'വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്?'; കെ. ആർ മീരയുടെ പോസ്റ്റിന് ഹരിത സാവിത്രിയുടെ പ്രതികരണം

Published : Jun 03, 2026, 02:42 PM IST
KR MEERA, HARITHA SAVITHRI

Synopsis

കെ. ആർ മീരയുടെ 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകളെച്ചൊല്ലിയുള്ള ചര്‍ച്ച തുടരുന്നതിനിടെ കെ ആര്‍ മീരയുടെ പോസ്റ്റിന് പ്രതികരണവുമായി ഹരിത സാവിത്രി. 

കെ. ആർ മീര രചിച്ച 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകൾ തമ്മിലുള്ള സാമ്യത്തെ ചൊല്ലി ചർച്ചകൾ മുറുകവെ പ്രതികരണവുമായി ഇന്നലെ എഴുത്തുകാരി കെ. ആർ മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരിത സാവിത്രി. '2019 -ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു 'കലാച്ചി'യുടെ പശ്ചാത്തലം. 2025 -ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു. 2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക' എന്നായിരുന്നു മീരയുടെ പ്രതികരണം.

'2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷംപൂണ്ടയാളാണ് എഴുത്തുകാരി. നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട് എന്നും, കോട്ടയത്തെ വീട്ടിൽ വന്ന്, അനുവദിച്ചാൽ ആ വിരലുകളിൽ ഉമ്മ വയ്ക്കണം എന്നും 'കലാച്ചി' നോവലിലെ പല രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു എന്നും ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കുന്നു എന്നും വോയ്സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോൽസവത്തിൽവച്ചു കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തപ്പോഴൊന്നും 'കലാച്ചി'യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാൻ' എന്നും മീര പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ഈ പോസ്റ്റിനോട് പ്രതികരിക്കുകയാണ് ഹരിത സാവിത്രി. 'ഈ എഴുത്തുകാരിയെ എന്നെങ്കിലും കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കണം എന്നും വിരലുകളിൽ ഉമ്മ വയ്ക്കണം എന്നൊക്കെ പണ്ട് കഥകൾ വായിച്ച കാലം മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പുതിയ നോവൽ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്ത് ഇട്ടതും അത് കൊണ്ടുതന്നെയാണ്. പക്ഷെ, വായിച്ചപ്പോൾ ആവേശം തണുത്തു. എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭർത്താവിനോട് ജനുവരി ‌എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാൻ സാധ്യതയില്ല എന്നാണ് ഹരിത എഴുതുന്നത്. ഒപ്പം തന്നെ നിരൂപകനായ പി. കെ രാജശേഖരനും രാധിക സി. നായരുമാണ് ഈ വിഷയം ഇങ്ങനെയാക്കിത്തീർത്തത് എന്നും ഹരിത പ്രതികരിക്കുന്നു.

ഹരിത സാവിത്രിയുടെ പോസ്റ്റ് വായിക്കാം;

1.

"2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചു വന്ന ഒരു നോവൽ, 2022 ൽ മാത്രം പുറത്തിറങ്ങിയ കഥയിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022 ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്ന് നിങ്ങൾ ചിന്തിക്കുക."

ഇത് ഇന്ന് കണ്ട വാചകമാണ്. അതായത് 2022 ൽ പുറത്തു വന്ന എന്റെ പുസ്തകം 2020 ൽ പുറത്ത് വന്ന പുസ്തകത്തിലെ ആശയം ഉപയോഗിച്ചു എന്നർത്ഥം. 2020 ൽ പ്രസിദ്ധീകരിച്ചത് ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമാണ് എന്ന സത്യം മറച്ചു വയ്ക്കുന്നതിലൂടെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്?

2.

വായന കുറച്ചേ ആയിട്ടുള്ളൂ എന്ന് പുസ്തകം വായിക്കുന്ന ചിത്രവുമായി ഇട്ട പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫിദയുടെ യാത്ര ആരംഭിച്ചപ്പോഴാണ് സാമ്യം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് ഞാൻ പല തവണ പറഞ്ഞ് കഴിഞ്ഞു. അതായത് വായന കുറച്ചു മുന്നോട്ട് പോയപ്പോൾ.

അതും ബേസിക് ത്രെഡിൽ മാത്രം.

3.

ഈ എഴുത്തുകാരിയെ എന്നെങ്കിലും കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കണം എന്നും വിരലുകളിൽ ഉമ്മ വയ്ക്കണം എന്നൊക്കെ പണ്ട് കഥകൾ വായിച്ച കാലം മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പുതിയ നോവൽ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്ത് ഇട്ടതും അത് കൊണ്ടു തന്നെയാണ്.

