തോരാമഴയിലും കത്തുന്ന മഴക്കാടുകളില്‍; ഒരു നല്ല വായനക്കാരന്റെ ആത്മകഥയില്‍നിന്ന്

Published : Jun 20, 2026, 03:35 PM IST
jayan Madathil

Synopsis

വായിക്കുമ്പോള്‍ നാം ചിന്തിക്കുകയും ചിന്തിക്കുമ്പോള്‍ നാം എല്ലാ സിദ്ധാന്തങ്ങള്‍ക്കും പുറത്ത് കടക്കുകയും ചെയ്യുന്നു. എല്ലാ സിദ്ധാന്തങ്ങള്‍ക്കും അപ്പുറമാണ് ജീവിതം എന്ന തിരിച്ചറിവ് നല്ല പുസ്തകങ്ങള്‍, ഒരു നല്ല വായനക്കാരന് നല്‍കുന്നു.

പുസ്തകങ്ങള്‍ നമ്മോട് മൗനമായി സംവദിക്കുന്നു. മൗനത്തിന് ആത്മീയമായൊരു ഭാഷയുണ്ട്. എഴുത്തുകാരന്‍ വാക്കുകള്‍ക്കിടയില്‍ ചില മൗനങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ടാവും. ആ മൗനങ്ങളെ പൂരിപ്പിക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്. വായനക്കാരന്‍ കൃതിയുടെ ഉപഭോക്താവല്ല മറിച്ച് സ്രഷ്ടാവാണ്.

 

വായന ഒരു രഹസ്യമാണ്. ഒരാള്‍ ഒറ്റയ്ക്ക് ചെയ്യുന്ന പ്രവൃത്തിയാണത്. ഏകാന്തതയുടെ തീരത്തു നിന്ന് അയാള്‍ മറ്റാരുടെയൊക്കെയോ ജീവിതത്തിലേക്ക് രഹസ്യമായി നടത്തുന്ന യാത്ര.

വായനക്കാരന്‍ അവന്റെ ഹൃദയത്തില്‍ നിന്ന് എഴുത്തുകാരന്റെ ഹൃദയത്തിലേക്ക് ഒരു രഹസ്യ വാതായനം തുറന്നിടുന്നു. വീട്ടിലെ വായനാമുറിയിലായാലും പൊതു ലൈബ്രറിയില്‍ ഇരുന്നുകൊണ്ടുള്ള വായനയായാലും അതില്‍ ഒരു നിഗൂഢ സ്വഭാവമുണ്ട്. പുസ്തകങ്ങള്‍ നിര്‍ജീവമായ വസ്തുക്കളല്ല, അവയ്ക്കും ആത്മാവുണ്ട്. നമ്മള്‍ വായനയ്ക്ക് എടുക്കുന്നതുവരെ അവ നിര്‍ജീവ വസ്തുക്കളാണ്. വായന ആരംഭിക്കുന്നതോടെ അതിന് ജീവന്‍ വയ്ക്കുന്നു. അതിലെ കഥാപാത്രങ്ങള്‍ പുസ്തകത്താളുകളില്‍ നിന്ന് ഇറങ്ങി വന്ന് നമ്മോട് സംവദിക്കുന്നു. അതോടെ ഓരോ പുസ്തകത്താളുകള്‍ക്കും ജീവന്റെ തുടിപ്പുകള്‍ ഉണ്ടാകുന്നു. ഇതോടെ നിഗൂഢമായ ഒരു സൗന്ദര്യം നമ്മള്‍ ആസ്വദിക്കുന്നു.

