എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

By ദീപ സൈറFirst Published Aug 30, 2017, 4:36 PM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

വളര്‍ന്നു വരുന്ന ഏതൊരു പെണ്‍കുട്ടിയും വിവാഹത്തെക്കുറിച്ചു ചില നിര്‍വചനങ്ങള്‍ കേട്ടാണ് വളരുന്നത്. 

'മനസ്സും ശരീരവും ഒരാളില്‍ അര്‍പ്പിച്ച് അയാള്‍ക്ക് വേണ്ടി അയാളോടൊപ്പം ജീവിക്കേണ്ട ഒന്നാണ് വിവാഹജീവിതം. അയാളുടെ തെറ്റുകളെ ഭൂമിയോളം ക്ഷമയോടെ പൊറുക്കണം. എത്ര പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായാലും ഒരിക്കലും ഭര്‍തൃഗൃഹം  വിട്ടുപോന്ന് ചീത്തപ്പേര് കേള്‍പ്പിക്കുന്നവളാകരുത്.   ഭര്‍ത്താവിന്റെ വീട്ടുകാരെ ബഹുമാനിക്കണം, ഒച്ചയുയര്‍ത്തി സംസാരിക്കരുത്, അവരുടെ തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കണം. ഇതൊക്കെയാണ് സമൂഹം നിഷ്‌കര്‍ഷിക്കുന്ന ഉത്തമകുടുംബിനി'. 

വിവാഹത്തെ പറ്റി മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഇങ്ങനെ പലതും കേട്ടാണ് പെണ്‍കുട്ടികള്‍ വളരുന്നതും. 

വീടിനുള്ളില്‍ അടഞ്ഞു കിടന്നിരുന്ന പണ്ടത്തെ പെണ്‍കുട്ടികള്‍ ഇതിനോടെല്ലാം മാനസികമായി പൊരുത്തപ്പെട്ടിരിക്കാം. എന്നാല്‍, സ്വന്തമായി സമ്പാദിച്ച്, സ്വതന്ത്രമായി പറന്നു നടക്കുന്ന ഇന്നത്തെ പെണ്‍കുട്ടിക്ക് ഇതൊക്കെ  കേള്‍ക്കുമ്പോള്‍, സ്വന്തം ജീവിതം മറ്റൊരാള്‍ക്ക് തീറെഴുതി കൊടുക്കുന്ന ഒന്നാണ് വിവാഹം എന്ന തോന്നലാണ് ഉണ്ടാക്കുന്നത്. സ്വന്തത്തെ മറന്ന് ജീവിക്കേണ്ടി വരുന്നത് മരണതുല്യം എന്നവള്‍ കരുതിയാല്‍ പിന്നെ എങ്ങനെ കുറ്റം പറയാന്‍ ആകും?

മക്കള്‍ എന്നതിനു വിവാഹത്തില്‍ ഉള്ള സ്ഥാനമാണ് ഉണ്ടാകാവുന്ന മറ്റൊരാശയക്കുഴപ്പം. അമ്മയടക്കം  വീട്ടിലെ മറ്റു സ്ത്രീകളും ഒരു കുഞ്ഞിനെ പെറ്റ് പോറ്റി വളര്‍ത്തുന്ന പാടും പ്രയാസവും പറയുന്നത് കേള്‍ക്കുന്ന പെണ്‍കുട്ടികളില്‍ ചിലരെങ്കിലും കുഞ്ഞുങ്ങള്‍ എന്ന ബാധ്യതയില്‍ നിന്നു ഉള്‍വലിയാന്‍ പ്രേരിതരാകുന്നുണ്ട്. (Progenyless parents എന്ന ഒരു വിഭാഗം തന്നെ ഇന്നുണ്ടെന്നോര്‍ക്കുക) മറ്റൊന്ന് വിവാഹം കഴിഞ്ഞ അന്ന് മുതല്‍ കുഞ്ഞുണ്ടാവുന്നതിനെ കുറിച്ചു ദമ്പതികള്‍ നേരിടുന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍! അവിടെയും അവള്‍ മനസിലാക്കുന്നത് വിവാഹം എന്ന ഉടമ്പടിയില്‍ പ്രവേശിക്കുന്ന ഒരു സ്ത്രീയ്ക്ക്,  തനിക്കെപ്പോള്‍ ഒരു കുഞ്ഞു പിറക്കണം എന്ന് സ്വന്തമായി  തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു എന്നാണ്.
 