പക്ഷെ വായിച്ചപ്പോൾ ആവേശം തണുത്തു. എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭർത്താവിനോട് ജനുവരി എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാൻ സാധ്യതയില്ല.

പുസ്തകം കയ്യിൽ കിട്ടിയപ്പോൾ തന്നെ സന്തോഷത്തോടെ ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഞാൻ എന്തുകൊണ്ട് വായിച്ചതിന് ശേഷം ഒരു പോസ്റ്റ്‌ പോലും ഇട്ടില്ല എന്ന് അദ്ദേഹത്തിന് എങ്കിലും എന്റെ ആ പ്രതികരണത്തിലൂടെ മനസ്സിലായിക്കാണും.

എന്തായിരുന്നു ആ പ്രതികരണം എന്ന് ഞാൻ ഇവിടെ പറയുന്നില്ല.

അത് കേട്ടതിനു ശേഷം ഒന്നുകൂടി ആ നോവൽ വായിച്ചു നോക്കണം എന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. വായിക്കാം എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു.

ശ്രീമതി മീരയുടെ നമ്പർ എന്റെ കയ്യിലില്ല. ഞാൻ സംസാരിച്ചിരുന്നത് അവരുടെ ഭർത്താവിനോടാണ്. വീണ്ടും വായിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ വായിക്കാം എന്ന് ഞാൻ മറുപടി പറഞ്ഞത് ഒരു ഫോൺ സംഭാഷണത്തിലായിരുന്നു എന്നാണ് ഓർക്കുന്നത്. കയ്യിലുള്ള വോയ്സ് മെസ്സേജുകൾ പരതിയപ്പോൾ വീണ്ടും വായിക്കാം എന്ന് ഞാൻ പറയുന്ന ഒന്ന് ശ്രദ്ധയിൽ പെട്ടില്ല.

4.

ത്രെഡുകളിലെ സാമ്യം എന്റെ തോന്നലാണ് എന്ന് കരുതി അവഗണിക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ വായനയ്ക്കു ശേഷം 'ക' ഫെസ്റ്റിവലിൽ കണ്ടപ്പോൾ വളരെ സൗഹൃദത്തോടെ പെരുമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനായിരുന്നു ശ്രമം.

പക്ഷെ പിന്നീട് നിരവധി വായനക്കാർ അവർക്ക് ഈ പുസ്തകങ്ങൾ തമ്മിൽ അനുഭവപ്പെട്ട സാമ്യങ്ങളെ പറ്റി എന്നോട് നിരന്തരം സംസാരിക്കാൻ തുടങ്ങി.

മനസ്സിൽ അനുഭവപ്പെട്ട അസ്വസ്ഥത വളർന്നു വരികയായിരുന്നു.

ആരുടേയും പേരോ പുസ്തകങ്ങളുടെ പേരോ പറയാതെ സാഹിത്യ മോഷണങ്ങളുടെ പൊതു സ്വഭാവങ്ങളെ കുറിച്ചു പറഞ്ഞ് കൊണ്ടുള്ള ഒരു ഫേസ്ബുക് പോസ്റ്റ്‌ ഇടുന്നതിലൂടെ എനിക്ക് അനുഭവപ്പെട്ട വേദനയിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു ലക്ഷ്യം. എന്നെ സംബന്ധിച്ച് അത് അവസാനിച്ചിരുന്നു.

ആ പോസ്റ്റിനു താഴെ വായനക്കാർ ഈ നോവലുകൾ തമ്മിലുള്ള സാമ്യത്തെ കുറിച്ച് സംസാരിച്ചിട്ട് പോലും ഞാൻ വ്യക്തമായ മറുപടി നൽകിയില്ല.

5. കുറച്ചു ദിവസങ്ങൾക്കു ശേഷം ബിജി ഡാനിയൽ എന്ന പ്രൊഫൈൽ രണ്ടു പുസ്തകങ്ങളുടെയും ത്രെഡിൽ ഉള്ള സാമ്യങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ ശ്രദ്ധയിൽ പെട്ടു എങ്കിലും ചില സുഹൃത്തുക്കളോട് സംസാരിക്കുന്നതിനപ്പുറം അതു ഷെയർ ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക് ചെയ്യാനോ ഞാൻ ശ്രമിച്ചില്ല. വായനക്കാരന്റെ സ്വാതന്ത്ര്യം. അതിൽ ഞാനെന്ത് പറയാനാണ്?

6. ബിജി ഡാനിയലിന്റെ പോസ്റ്റിനു ശേഷം രാധിക സി നായർ എന്ന പ്രൊഫൈൽ വിഷയം ഏറ്റെടുത്തപ്പോഴാണ് കാര്യങ്ങൾ വഷളായത്. അവരുടെ ആദ്യത്തെ പോസ്റ്റിലെ പുൽക്കൊടി നക്ഷത്ര താരതമ്യത്തിന് ശേഷം രണ്ടാമത്തെ പോസ്റ്റിൽ കലാച്ചി 2020 നവംബറിൽ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ്, സിൻ ഇറങ്ങിയത് 2022 ൽ ആണ് എന്ന് രാധിക സി നായർ വാദിച്ചു.