ഓര്‍ക്കുക, പുസ്തകങ്ങളെ അലക്ഷ്യമായി വലിച്ചെറിയരുത് അവയ്ക്കും ആത്മാവുണ്ട്, ജീവനുണ്ട്. ഒരു പുസ്തകം നന്നായി വായിക്കാന്‍ ഒരാള്‍ അത് എഴുതുന്നതുപോലെ വായിക്കണമെന്ന് വെര്‍ജീനിയ വൂള്‍ഫ് പറയുന്നുണ്ട്. പൗരസ്ത്യ മീമാംസകര്‍ പറയുന്ന സഹൃദയത്വമാണത്. ഒരു നല്ല സഹൃദയന് മാത്രമേ നല്ലൊരു വായനക്കാരനാകാന്‍ കഴിയൂ. സഹൃദയന്‍ എന്നാല്‍ എഴുത്തുകാരന്റെ സമാനഹൃദയം ഉള്ളവന്‍ എന്ന് അര്‍ത്ഥം. ചിലപ്പോള്‍ എഴുത്തുകാരന്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് പുസ്തകത്തിന്റെ വായനയെ കൊണ്ടുപോകുന്നവനാണ് നല്ല വായനക്കാരന്‍. എഴുത്ത് അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് വായനക്കാരന്‍ പുസ്തകത്തിലെ വ്യംഗ്യാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് ആസ്വദിക്കുമ്പോഴാണ് എന്ന് ആചാര്യന്മാര്‍ പറഞ്ഞു വച്ചിട്ടുണ്ട്. കാവ്യരസം നുകരുമ്പോള്‍ വിറകില്‍ അഗ്‌നി എന്ന പോലെ അവന്റെ ഹൃദയത്തിലാകെ അഗ്‌നി പകരും എന്ന് ഭരതമുനി നാട്യശാസ്ത്രത്തില്‍ പറയുന്നു. ഹെരാക്ലീറ്റസ് നിരീക്ഷിച്ചപോലെ, ലോകത്തുള്ളതെല്ലാം വാക്കുകളില്‍ ഉത്ഭവിക്കുന്നു. വായനക്കാരായ നമ്മള്‍, വാക്കുകളെ ഖനിജം ചെയ്ത് പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അതേ, വായന ഒറ്റയ്ക്കുള്ള ഒരു രഹസ്യയാത്രയാണ്.

ഓരോ വായനയും ഒരര്‍ത്ഥത്തില്‍ അവനവനെത്തന്നെ തേടലാണ്. ഓരോ വായനക്കാരനും കത്തിച്ചു പിടിച്ച റാന്തല്‍ വിളക്കുമായി അവനവനിലേക്ക് രഹസ്യയാത്ര നടത്തുന്നു. ഇത് ഒറ്റയ്ക്കുള്ള ഒരു യാത്രയാണ്. യാത്രയിലെ അനുഭവങ്ങളെ, അറിവുകളെ അവന്‍ സ്വന്തം ജീവിതവുമായി ചേര്‍ത്തു വായിക്കുന്നു. വായിക്കുമ്പോള്‍ നാം ചിന്തിക്കുകയും ചിന്തിക്കുമ്പോള്‍ നാം എല്ലാ സിദ്ധാന്തങ്ങള്‍ക്കും പുറത്ത് കടക്കുകയും ചെയ്യുന്നു. എല്ലാ സിദ്ധാന്തങ്ങള്‍ക്കും അപ്പുറമാണ് ജീവിതം എന്ന തിരിച്ചറിവ് നല്ല പുസ്തകങ്ങള്‍, ഒരു നല്ല വായനക്കാരന് നല്‍കുന്നു. ഇത്തരം പുസ്തകങ്ങള്‍ വായനകാരന്റെ ശിരസിലേക്ക് ചുറ്റിക പ്രയോഗം നടത്തുന്നു. കസന്‍ദ്‌സാക്കീസിന്റെ ഫ്രാന്‍സിസ് ക്രിസ്തുവിനോട് പരാതിപ്പെടുന്നു;

'നിനക്ക് ഉത്ഥാനമുണ്ടായിരുന്നു. ഞാനാകട്ടെ എപ്പോഴും കുരിശില്‍.'

ക്രിസ്തു പുഞ്ചിരിച്ചു കൊണ്ട് പറയുന്നുണ്ട്;

'നിന്റെ കുരിശാരോഹണം തന്നെ നിന്റെ ഉത്ഥാനം'

ഭാഷയ്ക്ക് കേള്‍ക്കാന്‍ കഴിയാത്തത് കേള്‍ക്കുന്ന ചെവിയും കാണാന്‍ കഴിയാത്തത് കാണുന്ന കണ്ണുമായി ഇവിടെ പുസ്തക വായന മാറുന്നു. ചില പുസ്തകങ്ങള്‍ വായനക്കാരന് മുന്നില്‍ നൃത്തം ചെയ്യും. അക്ഷരങ്ങളുടെ നൃത്തച്ചുവടുകള്‍ കൊണ്ട് വായനക്കാരനും അപ്പോള്‍ ചുവടു വച്ചു തുടങ്ങും. അപ്പോള്‍ നിഗൂഢ സൗന്ദര്യങ്ങള്‍ ഒന്നൊന്നായി വായനക്കാരന്റെ മുന്നില്‍ ഇതളുകള്‍ വിരിക്കും. അപ്പോള്‍ ലാവണ്യാനുഭൂതിയുടെ സഹസ്ര പദ്മദളങ്ങള്‍ വിടരുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങും. ചിലപ്പോള്‍ വായന പൊട്ടിത്തെറിച്ച സംഗീതമാകും. വായനക്കാരന്‍ അതുവരെ കേള്‍ക്കാത്ത സംഗീതമായി വായന അപ്പോള്‍ മാറും.