ജോലിക്കു പോകുന്ന സ്ത്രീകള്‍,പ്രത്യേകിച്ചു ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, വിവാഹത്തോട് ചേര്‍ന്ന് നിര്‍ബന്ധിതമായി അവളില്‍ അടിച്ചേല്‍പിക്കപ്പെടുന്ന പ്രത്യുത്പാദനദൗത്യത്തെ അവരുടെ ജോലിയെ ബാധിക്കുന്ന തലവേദനയായി കാണുന്നു.  വിവാഹത്തോടുള്ള വിമുഖത എറ്റവും അധികം കാണുന്നതും ഇവരില്‍ ആണ്.

മാറേണ്ടത് എന്ത്?
1. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണമെങ്കില്‍ ആദ്യം വേണ്ടത് വിവാഹത്തെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന നിര്‍വചനം തിരുത്തുക എന്നതാണ്. 
വിവാഹം അവളുടെ അവകാശങ്ങളെ പകുതിയായി കുറയ്ക്കുകയും കടമകളെ ഇരട്ടിയാക്കുകയും ചെയ്യുന്ന ഒന്നാണെന്ന  ചിന്ത പെണ്‍കുട്ടികളുടെ മനസ്സിലേക്ക് അടിച്ചേല്പിക്കാതെയിരിക്കുക. 

2.'സ്വം' എന്നതിന് എന്തിനെക്കാളും പ്രാധാന്യം ഉണ്ട് എന്നവള്‍ക്ക് പറഞ്ഞു കൊടുക്കുക. വിവാഹം എന്നാല്‍  തന്റെ ഇഷ്ടങ്ങള്‍ ഹോമിക്കുക എന്നല്ല ,മറിച്ചു ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ കൂടി കണക്കിലെടുത്തു പരസ്പരപൂരകങ്ങളായി ജീവിക്കുക എന്നതാണ്. 

3. താല്‍പ്പര്യമുള്ള എതെങ്കിലും മേഖലയില്‍ സദാ വ്യാപൃതയായി, ജോലിയില്‍ മിടുക്ക് തെളിയിക്കുന്ന, സ്വയംപര്യാപ്തയായ  സ്ത്രീ ഭര്‍തൃഗൃഹത്തില്‍ എന്നും ബഹുമാനിക്കപ്പെടുന്നവള്‍ ആയിരിക്കും. തന്റെ സ്ഥാനം അടുക്കളയാണെന്ന ധാരണ മാറ്റി, വിവാഹശേഷം ജോലിക്ക് പോവുക തുടങ്ങി അവളുടെ എല്ലാ ഇഷ്ടങ്ങളും നിബന്ധനകളും വിവാഹത്തിന് മുമ്പ് തന്നെ ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിച്ചു  ധാരണയില്‍ എത്താവുന്നതാണ്.

4. പുരുഷന്‍ എന്നത് സ്ത്രീയുടെ ശത്രുവല്ല മറിച്ച് സ്ത്രീയില്‍ നിന്നുണ്ടായ സ്ത്രീയുടെ തന്നെ ഒരു ഭാഗമാണ് അവന്‍. എല്ലാ പുരുഷന്മാരും സ്ത്രീയെ ബഹുമാനിക്കാത്തവരോ, പീഡിപ്പിക്കുന്നവരോ അല്ല എന്നും അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. 

5. നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും രീതിയില്‍ മാനസികമോ ശാരീരികമോ ആയ പീഡനങ്ങള്‍ ഭര്‍ത്താവില്‍ നിന്നുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്നും, ഏതു രീതിയില്‍ നിയമസഹായം തേടണമെന്നും  പരിശീലിപ്പിക്കാം. 