ശ്രദ്ധിക്കേണ്ടത് ആ പോസ്റ്റിലും ട്രൂ കോപ്പിയിൽ ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടില്ല എന്നതാണ്.

അതോടെ 2020ൽ ഇറങ്ങിയ നോവൽ ഞാൻ മോഷ്ടിച്ചു 2022 ൽ സിൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ ആക്രമണം തുടങ്ങി. എനിക്ക് കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥ ഉണ്ടായി. അങ്ങനെ വിശദീകരണവുമായി ഒരു പോസ്റ്റ്‌ കൂടി ഇടേണ്ടി വന്നു. അതിലും പുസ്തകങ്ങൾ തമ്മിൽ അടിസ്ഥാനപരമായി സാമ്യമുണ്ട്. അത് ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്ന് വ്യക്തമാക്കിയിരുന്നു.

2022 ൽ ഒരെഴുത്തുകാരി പ്രസിദ്ധീകരിക്കുന്ന അവരുടെ ആദ്യ പുസ്തകത്തിൽ നിന്ന് പ്രചോദനം കൊള്ളേണ്ട കാര്യം ഇല്ല എന്ന് പോസ്റ്റിൽ കണ്ടു. നക്ഷത്ര പുൽക്കൊടി താരതമ്യത്തിന്റെ മറ്റൊരു വേർഷൻ.

എഴുത്തുകാർ സമാനമായി ചിന്തിക്കുന്നത് പുതിയ കാര്യമല്ല.

പക്ഷെ, സിൻ ഇറങ്ങിയപ്പോൾ തന്നെ അവരത് വായിച്ചു എന്ന് എനിക്കറിയാം. അതിൽ എന്താണ് ഉള്ളത് എന്ന് അറിയാവുന്ന സ്ഥിതിയ്ക്ക് കടന്നു കൂടിയ അടിസ്ഥാനപരമായ സാമ്യങ്ങൾ ഒഴിവാക്കാമായിരുന്നു, അതിലൂടെ ഇത്തരം വിവാദങ്ങളും എന്നാണ് എന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

അധികമാരും ശ്രദ്ധിക്കാതിരുന്ന ബിജി ഡാനിയൽ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ്‌ ഞാൻ ഏറ്റെടുക്കാതിരുന്നിടത്തോളം ചില ഫേസ്ബുക് ചർച്ചകൾക്കപ്പുറം ആ വിഷയം മുന്നോട്ട് പോവില്ലായിരുന്നു.

അത് കുത്തിപ്പൊക്കി, അതിനെക്കുറിച്ച് വീണ്ടും വീണ്ടും പോസ്റ്റുകൾ ഇട്ട്, എന്നെ ഇകഴ്ത്തി, എന്നെക്കൊണ്ട് മറുപടി പറയിച്ച രാധികാ സി നായരാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ നാടകത്തിന്റെ സംവിധായിക.

അവരെയും സിനിനെ രാഹുൽ മാങ്കൂട്ടത്തിനോട് പോലും ഉപമിച്ച് നാട് നീളെ ആക്ഷേപിച്ചു നടക്കുന്ന അവരുടെ ഭർത്താവ് നിരൂപകനെയും അഭിനന്ദിക്കുക.

Credit goes to them

കെ. ആർ മീരയുടെ പോസ്റ്റ് വായിക്കാം;

കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ൽ മനസ്സിൽ വേരുപിടിച്ചതാണു 'കലാച്ചി' എന്ന നോവലിന്റെ കഥാബീജം.

2019ൽ ഞാൻ 'കലാച്ചി' എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക് 'വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ കലാച്ചി' എന്ന ശീർഷകത്തിൽനിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്.

2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.

2019ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു 'കലാച്ചി'യുടെ പശ്ചാത്തലം.

2025ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു.

2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക.

സംശയമുള്ളവർ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക.

ഒരു നോവലോ കഥയോ എഴുതിയാൽ അതിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുക എന്നത് എന്റെ എഡിറ്റിങ്ങിന്റെ ഭാഗമാണ്. 'ആരാച്ചാർ' ആകട്ടെ, 'മീരാസാധു' ആകട്ടെ, 'യൂദാസിന്റെ സുവിശേഷം' ആകട്ടെ, 'ഘാതകൻ' ആകട്ടെ, 'എല്ലാവിധ പ്രണയവും' ആകട്ടെ, പരാമർശവിധേയമാകുന്ന ഭൂമിക നേരിൽക്കണ്ടിട്ടേ ഞാൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളൂ.