'ആയിരം പൂക്കളുള്ള റീത്തുമായി

ആര്‍ത്തു കരഞ്ഞ് നീയെത്തും

ഞാന്‍ മരിച്ചു കിടക്കുമ്പോള്‍

അതിലൊരു പൂ മതിയായിരുന്നു

ജീവിച്ചിരിക്കുമ്പോള്‍ എനിക്ക് വസന്തമാകാന്‍'

എന്ന് സോമന്‍ കടലൂര്‍ എഴുതുമ്പോള്‍ പൊട്ടിത്തെറിച്ച സംഗീതത്തിന്റെ വന്യമായ സൗന്ദര്യം നാം ആസ്വദിക്കുന്നു. വാക്കുകള്‍ തേടിയിറങ്ങിയ ദൈവത്തിന് ലഭിച്ചത് നക്ഷത്രങ്ങളായിരുന്നു എന്നും ദൈവം അത് കവികള്‍ക്കായി വീതിച്ചു കൊടുത്തതായും സില്‍വിയാ പ്ലാത്ത് എഴുതിയത് ഓര്‍മ്മയിലേക്ക് വരുന്നു.

വായന ഒരു തീര്‍ത്ഥാടനമാണ്. അപരന്റെ ലോകത്തിലേക്ക് നാം നടത്തുന്ന തീര്‍ത്ഥാടനം. ഈ യാത്രയുടെ വളവു തിരിവുകളിലെവിടെയൊക്കെയോ വച്ച് നാം നമ്മെ തന്നെ കണ്ടുമുട്ടും. ഈ തീര്‍ത്ഥാടനം ആരംഭിച്ചത് എന്നാണെന്ന് കൃത്യമായി ഓര്‍മ്മയില്ല. കുട്ടിക്കാലത്ത് വീട്, പൂമ്പാറ്റയും ബാലരമയും അമര്‍ചിത്രകഥകളും കൊണ്ട് നിറഞ്ഞിരുന്നു. മാമനും അച്ഛനും നന്നായി വായിക്കുമായിരുന്നു.

മാമന്റെ വീട് നിറയെ പുസ്തകങ്ങളായിരുന്നു. വീട്ടില്‍ വരുമ്പോഴൊക്കെ മാമന്‍ വായിക്കാന്‍ എന്തെങ്കിലുമൊക്കെ കൊണ്ടുവരുമായിരുന്നു. യുറീക്കയും ബാലമാസികകളും വീട്ടില്‍ വരുത്തിച്ച് എന്റെ വായനാ കൗതുകത്തെ മാമന്‍ ജ്വലിപ്പിച്ചു. ബാലരമയും പൂമ്പാറ്റയും യുറീക്കയും അമര്‍ചിത്രക്രഥകളും എനിക്ക് അനുവദിച്ചു തന്ന ഭിത്തിയിലെ തടിയലമാരയില്‍ വായന കഴിഞ്ഞ് കൃത്യമായി അടുക്കിവച്ചു. ഇടയ്ക്കിടെ ആ പുസ്തകങ്ങളെ നോക്കി ഞാന്‍ അഭിമാനിയായി. പിന്നീട് സ്‌കൂളില്‍ കൊണ്ടുപോകുന്ന അലൂമിനിയം പെട്ടിയില്‍ അവ ഒളിച്ചുകടത്തി. കൂട്ടുകാരെ കാണിച്ച് കൊതിപ്പിച്ചു.

ഒരിക്കല്‍ സാമൂഹ്യപാഠം പഠിപ്പിക്കുന്ന സത്യാനന്ദന്‍ സാര്‍ കയ്യോടെ പിടിവീണു. അടി പ്രതീക്ഷിച്ച ഞാന്‍ പക്ഷേ, സാറിന്റെ കൊമ്പന്‍ മീശയ്ക്ക് താഴെ ഒളിച്ചിരുന്ന ചുണ്ടുകളില്‍ വാത്സല്യച്ചിരി വിടരുന്നത് കണ്ട് ദീര്‍ഘനിശ്വാസം വിട്ടു. പിന്നീട് സാര്‍ എന്നെ കാത്തിരിക്കാന്‍ തുടങ്ങി. കുട്ടികളെക്കൊണ്ട് പാഠപുസ്തകം വായിപ്പിക്കുമ്പോള്‍ സാറ് എന്റെ പെട്ടിയിലെ പൂമ്പാറ്റയും ബാലരമയും വായിച്ച് രസിച്ചിരുന്നു.

