ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

By ഷെമിFirst Published Aug 29, 2017, 11:34 PM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

അവിഹിതം അല്ലെങ്കില്‍ ഒളിച്ചോട്ടം. ഈ വാക്കുകള്‍ കേട്ടാല്‍, വാര്‍ത്തകള്‍ അറിഞ്ഞാല്‍, അതിനു പിന്നാലെ ശാപം പിടിച്ച വാക്കുകള്‍ കൊണ്ടും വീട്ടുകാരെ കുറ്റം പറഞ്ഞുള്ള  ആക്രമണം കൊണ്ടും  സോഷ്യല്‍ മീഡിയയില്‍ ആഘോഷം നടത്തുന്നതണ് മലയാളിയുടെ ശരാശരി ചിന്താ ശേഷി. കൂടെ ഒരു പെണ്ണിന്റെ പച്ച മാംസം തിന്നാന്‍ കിട്ടിയതിന്റെ സന്തോഷം കൂടി ആവുമ്പോള്‍ പൊങ്കാല ഇടാന്‍ വാക്കുകള്‍ക്കാണോ ക്ഷാമം. പലപ്പോഴും ആലോചിക്കാറുണ്ട് പുരുഷാധിപത്യം നിലനില്‍ക്കുന്നത് കൊണ്ടല്ലേ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്തത് എന്ന്. 

ശരീര സുഖം മാത്രം തേടി മറുകണ്ടം ചാടുന്നവരെ കുറിച്ചല്ല, നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോവുന്ന സ്ത്രീകളെ കുറിച്ചാണ് പറയേണ്ടത്. കാരണം ഒരു അമ്മ, അവളെന്തു തന്നെ  ആയിക്കോട്ടെ, സ്വന്തം കുഞ്ഞിനെ വിട്ടു പിരിയുന്നതിലും വലിയ സങ്കടം അവള്‍ക്കനുഭവിക്കാനില്ല. നൊന്തുമുറിയാതെ അത്തരമൊരു തീരുമാനം എങ്ങനെ എടുക്കും. 

എന്നാല്‍ എനിക്ക് പറയാനുള്ളത് ഈ രണ്ടു കൂട്ടരെയും കുറിച്ചല്ല.  വേറെ വിവാഹം കഴിക്കാന്‍ ഉള്ള നിയമം ഉണ്ടായിട്ടും തന്റെ മക്കളെ ഓര്‍ത്തും ഇനി ഒരു പരീക്ഷണം കൂടി നേരിടാന്‍ കഴിയാത്തത് കൊണ്ടും ഉരുകി തീരുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ്. വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത്  അവിഹിത ബന്ധവും രണ്ടാമത് ഒരു വിവാഹവും ഇഷ്ടപ്പെടാത്തവര്‍. തന്റേതു മാത്രമായി ഒരു സന്തോഷം വേണ്ടെന്നു വെച്ചവര്‍. തന്റെ  കുടുംബത്തിനു താനൊരു ബാധ്യത ആവരുത് എന്നു കരുതി വിവാഹമോചനം കൂടി വേണ്ടാത്ത അല്ലെങ്കില്‍ അതിനു കൂടി വഴിയില്ലാതെ സ്വയം ബലി കൊടുക്കുന്നവര്‍. ആ പാഴ് ജന്മങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ 'ഇരകള്‍'.

പേടിയാണ് ഈ സ്ത്രീകള്‍ക്ക്. സ്വന്തം ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ കുടുംബത്തെ, സ്വന്തം വീട്ടുകാരെ, കൂടപിറപ്പുകളുടെ ജീവിതത്തെ

പേടിയാണ് ഈ സ്ത്രീകള്‍ക്ക്. സ്വന്തം ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ കുടുംബത്തെ, സ്വന്തം വീട്ടുകാരെ, കൂടപിറപ്പുകളുടെ ജീവിതത്തെ, മക്കളുടെ ഭാവിയെ, അന്യപുരുഷനുമായി അടുത്ത് ഇടപഴകിയാല്‍ മറ്റേ ബന്ധം എന്നു പറയുന്ന നാട്ടുകാരെ, എന്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചാലും അത് പെണ്ണിന്റെ കുറ്റം എന്ന്  അടച്ചാക്ഷേപിക്കുന്ന സമൂഹത്തെ.
      
എന്തിനും ഏതിനും സ്ത്രീ സുരക്ഷ എന്ന് മുറവിളി കൂട്ടുന്നവര്‍ ഓര്‍ക്കണം, ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നത് ശരിക്കുമുള്ള അവളുടെ സമ്മതത്തോടെ തന്നെയാണോ എന്ന്. അവള്‍ക്ക് വിവാഹ ശേഷം മാനസിക ശാരീരിക സുരക്ഷ കിട്ടുന്നുണ്ടോ എന്ന്. അനാഥര്‍ക്കും വൃദ്ധജനങ്ങള്‍ക്കും രോഗികള്‍ക്കും എല്ലാം പുനരധിവാസ കേന്ദങ്ങളും സംഘടനകളും ഉണ്ട്. എന്നാല്‍ ഈ വിഭാഗം സ്ത്രീകള്‍ക്ക് ആരുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ജീവപര്യന്തം തടവിനേക്കാള്‍ വേദനാജനകമാണ്. അറിയാതെ ഇഷ്ടമില്ലാത്ത ഒരാണിന്റെ കൈ ശരീരത്തില്‍ തട്ടിയാല്‍ പോലും അരോചകമാണ് പെണ്ണിന്. അങ്ങനെ ഉള്ള സ്ത്രീ ആജീവനാന്തം ഇഷ്ടമില്ലാത്ത പുരുഷന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിനു ആരാണ് കാരണക്കാര്‍?

ചെറിയ കാര്യങ്ങളില്‍ പോലും വിപരീത മനോഭാവം ഉള്ള, തന്റെ കണ്ണീരിലും വിഷമത്തിലും ആനന്ദം കണ്ടെത്തുന്ന പങ്കാളിയില്‍ പെണ്ണിന് എന്തു പ്രതീക്ഷയാണ് ഉണ്ടാവുക?  ഇങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി കൈ കോര്‍ക്കുക എന്നത് എത്രത്തോളം പ്രവര്‍ത്തികമാവും എന്ന് എനിക്കറിയില്ല. എങ്കിലും അതും അനിവാര്യമാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുമ്പോള്‍ അവളുടെ മനസ്സ് അറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. 

ദാമ്പത്യം നരകം  ആയതു കൊണ്ട് മാത്രം നെഞ്ചില്‍ കത്തി എരിയുന്ന വേദനയും വെച്ച്  ചിരി മുഖത്തു തേച്ചു പിടിപ്പിച്ചു നടക്കുന്ന അനേകം പേരുണ്ട് നമുക്കിടയില്‍. ശരീരത്തിനുള്ളില്‍ ഒരു മനസ്സ് പോലും നിഷേധിക്കാന്‍ വിധിക്കപ്പെട്ട ഇരകള്‍. തോറ്റു കൊടുക്കാന്‍ അവരുടെ ജീവിതം ഇനിയും ബാക്കി.

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
 

click me!