14 ടയറുള്ള ട്രക്കില്‍ ഒരു ലോഡ് മദ്യവുമായി  വാളയാര്‍ കടന്ന് അവള്‍ എത്തി, കൂളായി!

By Web DeskFirst Published May 24, 2016, 7:15 AM IST
Highlights

പാലക്കാട്: പാലക്കാട്ടെ  ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് പുറത്തുനിന്ന് മദ്യം എത്തുന്നത് പതിവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം അവിടെ ഒരു ലോഡ് മദ്യവുമായി എത്തിയ ലോറി നാട്ടിലെങ്ങും പെട്ടെന്ന് ചര്‍ച്ചാ വിഷയമായി. ലോറിയല്ല, ലോറി ഡ്രൈവറായിരുന്നു വാര്‍ത്താ കേന്ദ്രം. 45 വയസ്സു പ്രായമുള്ള യോഗിത രഘുവംശി എന്ന സ്ത്രീ. രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍. 14 ടയറുകളുള്ള ലോറിയില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടിയാണ് യോഗിത കൂളായി പാലക്കാട്ടെത്തിയത്. 

വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ക്ക് മാത്രം പറ്റിയതെന്നു കാലാകാലങ്ങളായി പറഞ്ഞു വരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലേക്ക് യോഗിത എത്തിയത് 2000ലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോഴാണ്, രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ദുര്‍ഘടം പിടിച്ച ജോലി തെരഞ്ഞെടുത്തത്. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നു വരാത്ത ഈ വഴിയിലേക്ക് പിന്നെ ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗിത പറയുന്നു. 

ചില്ലറക്കാരിയല്ല യോഗിത. ഉത്തര്‍പ്രദേശില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ യുവതിക്ക്  കൊമേഴസിലും നിയമത്തിലുമായി രണ്ട് ബിരുദങ്ങളുണ്ട്. അഭിഭാഷകയാവാനായിരുന്നു മോഹം. അങ്ങിനെയാണ് അഭിഭാഷകനായ ഭോപ്പാല്‍ സ്വദേശിയുടെ വിവാഹാലോചന സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത് അയാള്‍ അഭിഭാഷകനല്ല. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് മക്കളെ പോറ്റുന്ന കാര്യം യോഗിതയുടെ ചുമലില്‍ വന്നു. ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി. ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷക വൃത്തി ചെയ്യാം. എന്നാല്‍, രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരാ. അതിനാല്‍, ട്രക്കിന്റെ വളയം പിടിക്കാന്‍ യോഗിത തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം. 

യോഗിതയുടെ മാതൃകയെ ഉശിരനൊരു ട്രക്ക് നല്‍കിയാണ് മഹീന്ദ്ര കമ്പനി ആദരിച്ചത്. ആദ്യമൊക്കെ തുറിച്ചു നോട്ടവും മോശം കമന്റുകളുമെല്ലാം നേരിടേണ്ടി വന്നിരുന്നുവെന്ന് യോഗിത പറയുന്നു. വൈകാതെതന്നെ ആണുങ്ങളുടെ മാത്രമായിരുന്ന ഈ ജോലിയെ വരുതിയിലാക്കാന്‍ താന്‍ പഠിച്ചതായും യോഗിത പറയുന്നു.


 

 


click me!