വൈകുന്നേരങ്ങളില്‍ ഞാന്‍ പഠിച്ചിരുന്ന കുന്നുംതറ യുപി സ്‌കൂളില്‍ നിന്ന് കന്നിട്ടക്കടവിലുള്ള പ്രോഗ്രസീവ് ഗ്രന്ഥശാലയിലേക്ക് ഓടും. അതൊരു ഡ്രാക്കുള കോട്ടയായിരുന്നു. ലൈബ്രേറിയന്‍ സുദര്‍ശനന്‍ അണ്ണന്‍ എത്തുന്നതും പ്രതീക്ഷിച്ച് വരാന്തയില്‍ നില്‍ക്കും. പേടിപ്പെടുത്തുന്ന ശബ്ദത്തോടെ വാതിലും ജനാലയും തുറക്കുന്നതോടെ ഉള്ളില്‍ നിന്ന് വവ്വാലുകളും നരിച്ചീറുകളും ബഹളമുണ്ടാക്കി പുറത്തേക്ക് പോകും. മരപ്പട്ടിയുടെ മൂത്രം ഖനീഭവച്ചു കിടക്കുന്ന വായനശാലയിലെ അലമാര തുറക്കുമ്പോള്‍ പുസ്തകത്തിന്റെ ഉന്മത്ത ഗന്ധം ഉള്ളിലേക്ക് അരിച്ചരിച്ച് കയറും. മണത്തും തലോടിയുമാണ് പുസ്തകങ്ങള്‍ എന്റെ ബാല്യകാല ചങ്ങാതികളായത്.

ഏകാന്തതയുടെ അമാവാസിയിലെ തുള്ളി വെളിച്ചമായിരുന്നു എനിക്ക് പുസ്തകങ്ങള്‍. കുറ്റാന്വേഷണ നോവലുകള്‍ പല തവണ ആവര്‍ത്തിച്ചു വായിച്ചു. പ്രണാബും പരമാരയും തോമസ് ടി അമ്പാട്ടും കോട്ടയം പുഷ്പനാഥും ഷെര്‍ലക് ഹോംസും അഗതാ ക്രിസ്റ്റിയും ഉള്ളിലെ ആകാംക്ഷയെ വളര്‍ത്തി. കഥയേക്കാള്‍ നോവലിലെ യുക്തിപരമായ നിരീക്ഷണങ്ങളാണ് എന്നെ സ്വാധീനിച്ചത്. രാത്രിയിലെ ഏകാന്തതകളില്‍ ഉദ്വേഗഭരിതമായ മിടിക്കുന്ന ഹൃദയത്തോടെ ഓരോ പുസ്തകവും വായിച്ചു തീര്‍ത്തു. പ്രണാബിന്റെ നോവലിലെ ഡിക്ടക്ടീവ് ഡോ. ബ്ലീറ്റ് എന്റെ ആദര്‍ശപുരുഷനായി. പുസ്തകങ്ങളിലും നോട് ബുക്കുകളിലും ഡോ. ബ്ലീറ്റിന്റെ രഹസ്യപ്പേരായ OBBO6 എന്ന് എന്റെ പേരിന്റെ സ്ഥാനത്ത് എഴുതി ചേര്‍ത്തു.

ഒരിക്കല്‍ ബ്രോംസ്‌ട്രോക്കറുടെ ഡ്രാക്കുള എന്ന തടിച്ച പുസ്തകം വായിക്കാനെടുത്തു. രാത്രിനിശബ്ദതയില്‍ വായിച്ചു തുടങ്ങിയ എന്നെ ഭയം വന്ന് മൂടാന്‍ തുടങ്ങി. പുസ്തകത്തിന്റെ നാലിലൊന്ന് ഭാഗം മാത്രമേ വായിക്കാന്‍ കഴിഞ്ഞിഉളൂ. പിന്നെ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള ഭയം കരിമ്പടം പോലെ മൂടാന്‍ തുടങ്ങി. ഇരുളും നിലാവും ചേര്‍ന്ന രാത്രികളില്‍ വാഴയിലയുടെ നിഴലനക്കം പോലും എന്നെ അസ്വസ്ഥനാക്കി. ഡ്രാക്കുളക്കോട്ടയില്‍ ഒറ്റപ്പെട്ടപോലെ ഞാന്‍ നിലവിളിച്ചു. പിന്‍കഴുത്തില്‍ രക്തക്കറ പറ്റിയിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ തൊട്ടു നോക്കി. ഒടുവില്‍ വായന ഉപേക്ഷിച്ച് പുസ്തകം തിരികെ കൊടുത്തു. രഹസ്യ വാതിലുകളിലൂടെ പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ വായനക്കാരനിലേക്ക് ഒളിച്ചു കടക്കാറുണ്ട് എന്ന് കുട്ടിയായിരുന്ന ഞാന്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