6. സ്ത്രീസുരക്ഷയ്ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും , ഗാര്‍ഹികപീഡനങ്ങള്‍ക്കെതിരെ ഉള്ള നിയമപഴുതുകളെ കുറിച്ചും എല്ലാ പെണ്‍കുട്ടികളും ടീനേജ് കാലം മുതല്‍ തന്നെ  അറിഞ്ഞിരിക്കണം. മദ്യപിച്ച് നിത്യവും ഉപദ്രവിക്കുന്ന ഭര്‍ത്താവിനെ നിലയ്ക്ക് നിര്‍ത്താന്‍ നിയമസഹായം തേടുന്ന എത്ര സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ ഉണ്ട്?  നിശ്ശബ്ദമായി ആ പീഡനം സഹിക്കുന്നവരാണ് ഏറെപ്പേരും. 'കരയാനും സഹിക്കാനും ഉള്ള ജന്മം' എന്ന തോന്നല്‍ അവളുടെ മനസ്സില്‍ നിന്നും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കേണ്ടതുണ്ട്. 

7. ലൈംഗികതയിലും, കുഞ്ഞുങ്ങള്‍ എപ്പോള്‍ വേണമെന്ന കാര്യത്തിലും അവളുടെ താല്‍പര്യങ്ങള്‍ കൂടി മാനിക്കപ്പെടേണ്ടതാണ് എന്ന അവബോധവും വളരെ ആവശ്യമാണ്.

വിവാഹേതരബന്ധങ്ങള്‍
അവിഹിതബന്ധങ്ങളും ഭര്‍ത്താവിനെ വിട്ടു കാമുകനൊപ്പം കുഞ്ഞുങ്ങളെ പോലും ഉപേക്ഷിച്ചു പോകുന്നതും പൊറുക്കാനാവാത്ത തെറ്റാണ്. അതു തിരിച്ചു പുരുഷന്‍ ചെയ്താലും തെറ്റു തന്നെ. സ്ത്രീ അതു ചെയ്താല്‍ 'കാമഭ്രാന്തും' , പുരുഷന്‍ ചെയ്യുമ്പോള്‍ 'ഭാര്യ സൈ്വര്യം കൊടുക്കാത്തതിനാല്‍ ഉള്ള നിവൃത്തികേടും' എന്ന രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്നതിലാണ് തെറ്റ്. മാംസനിബദ്ധമായ വിവാഹേതരബന്ധങ്ങള്‍  കുടുംബജീവിതത്തെയും അവരെത്തന്നെയും നശിപ്പിക്കുമെന്ന ബോധ്യം സ്ത്രീയ്ക്കും പുരുഷനും ഉണ്ടാകേണ്ടതാണ്.

പരപുരുഷബന്ധത്തില്‍ സ്ത്രീ അന്വേഷിക്കുക ഒരു ലൈംഗിക പങ്കാളിയെന്നതില്‍ ഉപരി  കരുതലോടെ അവളെ കേള്‍ക്കുന്ന, അവളിലെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു സുഹൃത്തിനെയാണ്. ഭാര്യാഭര്‍തൃബന്ധത്തില്‍ ചട്ടക്കൂടുകള്‍ വയ്ക്കാതെ പരസ്പരം ഒരു നല്ല സൗഹൃദവും കൂടി കാത്തുസൂക്ഷിക്കാനായാല്‍ വിവാഹേതരബന്ധങ്ങള്‍ പിന്നെന്തിന്? ഓരോ പുരുഷനും ചിന്തിക്കേണ്ട ഒന്നാണിത്.  

വിവാഹത്തെ സ്ത്രീ ഭയപ്പെടുന്നെങ്കില്‍, അതു സമൂഹം അവള്‍ക്കുള്ളില്‍ സൃഷ്ടിച്ച  അരക്ഷിതാബോധത്തിന്റെ ഫലമാണ്.  സ്വന്തത്തെ ത്യജിക്കാതെ വിവാഹജീവിതം ആസ്വദിക്കാന്‍ കഴിയുന്ന, ആത്മവിശ്വാസമുള്ള  പെണ്ണിനെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ കൂടി ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിന് കഴിയട്ടെ.  

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
 

click me!