തൊഴിലില്ലായ്മയും പട്ടിണിയും, ഇന്ത്യയിലെ സാധാരണക്കാര്‍ അങ്ങേയറ്റം ദുരിതത്തില്‍...

By Web TeamFirst Published May 13, 2020, 12:01 PM IST
Highlights

നമ്മൾ ലോക്ക് ഡൗൺ കാലഘട്ടത്തിൽ, വണ്ണം വയ്ക്കുന്നതിന് കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ കണ്ടു. പക്ഷേ, യഥാർത്ഥത്തിൽ ഇന്ത്യയുടെ അവസ്ഥ ഇത് തന്നെയാണോ?

കൊവിഡ് 19 ഇന്ത്യയിൽ പിടിമുറുക്കുമ്പോൾ, രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ വറുതി ക്കാലത്ത് അനവധിപേർക്കാണ് ജോലി നഷ്ടമായത്. കുടുംബത്തിന് ആഹാരം പോലും വാങ്ങികൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ജനങ്ങൾ. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് അടുത്തകാലത്തായി നടന്ന ഒരു സർവ്വേ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം, അന്താരാഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ) പറഞ്ഞത്, ഈ മഹാമാരി കാരണം ഇന്ത്യയിലെ 40 കോടിയോളം വരുന്ന തൊഴിലാളികൾ പട്ടിണിയിലാകുമെന്നാണ്. എല്ലാ മേഖലയെയും ഇത് കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് സർവ്വേകൾ പറയുന്നത്. 

സർവ്വേ പ്രകാരം, ഈ മഹാമാരി സമയത്ത് മൂന്നിൽ രണ്ട് അഥവാ 67 ശതമാനം തൊഴിലാളികൾക്കും ജോലി നഷ്ടമായി. ഇന്ത്യയുടെ നഗരങ്ങളിൽ 10 തൊഴിലാളികളിൽ എട്ട് പേർക്കും ഗ്രാമീണ മേഖലയിലെ 10 തൊഴിലാളികളിൽ 6 പേർക്കും തൊഴിൽ നഷ്ടം രേഖപ്പെടുത്തുന്നു. 10 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി സഹകരിച്ച് അസിം പ്രേംജി സർവകലാശാല നടത്തിയ ഫോൺ സർവ്വേയിലാണ് ഇത് വ്യക്തമായത്. 4,000 -ത്തോളം ആളുകളെയാണ് ഇതിനായി ബന്ധപ്പെട്ടത്. നഗരങ്ങളിലെ സ്വയംതൊഴിൽ ചെയ്യുന്നവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്. അവരിൽ 84 ശതമാനം പേർക്കും ജോലി പോയി. തൊഴിൽ മേഖലയിൽ 76 ശതമാനം ശമ്പളക്കാരും 81 ശതമാനം കാഷ്വൽ തൊഴിലാളികളും ജോലി പോയി വീട്ടിലിരിപ്പാണ്. ഗ്രാമപ്രദേശങ്ങളിൽ 66 ശതമാനം കാഷ്വൽ കൂലിത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്യുന്നു. 62 ശതമാനം വരുന്ന ശമ്പള തൊഴിലാളികളുടെയും, 47 ശതമാനം ഗ്രാമീണ തൊഴിലാളികളുടെയും അവസ്ഥ ഇത് തന്നെ.  

കാർഷികേതര സ്വയംതൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിൽ 90 ശതമാനമാണ് കുറവുണ്ടായത്. അവരുടെ ശരാശരി പ്രതിവാര വരുമാനം 2,240 രൂപയിൽ നിന്ന് 218 രൂപയായി കുറഞ്ഞു. ഇപ്പോഴും ജോലി ചെയ്യുന്ന കാഷ്വൽ തൊഴിലാളികൾക്ക് ശരാശരി പ്രതിവാര വരുമാനം ഫെബ്രുവരിയിൽ 940 രൂപയിൽ നിന്ന് 495 രൂപയായി കുറഞ്ഞു. എല്ലാ ശമ്പളക്കാരായ തൊഴിലാളികളിൽ പകുതി പേർക്കും, പകുതി ശമ്പളമോ, അല്ലെങ്കിൽ ശമ്പളം ലഭിക്കാത്ത അവസ്ഥയോ ആണ് നിലനിൽക്കുന്നത്.  

നമ്മൾ ലോക്ക് ഡൗൺ കാലഘട്ടത്തിൽ, വണ്ണം വയ്ക്കുന്നതിന് കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ കണ്ടു. പക്ഷേ, യഥാർത്ഥത്തിൽ ഇന്ത്യയുടെ അവസ്ഥ ഇത് തന്നെയാണോ? പകുതിയോളം അതായത് 49 ശതമാനം വരുന്ന വീടുകൾക്കും ഒരാഴ്ചത്തെ അവശ്യവസ്തുക്കൾ പോലും വാങ്ങാൻ മതിയായ പണമില്ലെന്നാണ് സർവ്വേ പറയുന്നത്. അതേസമയം 80 ശതമാനം വരുന്ന നഗരവാസികളും, ഗ്രാമീണ മേഖലയിലെ 70 ശതമാനത്തോളം വരുന്ന ആളുകളും മുമ്പത്തേതിനേക്കാൾ കുറവ് ഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. സർവേ പ്രകാരം, ഇന്ത്യയിലെ ന​ഗരങ്ങളിൽ ദരിദ്രരായ കുടുംബങ്ങളിൽ മൂന്നിലൊന്ന് അല്ലെങ്കിൽ 36 ശതമാനം, സർക്കാരിൽ നിന്ന് കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റി എന്നാണ് പറയുന്നത്. ഗ്രാമങ്ങളിൽ 53 ശതമാനം കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭിച്ചു.

ഇങ്ങനെ പോയാൽ, ഇന്ത്യയ്ക്ക് എത്രത്തോളം പിടിച്ച് നില്ക്കാൻ കഴിയുമെന്നത് ഒരു ചോദ്യമാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തൊടു സംസാരിച്ചപ്പോൾ, ഈ മഹാമാരിയെ നേരിടാനായി, ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്.

click me!