പുസ്തകം ചാരി നില്‍ക്കാനുള്ളതല്ല ചവച്ചു തിന്നാനുള്ളതാണെന്ന് എനിക്ക് പറഞ്ഞു തന്നത് പ്രൊഫ. എം. എന്‍. വിജയനാണ്. വായനയുടെ ഒരു വലിയ കെമിസ്ട്രി വിജയന്‍ മാഷിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. വായന ഒരു ലഹരിപോലെ എന്നെ പിടികൂടിയിരുന്നു. വേനല്‍ അവധിക്കാലത്ത് നാട്ടിലെ ലൈബ്രറികള്‍ തോറും ഒരു അവധൂതനെ പോലെ അലഞ്ഞു. ഒട്ടേറെ എഴുത്തുകാര്‍ എന്റെ വായനയുടെ ലോകത്തിലേക്ക് അഭിജാത ഗൗരവത്തോടെ കടന്നുവന്നു. അക്ഷരങ്ങളുടെ മാന്ത്രിക വെളിച്ചം എന്നിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഹൈസ്‌കൂള്‍ പഠനകാലത്ത് സ്‌കൂളില്‍ അടഞ്ഞു കിടന്ന ലൈബ്രറി മലയാളം അധ്യാപകന്‍ ഓമനക്കുട്ടന്‍പിള്ള സാര്‍ തുറന്നു തന്നു. ഏറെക്കാലം അടച്ചിട്ടിരുന്ന ലൈബ്രറിയില്‍ മാറാലയും നരിച്ചീറും നിറഞ്ഞിരുന്നു. പുസ്തകങ്ങളുടെ ഗന്ധം അവിടെയും എന്നെ ഉന്മത്തനാക്കി. എംടിയെയും മാധവിക്കുട്ടിയെയും മുകുന്ദനെയും ബഷീറിനെയും ആവേശത്തോടെ വായിച്ചു. വായനയുടെ നിഗൂഢമായ ലോകം പിന്നീട് എനിക്ക് മുമ്പില്‍ തുറന്നു തന്നത് പ്രിഡിഗ്രിക്ക് മലയാളം പഠിപ്പിച്ച തെക്കുംഭാഗം സുരേഷ് സാറാണ്. മഹത്തായ സാഹിത്യം ഊമയുടെ നാക്കിന് അയവുവരുത്തുമെന്നും അന്ധന്റെ കണ്ണ് തുറപ്പിക്കുമെന്നും സാറ് ബോധ്യപ്പെടുത്തി തന്നു. ഒ.വി. വിജയന്റെ ഖസാക്കിലേക്ക് സാര്‍ ഞങ്ങളെ കൊണ്ടുപോയി. ഏകാധ്യാപക വിദ്യാലയത്തില്‍ രവി കുട്ടികളോട് പറഞ്ഞ പരിണാമ കഥ ഞങ്ങള്‍ക്കു മുമ്പില്‍ വളരെ നാടകീയമായി അവതരിപ്പിച്ചു. വായന എന്നത് വാക്കുകള്‍ക്ക് മുകളിലൂടെയുള്ള നടത്തയല്ലെന്നും അവയുടെ ആത്മാവിനെ ഗ്രഹിക്കലാണെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. പുസ്തകം തുറക്കാതെ ഇംഗ്ലീഷ് പഠിപ്പിച്ച താജുദ്ദീന്‍ സാറും എന്റെ വായനയെ വഴിതിരിച്ചു വിടുകയായിരുന്നു. പാഠപുസ്തകം വായിക്കുന്നതില്‍ നിന്ന് വഴിമാറി ക്ലാസില്‍ ഇവര്‍ പറയുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനായിരുന്നു എനിക്ക് താല്പര്യം.

ബിരുദ പഠനത്തിന് കൊല്ലം ശ്രീ നാരായണ കോളജില്‍ എത്തിയതോടെ കേരളത്തിലെ ഏറ്റവും സമ്പന്നമായ കൊല്ലം പബ്ലിക് ലൈബ്രറിയും കോളജിലെ ജനറല്‍ ലൈബ്രറിയും എനിക്ക് ഇഷ്ടപ്പെട്ട ഇടമായി മാറി. എഴുതപ്പെട്ട സംഗീതമായ പുസ്തകങ്ങളെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. മനോജ്, ജയകൃഷ്ണന്‍, സജിമോഹന്‍ തുടങ്ങിയ നാട്ടിലെ സുഹൃത്തുക്കള്‍ വായിക്കുന്നവരും വായനശാലയിലെ നിത്യസന്ദര്‍ശകരുമായിരുന്നു. വായിച്ച പുസ്തകങ്ങളെപ്പറ്റി ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തും വായനയുടെ പുതിയ വഴികള്‍ തേടി. ഒരാള്‍ ഒരു പുസ്തകം വായിച്ച മാതിരിയാകില്ല മറ്റുള്ളവര്‍ ആ പുസ്തകം വായിക്കുന്നത്.

