ദില്ലിയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബെംഗളൂരു സ്വദേശിക്ക് മോശം വായു ശ്വസിച്ച്  ആരോഗ്യപ്രശ്നങ്ങൾ. 20 ദിവസത്തെ താമസത്തിനിടെ മൂക്കിൽ നിന്ന് രക്തം വന്നെന്നും ജലദോഷം പിടിപെട്ടെന്നും യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. ആളുകൾ ശുദ്ധവായു തേടി ദില്ലിയിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ്. ശുദ്ധ വായു തേടി ദില്ലിയില്‍ നിന്നുമെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ മൂലം ഉത്തരാഖണ്ഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തി, ആഴ്ചകളോളം ദില്ലി എന്‍സിആറിൽ താമസിക്കേണ്ടിവന്നതിന് പിന്നാലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്ന് ഒരു ബെംഗളൂരു സ്വദേശി കുറിച്ചത്.

ബെംഗളൂരുവിലേക്ക് മടങ്ങണം

ബെംഗളൂരുവിനെയും അവിടുത്തെ ഗുണനിലവാരമുള്ള വായുവിനെയും മിസ് ചെയ്യുന്നെന്ന തലക്കെട്ടോടെയാണ് യാവാവ് റെഡ്ഡിറ്റിൽ കുറിപ്പെഴുതിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായെത്തി ഏകദേശം 20 ദിവസമായി ദില്ലി എൻസിആറിൽ തമാസിക്കുകയാണെന്നും എത്തിയ ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്നും യുവാവ് എഴുതി. 20 ദിവസത്തെ താമസത്തിനിടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നെന്നും അന്ന് മുതൽ തനിക്ക് ജലദോഷം പിടിപെട്ടെന്നും യുവാവ് എഴുതുന്നു.

എന്‍റെ മൂക്കിൽ നിന്നും ജീവിതത്തിൽ ഇതുവരെയായി ഇത്രയധികം രക്തം വന്നിട്ടില്ലെന്നും യുവാവ് തന്‍റെ റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നു. എൻ‌സി‌ആറിൽ പോകുന്നത് വാതകം ശ്വസിക്കുന്നത് പോലെയാണ്, എല്ലാം അവസാനിച്ചുവെന്ന് കരുതിയപ്പോഴാണ് രക്തം വരുന്ന മൂക്കുമായി വീട്ടിലേക്ക് കയറിയതെന്നും തനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങാൻ അതിയായ ആഗ്രഹമുണ്ടെന്നും യുവാവ് എഴുതുന്നു. ഒപ്പം താൻ ഈ കുറിപ്പ് ദില്ലി ഫോറങ്ങളിൽ പങ്കുവച്ചാൽ അത് നെഗറ്റീവ് കമൻറുകൾക്ക് കാരണമാകുമെന്നും അതിനാൽ ബെംഗളൂരുവിനെ പ്രശംസിക്കാനായി താനിത് പങ്കുവയ്ക്കുന്നെന്നും അദ്ദേഹം കുറിച്ചു.

ഗുണ നിലവാരമില്ലാത്ത വായു

കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടി. അതേസമയം ചിലർ ദില്ലി - ബെംഗളൂരു വായു ഗുണനിലവാര താരതമ്യത്തിൽ സംശയം പ്രകടിപ്പിച്ചു. ദില്ലിയുടെ അത്രയും മേശമല്ലെങ്കിലും ബെംഗളൂരുവിലെ വായുവും ഗുണം കുറഞ്ഞതാണെന്നും പലർക്കും പുകമഞ്ഞ് കാരണം ചുമയും ആസ്മയുമുണ്ടെന്നും നിരവധി പേരെഴുതി. ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം വളരെ താഴെയാണെന്ന് നിരവധി പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് കൊണ്ടെഴുതിയത്.