ചൈനയിൽ ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയിൽ നിന്ന് പൈപ്പിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ വൈറലായി. ഭാര്യ അപ്രതീക്ഷിതമായി എത്തിയപ്പോൾ കാമുകൻ രക്ഷപ്പെടാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഈ സാഹസമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയിലെ ബാൽക്കണിയിലൂടെ പൈപ്പുകളിൽ പിടിച്ച് താഴേക്ക് ഇറങ്ങുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിചാരിച്ചതിലും നേരത്തെ ഭാര്യ വീട്ടിലെത്തിയപ്പോൾ ഭർത്താവ്, കാമുകിയോട് രക്ഷപ്പെടാൻ ആവശ്യപ്പെട്ടെന്നും പിന്നാലെ കാമുകി, പൈപ്പ് വഴി ഇറങ്ങി അയൽക്കാരന്‍റെ ജനാലവഴി രക്ഷപ്പെട്ടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സ്പൈഡർ ഗേൾ എന്ന വിശേഷണത്തോടെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നേരത്തെ എത്തിയ ഭാര്യ
കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അത്. പത്താം നിലയില്‍ നിന്നും ഒരു യുവതി പൈപ്പ് വഴി താഴേക്ക് പിടിച്ചിറങ്ങുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവതി ജനാലയില്‍ തൂങ്ങിക്കിടക്കുന്നത് കാണാം. ഷർട്ട് ധരിക്കാത്ത ഒരാൾ വന്ന് യുവതിയോട് എന്തോ പറയുന്നു. പിന്നാലെ യുവതി കെട്ടിടത്തിന്‍റെ പുറത്തേക്ക് ഇറങ്ങുകയും പൈപ്പ് വഴി താഴേക്ക് ഊർന്നിറങ്ങുകയും ചെയ്യുന്നു. ഒരുവേള അവർ കൈവിട്ട് താഴേക്ക് വീഴുമോയെന്ന ഭയം കാഴ്ചക്കാരിൽ ഉണ്ടാകുന്നു. എന്നാല്‍, തൊട്ടു താഴത്തെ നിലയിലെ അയൽക്കാരൻറെ ജനാലയിൽ തട്ടി വിളിച്ച യുവതിയെ വീട്ടുടമസ്ഥൻ വന്ന് പിടിച്ച് അകത്തേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. നവംബർ 30-ാണ് സംഭവമെന്ന് വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
‘സ്പൈഡർ ഗേളെ’ന്ന് സോഷ്യൽ മീഡിയ
വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്. ഒരു ട്വീസ്റ്റ് ഉണ്ടെന്നും യുവതിയെ രക്ഷിച്ചയാൾ ഭാര്യയെ വിളിച്ച് ഭർത്താവിന്‍റെ കാമുകി ഇവിടെയുണ്ടെന്ന് പറഞ്ഞെന്നുമായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റൊരാൾ അവർ ഇത്തരം രക്ഷപ്പെടലുകളില്‍ പരിചയ സമ്പന്നയാണെന്ന് എഴുതി. നിർണ്ണായക ഘട്ടത്തിൽ മരണത്തിന് പോലും കാരണമായേക്കാവുന്ന തരത്തിൽ കൈയൊഴിയുന്ന ഇത്തരം കാമുകന്മാരെ ഉപേക്ഷിക്കാൻ യുവതിയോട് മറ്റ് ചിലർ ഉപദേശിച്ചു.