ഒരു പുസ്തകത്തിന് പല വായനകള്‍ നടത്തിയ ഞങ്ങള്‍ വായനയുടെ ബഹുസ്വരത കണ്ടെത്തി. ഒരു പുസ്തകം പലരോട് ഒരു കാര്യമല്ല സംസാരിക്കുന്നത്. കാഫ്കയുടെ മെറ്റമോര്‍ഫോസിസ് അദ്ദേഹത്തിന്റെ സുഹൃത്ത് ഗുസ്തവ് യനോവ് വായിച്ചത് ആത്മീയവും ധാര്‍മ്മികവുമായ ഉള്ളടക്കത്തോടെയുള്ള അന്യാപദേശ കഥയായിട്ടാണ്. ബത്രോള്‍ഡ് ബ്രഹ്ത് അതില്‍ ദര്‍ശിച്ചത് ബോള്‍ഷെവിസമാണ്. വിമര്‍ശകനായ ജോര്‍ജ് ലൂക്കാച്ച്, ജീര്‍ണിച്ച ബൂര്‍ഷ്വാമൂല്യങ്ങളുടെ ഉപോല്പന്നമായാണ് വായിച്ചത്. വായനയുടെ വ്യത്യസ്ത രസനകളായിരുന്നു അവ ഓരോന്നും.

ഗ്രന്ഥകര്‍ത്താവിന്റെ സഹായത്തോടെ വായനക്കാരന്‍ നടത്തുന്ന പുന:സൃഷ്ടിയാണ് വായന എന്ന് നിര്‍വചിച്ചുകൊണ്ട് സാര്‍ത്ര് വായനയെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു. വായനയിലൂടെ യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ വലിയ യാഥാര്‍ത്ഥ്യങ്ങളെയും നമ്മുടെ ഉള്ളിലെ സത്യത്തെയുമാണ് നമ്മള്‍ തിരിച്ചറിയുന്നത്. സാഹിത്യത്തെ തകര്‍ക്കാന്‍ കഴിയില്ലെങ്കില്‍ എഴുത്തുകാരനെക്കൊണ്ട് എന്ത് പ്രയോജനം എന്ന കോര്‍ത്തസാറിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സാഹിത്യം എനിക്ക് കൂടുതല്‍ മനസിലാക്കിത്തന്നത് കെ. പി. അപ്പന്‍ സാറാണ്. അപ്പന്‍ സാറിന്റെ എം.എ. മലയാളം ക്ലാസുകള്‍ വായനയുടെയും സംവാദത്തിന്റെയും വനമഹോത്സവമായിരുന്നു. എഴുത്തുകാരനാണ് ആദ്യം മനുഷ്യ മനസിന്റെ രഹസ്യങ്ങള്‍ മനസിലാക്കുന്നതെന്നും തന്റെ അന്വേഷണങ്ങള്‍ക്ക് സാഹിത്യകൃതികള്‍ വളരെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഫ്രോയ്ഡ് പറഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. അതുവരെ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളിലൂടെ സാഹസികമായി യാത്ര ചെയ്യാന്‍ അപ്പന്‍ സാറിന്റെയും സൂര്‍ദാസ് സാറിന്റെയും ക്ലാസുകള്‍ ഞങ്ങളെ പ്രാപ്തരാക്കി.

വായന ഒരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മളെ തന്നെ ബലി കൊടുക്കലാണ്. എഴുത്തു പോലെ തന്നെ ഏകാന്തതയും ഏകാഗ്രത്രയും ആവശ്യമുള്ള ഒന്നാണ് വായനയും. വായനയില്‍ നമ്മള്‍ കഥാപാത്രങ്ങളായി മാറുന്നു. എഴുത്തുകാരന്‍ സൃഷ്ടി നടത്തുമ്പോള്‍ അനുഭവിച്ച അതേ മാനസിക സംഘര്‍ഷങ്ങളിലൂടെ വായനക്കാരനും കടന്നുപോകുന്നു. പ്രകമ്പിതമായ ഹൃദയത്തോടെയേ നമുക്ക് ദസ്തയേവ്സ്‌കിയുടെ കൃതികള്‍ വായിക്കാന്‍ കഴിയൂ. നാം എന്ത് ചെയ്യുന്നുവോ അതിനെല്ലാം അവസാനം നാം തന്നെയാണ് ഉത്തരവാദി എന്ന ദസ്തയേവ്സ്‌കിയുടെ വാക്കുകള്‍ നിരന്തരം നമ്മുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദസ്തയേവ്സ്‌കിയും ദാലിയും ദൈവവുമായി നടത്തിയ സംവാദങ്ങള്‍ വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. ഭ്രാന്ത്രിന്റെ സൗന്ദര്യാത്മകമായ ഒരു ഭാഷ ആ സംവാദങ്ങള്‍ക്ക് ഉണ്ടായിരുന്നു.

