ന്യൂയോര്‍ക്കില്‍, ഇന്ത്യന്‍ വിഭവങ്ങളുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ഒരു മുത്തശ്ശി

By Web TeamFirst Published Dec 5, 2018, 12:11 PM IST
Highlights

'അടുക്കളയില്‍ കയറുമ്പോള്‍ താന്‍ ഏതോ ലോകത്താണ് എന്ന് തോന്നും. ആ സമയം ഞാന്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാറില്ല. നൂറു ശതമാനം തനതായ രുചി നല്‍കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്.' യാമിനി പറയുന്നു.  
 

അറുപത്തിയാറുകാരിയായ യാമിനി ജോഷി, മുംബൈക്കാരിയാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസം. മാന്‍ഹാട്ടനിലുള്ള ഒരു ജ്വല്ലറിയിലാണ് യാമിനി ജോഷി ജോലി ചെയ്യുന്നത്. ആഴ്ചാവസാനങ്ങളിലും ഒഴിവു സമയങ്ങളിലുമായി മാസത്തില്‍ മൂന്ന് തവണ അവര്‍ ഒരു ക്ലാസെടുക്കുന്നുണ്ട്. എങ്ങനെയാണ് തന്‍റെ ഫാമിലി റെസിപ്പി ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്നതെന്ന് അവിടെയെത്തുന്നവരെ പഠിപ്പിക്കുകയാണ് യാമിനി.  

മാത്രമല്ല, 'ലീഗ് ഓഫ് കിച്ചണ്‍' എന്ന സ്ഥാപനത്തിലെ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് ഇവര്‍. ഓരോ നാട്ടിലെയും വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കുകയാണ് ലീഗ് ഓഫ് കിച്ചണ്‍ ചെയ്യുന്നത്. യാമിനി തന്‍റെ വീട്ടില്‍വെച്ചും ക്ലാസ് നല്‍കുന്നു. 

യു.കെയില്‍ മിക്കവരും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ, പുറത്ത് നിന്നും വരുത്തിക്കഴിക്കുകയോ ചെയ്യുന്നത് കൊണ്ട് അടുക്കള തന്നെ ഇല്ലാതാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതിനൊരു പ്രതിവിധി കൂടിയാണ് യാമിനിയെ പോലുള്ളവരുടെ ഈ അധ്യാപനം. 

'അടുക്കളയില്‍ കയറുമ്പോള്‍ താന്‍ ഏതോ ലോകത്താണ് എന്ന് തോന്നും. ആ സമയം ഞാന്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാറില്ല. നൂറു ശതമാനം തനതായ രുചി നല്‍കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്.' യാമിനി പറയുന്നു.  

യാമിനി ചെറുപ്പക്കാരെ ഈ വിഭവങ്ങളുണ്ടാക്കാന്‍ പഠിപ്പിക്കുകയും അതില്‍ നിന്ന് സമ്പാദിക്കുകയും ചെയ്യുന്നു. 'ജ്വല്ലറിയില്‍ നിന്നും ലഭിക്കുന്ന തുക പരിമിതമാണ്. കുക്കിങ്ങ് എനിക്ക് പാഷന്‍ കൂടിയാണ്. അതില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നു.' എന്നും യാമിനി പറയുന്നു.  

'മാസത്തില്‍ മൂന്ന് ദിവസമെങ്കിലും ക്ലാസുകളുണ്ടാകും. ഇന്ത്യന്‍ വിഭവങ്ങളിഷ്ടപ്പെടുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്. ഇത്തരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്‍റുകള്‍ പുറത്ത് എല്ലായിടത്തുമുണ്ട്. പത്തു ശതമാനം പേര്‍ മാത്രമാണ് വീട്ടില്‍ പാചകം ചെയ്യുന്നതിന് താല്‍പര്യമുള്ളവര്‍. വീട്ടിന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരുപാട് പണം ചെലവഴിക്കുന്നവരുണ്ട്.'

'സ്റ്റുഡന്‍റ്സാണ് ഏറെയും വരുന്നത്. അവര്‍ക്ക് ഇന്ത്യന്‍ വിഭവങ്ങളെ കുറിച്ച് എല്ലാമറിയാം. പക്ഷെ, എങ്ങനെയാണ് പ്രത്യേകം ഫ്ലേവറുണ്ടാകുന്നതെന്ന് അവര്‍ക്കറിയില്ല. അവരെ കൂടെ നിര്‍ത്തി എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്ന് പഠിപ്പിച്ചുകൊടുക്കും. വരുന്നവര്‍ക്ക് എങ്ങനെയാണ് പാചകം ചെയ്യുന്നതെന്നറിയില്ല. വീട്ടില്‍ നിന്ന് അത് പഠിച്ചിട്ടുമില്ല. വീട്ടില്‍ നിന്നും മുത്തശ്ശിമാരൊക്കെ പാചകം ചെയ്യുന്നത് കണ്ട് പഠിക്കണമെന്നും അത് എവിടെ പോയാലും നമ്മുടേതായ രുചി നമുക്ക് നല്‍കു'മെന്നും യാമിനി പറയുന്നു. 

ദോശ, ചോറ്, സാമ്പാര്‍ ഒക്കെ തയ്യാറാക്കാന്‍ യാമിനി തന്‍റെ ക്ലാസിലെത്തുന്നവരെ പരിശീലിപ്പിക്കുന്നു. ഒരു വീട് പോലെയാണ് യാമിനി മുത്തശ്ശിയുടെ ക്ലാസെന്ന് അവിടെ എത്തുന്ന സ്റ്റുഡന്‍റ്സും പറയുന്നു. 

click me!