടപെടല്‍ ദാമ്പത്യ ജീവിതത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
വിവാഹജീവിതത്തില്‍ മക്കള്‍ അനിവാര്യമാണോ?
തങ്ങളുടെ ജീവിതത്തില്‍ മക്കള്‍ വേണമോ, വേണമെങ്കില്‍ എത്ര കുട്ടികള്‍ ആവാം എന്നതെല്ലാം ദമ്പതികള്‍ തമ്മില്‍ ആലോചിച്ചു അഭിപ്രായസമന്വയത്തില്‍ എത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഒരേ നിലപാടുള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്നതാണ് കൂടുതല്‍ അഭികാമ്യം.
ചുരുക്കത്തില്‍, വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും വിജയം വിവാഹിതരാവുന്ന സ്ത്രീ പുരുഷന്‍മാരുടെ മനോഭാവത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. പ്രശ്‌നങ്ങള്‍ എല്ലായിടത്തും ഉണ്ടാവാം. പരിഹാരം ആരംഭിക്കേണ്ടത് അടിസ്ഥാനപരമായി ചിന്തകളില്‍ നിന്നാണ്. ചിന്തകള്‍ മാറാതെ മനോഭാവങ്ങള്‍ മാറില്ല.. മനോഭാവം മാറാതെ വ്യവസ്ഥിതികളും. അതിനാല്‍ കുടുംബങ്ങളെ ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളാക്കാന്‍ ഓരോരുത്തരും സ്വന്തം ചിന്തകളാണ് മാറ്റിയെടുക്കേണ്ടത്.. സമൂഹത്തിന് പിന്നെ മാറാതിരിക്കാനാവില്ല.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.