ഉന്മാദികള്‍ വിളിച്ചു പറയുന്നതില്‍ സത്യത്തിന്റെ സൗന്ദര്യമുണ്ട്. ഈ വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന ബഷീര്‍ പറയുന്നു. ഭ്രാന്തിന്റെ ഭാഷ സാഹിത്യത്തിലും ചിത്രകലയിലും കേള്‍ക്കണമെന്ന് മിഷേല്‍ ഫ്യൂക്കോ പറഞ്ഞത് പിന്നീട് ഞാന്‍ വായിച്ചു. ഒരാള്‍ക്ക് ഭ്രാന്തു വരുമ്പോള്‍ സത്യമേ പറയൂ എന്നും ലേഡി മാക്ബത്ത് സത്യം പറഞ്ഞത് ഭ്രാന്ത് വന്നപ്പോഴായിരുന്നു എന്നും ഫ്യൂക്കോ തുടര്‍ന്ന് പറയുന്നുണ്ട്. ഈ ഉന്മാദങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വിശാലമായ തലമുണ്ടായിരുന്നു. നിര്‍ഭയത്വമായിരുന്നു അവരുടെ മുതല്‍മുടക്ക്. ഉള്ളില്‍ കലാപമുള്ള എഴുത്തുകാരാണ് നൃത്തം ചെയ്യുന്ന എഴുത്തുകാരായി നമുക്ക് അനുഭവപ്പെടുന്നത്. തെരുവില്‍ നടക്കുന്നതു പോലുള്ള കലാപം ഇവരുടെ ഉള്ളിലും കത്തിപ്പടര്‍ന്നിരുന്നു.

ഇത്തരം എഴുത്തുകാര്‍ വാക്കുകളുടെ വന്‍കരകള്‍ തേടിയവരാണ്. വായനയുടെ തീര്‍ത്ഥാടനത്തിലെ വളവുകളിലെവിടെയോ വച്ചാണ് ഞാന്‍ ജിബ്രാനെയും റൂമിയെയും ഓഷോയെയും കണ്ടെത്തുന്നത്. പ്രണയത്തെയും ധ്യാനത്തെയും വാക്കിന്റെ ആത്മാവില്‍ കൊരുത്തെടുത്ത അവരുടെ വാക്കുകള്‍ വായനയുടെ സ്വര്‍ഗീയാനന്ദമാണ് എനിക്ക് തന്നത്. ആത്മീയതയുടെ ആകാശത്തേക്ക് പറന്നു കയറാനുള്ള ചിറകുകളാണ് അവര്‍ എനിക്ക് തന്നത്. എന്റെ ജീവിതത്തിന്റെ ഭംഗിയെ തിരിച്ചറിയാനുള്ള യഥാര്‍ത്ഥ ആത്മീയതയെ ഞാന്‍ ഈ ത്രയത്തിന്റെ വായനയിലൂടെ തിരിച്ചറിയുകയായിരുന്നു. അവരുടെ ആത്മഭാഷണങ്ങള്‍ എന്റെ ചിന്തകളെയും ഭാഷയെയും ചിന്തേരിട്ട് മിനുക്കിയെടുത്തു. ആത്മഭാഷണങ്ങള്‍ കൊണ്ട് നിറച്ച വിചിത്രമായ തുകല്‍പ്പെട്ടിയാണ് എന്റെ ഹൃദയം എന്ന് വെര്‍ജീനിയാ വൂള്‍ഫ് ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതുന്നത് പിന്നീട് ഞാന്‍ വായിച്ചു.