ഭാവനയിൽക്കണ്ട 'കലാച്ചി' നേരിൽക്കാണണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. 2020ൽ പോകാനുള്ള ശ്രമം കോവിഡ് കാരണം വിജയിച്ചില്ല. 2021ൽ ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചപ്പോൾ വീണ്ടും ശ്രമിച്ചു. ആഭ്യന്തരകലാപം കാരണം കസഖ് അതിർത്തി അടച്ചതിനാൽ അതും പരാജയപ്പെട്ടു. 2022ൽ കസഖ്സ്ഥാൻ ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചു നാളുകൾക്കുള്ളിൽ ഞാൻ യാത്ര പുറപ്പെട്ടു.

അല്ലാതെ, 2022 ൽ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവൽ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു ഞാൻ സ്വപ്നംകാണുകയായിരുന്നില്ല.

അസ്തനയിൽനിന്ന് ആറു മണിക്കൂർ കാർ മാർഗം മാത്രമേ കലാച്ചി എന്ന ഗ്രാമത്തിലേക്കു പോകാൻ കഴിയൂ. മഴയും മഞ്ഞും നിറഞ്ഞ ആ കാലാവസ്ഥയിൽ, വിശാലമായ പുൽമേടിന്റെ നടുവിലുള്ള വിജനമായ പാതയിലൂടെയുള്ള കാർ യാത്രയെക്കുറിച്ചു 'കലാച്ചി'യുടെ അനുബന്ധത്തിൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. ഡാമീർ കസെൻബയേവ് എത്രയോ അന്വേഷിച്ചിട്ടാണ് അവിടേക്ക് ഒരു കാർ കിട്ടിയതുതന്നെ.

'കലാച്ചി'ക്കു വേണ്ടി കസഖ്സ്ഥാനിൽ മാത്രമല്ല, ഇജാസിന്റെ വേരുകൾ തേടി അസമിലും പോയിട്ടുണ്ട്.

2024ൽ കവർ പ്രകാശനം ചെയ്യുകയും അഞ്ചാമത്തെ അധ്യായം അച്ചടിച്ച വായനക്കാർക്കു നൽകുകയും ചെയ്തു. മുൻമന്ത്രി അഡ്വ. പി. രാജീവ്, പ്രശസ്ത എഴുത്തുകാരൻ പി. കെ. പാറക്കടവ്, ഡോ. സുനിൽ പി ഇളയിടം, ഡോ പി കെ രാജശേഖരൻ, ദ് ടെലിഗ്രാഫ് പത്രാധിപർ ആർ രാജഗോപാൽ, സോണിയ റഫീക്ക്, മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ വി ജയകുമാർ, ഡോ. ധന്യലക്ഷ്മി, ഡോ. രശ്മി ഭാസ്കരൻ, അഡ്വ മോഹൻരാജ് തുടങ്ങി പ്രശസ്തരായ പത്തിലേറെപ്പേർ പുസ്തകമാകുന്നതിനു മുമ്പ് ഇതിന്റെ ഡ്രാഫ്റ്റ് വായിച്ചിട്ടുണ്ട്.

അവരിൽ ഒരാൾക്കും ഈ നോവലിന് മറ്റേതെങ്കിലും രചനയുമായി സാമ്യമുള്ളതായി തോന്നിയില്ല.

2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷംപൂണ്ടയാളാണ് എഴുത്തുകാരി.

"നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്" എന്നും, കോട്ടയത്തെ വീട്ടിൽ വന്ന്, "അനുവദിച്ചാൽ ആ വിരലുകളിൽ ഉമ്മ വയ്ക്കണം" എന്നും 'കലാച്ചി' നോവലിലെ പല രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു" എന്നും "ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കുന്നു" എന്നും വോയ്സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോൽസവത്തിൽവച്ചു കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തപ്പോഴൊന്നും 'കലാച്ചി'യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാൻ.

സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങളും എന്നെ ബാധിക്കാറില്ല.

കാരണം, 'ആരാച്ചാർ' എന്ന നോവലും വായനക്കാർ ഏറ്റെടുത്തപ്പോഴാണ് ആരോപണവിധേയമായത്. ഈ ആരോപണത്തിന്റെ പ്രഭവസ്ഥാനവും ഇപ്പോൾ വ്യക്തമാണ്.

PREV
Read more Articles on
click me!

Recommended Stories

'കലാച്ചിയിലെ സാമ്യം ഞെട്ടിച്ചു, തന്‍റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല'; ഹരിത സാവിത്രി
കെ. ആർ മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിന്നും' തമ്മിൽ സാമ്യം? സോഷ്യൽ മീഡിയയിൽ ചർച്ച