വായന എനിക്ക് പലപ്പോഴും സ്വയം പീഡനമാണ്. എന്റെ എല്ലാ സ്വാസ്ഥ്യവും കെടുത്തുന്ന ഇടമായി ഞാന്‍ എന്റെ വായനാമുറിയെ കണ്ടു. കത്തുന്ന ഗ്രന്ഥപ്പുര എന്ന് വായനാ മുറിക്ക് ഞാന്‍ പേരിട്ടു. വായന നല്‍കിയ ഓരോ മുറിവുകളും കൂടുതല്‍ ജാഗ്രത്രയോടെ, കരുത്തോടെ മുന്നോട്ട് പോകുവാന്‍ എനിക്ക് ഊര്‍ജമായി. നിരന്തരമായ ഓഷോ വായന എന്റെ ഉള്ളിലെ റിബലിനെ ഉണര്‍ത്തി. ധ്യാനത്തില്‍ നിന്നും നിഷേധത്തില്‍ നിന്നുമാണ് ധിഷണ ഉണ്ടാകുന്നതെന്ന ഓഷോയുടെ വാക്കുകള്‍ ഒരു മന്ത്രം പോലെ ഉച്ചരിച്ചു. ഞാന്‍ അറിഞ്ഞിട്ടുള്ള ഏറ്റവും വലിയ വായനക്കാരനായിരുന്നു ഓഷോ രജനീഷ്. ഓഷോ വായിച്ച പുസ്തകങ്ങളെപ്പറ്റിയുള്ള കൗതുകകരമായ അന്വേഷണത്തിലാണ് ഞാന്‍ സ്‌നേഹിച്ച പുസ്തകങ്ങള്‍ എന്ന ഓഷോയുടെ പുസ്തകം കിട്ടുന്നത്. പ്രിയപ്പെട്ട പുസ്തകങ്ങളെപറ്റിയും എഴുത്തുകാരെപ്പറ്റിയുമുള്ള ഓഷോയുടെ പ്രഭാഷണങ്ങളുടെ പുസ്തകമായിരുന്നു അത്. ഏതൊരു പുസ്തക കൊതിയനും ആഗ്രഹിക്കുന്ന ആ പുസ്തകം ഞാന്‍ സ്വന്തമാക്കി വായിച്ചു. ലോകത്തുള്ള സര്‍വ റിബലുകളും അതില്‍ ഉണ്ടായിരുന്നു. പുസ്തകങ്ങളില്‍ ചിലതൊക്കെ മുമ്പു വായിച്ചിട്ടുള്ളതായിരുന്നു. ബാക്കിയുള്ളവ തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമിച്ചു. തോരാമഴയിലും നിന്ന് കത്തുന്നൊരു കാടായിരുന്നു ഓഷോ രജനീഷ്.

പുസ്തകങ്ങള്‍ നമ്മോട് മൗനമായി സംവദിക്കുന്നു. മൗനത്തിന് ആത്മീയമായൊരു ഭാഷയുണ്ട്. എഴുത്തുകാരന്‍ വാക്കുകള്‍ക്കിടയില്‍ ചില മൗനങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ടാവും. ആ മൗനങ്ങളെ പൂരിപ്പിക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്. വായനക്കാരന്‍ കൃതിയുടെ ഉപഭോക്താവല്ല മറിച്ച് സ്രഷ്ടാവാണ്.

ഒരാള്‍ പുസ്തകം വായിക്കുമ്പോള്‍ പുസ്തകവും അയാളെ വായിക്കുന്നു എന്ന് റൊളാങ് ബാര്‍ഥ് പറയുന്നുണ്ട്. രഹസ്യമായ ചിലത് അവിടെ ഒളിച്ചു കടത്തുന്നുണ്ട്. ഇവിടെ എഴുത്തുകാരന്‍ മരിക്കുന്നു, പുസ്തകം ജീവിക്കുന്നു. ഓരോ പുസ്തകത്തെയും വിവേകമുള്ള വായനക്കാരാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് വായനയുടെ സൗന്ദര്യവും പുസ്തകത്തിന്റെ കാലാതിവര്‍ത്തിത്വവുമാണ്. 'വിവേകശാലിയായ വായനക്കാരാ' എന്നാണ് വായനക്കാരെ കെ. പി. അപ്പന്‍ സംബോധന ചെയ്തത്. ആ സംബോധനയില്‍ വായനക്കാരോടുള്ള സര്‍വ ആദരവും ഉണ്ടായിരുന്നു. എഴുത്തുകാരനും വായനക്കാരനും തുല്യ പ്രാധാന്യമാണ് പൗരസ്ത്യ സാഹിത്യ മീംമാംസകര്‍ നല്‍കുന്നത്. ഒരു കൃതി പൂര്‍ണമാകുന്നത് അത് വായനക്കാരന്‍ വായിക്കുമ്പോഴാണ്. കടലിന്നഗാധതയില്‍ ചിപ്പിക്കുള്ളിലെ മുത്തുകള്‍ തേടി പോകുന്ന മുക്കുവനെപോലെയാണ് ഒരു നല്ല വായനക്കാരന്‍. അവന്‍ നല്ല പുസ്തകങ്ങള്‍ കണ്ടെത്താന്‍ സാഹസികമായും രഹസ്യമായും സഞ്ചരിച്ചു കൊണ്ടേയിരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

'വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്?'; കെ. ആർ മീരയുടെ പോസ്റ്റിന് ഹരിത സാവിത്രിയുടെ പ്രതികരണം
'കലാച്ചിയിലെ സാമ്യം ഞെട്ടിച്ചു, തന്‍റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല'; ഹരിത സാവിത്രി