കെ. ആർ മീരയുടെ 'കലാച്ചി' എന്ന നോവലിന് തൻ്റെ 'സിൻ' എന്ന നോവലുമായുള്ള സാമ്യം ഞെട്ടിച്ചുവെന്ന് എഴുത്തുകാരി ഹരിത സാവിത്രി. നിരൂപകനായ പി. കെ രാജശേഖരൻ തൻ്റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചത് വലിയ അപമാനമായി തോന്നിയെന്നും ഹരിത പ്രതികരിച്ചു. 

കെ. ആർ മീര എഴുതിയ 'കലാച്ചി'ക്ക് താനെഴുതിയ 'സിൻ' എന്ന നോവലുമായുള്ള സാമ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി എന്ന് ഹരിത സാവിത്രി. ഇരുനോവലുകളെയും ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഹരിത സാവിത്രി. പേര് പരാമർശിക്കാതെ ഹരിത സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ഇരുനോവലുകളെ കുറിച്ചും ചർച്ചകളുയർന്നത്. ഏറെ പ്രതീക്ഷയോടെ വായിക്കാൻ തുടങ്ങിയ നോവലാണ് കലാച്ചി. എന്നാൽ, വളരെ വിഷമമാണ് അതുണ്ടാക്കിയത്. നിരൂപകനായ പി. കെ രാജശേഖരൻ തന്റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലിനോട് ഉപമിച്ചത് വലിയ പ്രയാസമുണ്ടാക്കിയതായും ഹരിത ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എങ്ങനെയാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത് എന്ന് തനിക്കറിയില്ല. വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് കലാച്ചി വാങ്ങി വായിക്കാൻ തുടങ്ങിയത്. വായിച്ച് തുടങ്ങി ഫിദയുടെ യാത്രയുടെ അടുത്തെത്തിയപ്പോൾ തനിക്ക് ഞെട്ടലാണുണ്ടായത്. താൻ മറ്റ് വായനക്കാരെ പോലെയല്ലല്ലോ, സിൻ എഴുതിയത് ഞാനല്ലേ? എങ്ങനെയോ ഞാനത് വായിച്ചു തീർത്തു. അതേക്കുറിച്ചൊന്നും സംസാരിക്കേണ്ടതില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. മീരച്ചേച്ചി തന്റെ പുസ്തകം വായിച്ചിട്ടുണ്ടെന്ന് തനിക്കറിയാം. പുസ്തകം ഇറങ്ങിയപ്പോൾ തന്നെ വായിച്ചിട്ടുണ്ടെന്ന് അവരോട് വളരെ അടുപ്പമുള്ള ഒരാൾ തന്നെ തന്നോട് പറഞ്ഞിരുന്നു. 2022 -ലാണ് 'സിൻ' ഇറങ്ങിയത്. 2022 -ലാണ് മീരച്ചേച്ചി കസാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതിന്റെ പിന്നിലെന്താണ് എന്നൊന്നും എനിക്ക് അറിയില്ല. തന്റെ പുസ്തകത്തിന്റെ ത്രെഡിന് അവരുടെ പുസ്തകവുമായി സാമ്യമുണ്ട്' എന്നായിരുന്നു ഹരിതയുടെ പ്രതികരണം.

നിരൂപകനായ പി. കെ രാജശേഖരൻ തന്റെ പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചതിനെതിരെയും ഹരിത സാവിത്രി രൂക്ഷമായി പ്രതികരിച്ചു. 'കലാച്ചി'യെയും 'സിൻ' നെയും താരതമ്യപ്പെടുത്തിയത് മഹാത്മാഗാന്ധിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും താരതമ്യപ്പെടുത്തുന്നതിനു തുല്യമാണ് എന്നായിരുന്നു ഒരു പരിപാടിയിൽ പി. കെ രാജശേഖരൻ പ്രതികരിച്ചത്.

'രാഹുൽ മാങ്കൂട്ടവുമായി തന്റെ പുസ്തകത്തെ ഉപമിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതൊരു അപമാനമായിട്ടാണ് തോന്നിയത്. അത്രയും വൃത്തികെട്ട, സ്ത്രീകളെ ഉപദ്രവിക്കുന്ന, നിർബന്ധിതമായി ​ഗർഭച്ഛിദ്രം ചെയ്യുന്ന ഒരാൾ, അത്രമാത്രം സമൂഹത്തിനോട് അപമാനമായ ഒരാളോട് കൂടി തന്റെ പുസ്തകം ഉപമിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല' എന്നും ഹരിത പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ എഴുത്തുകാരിയായ കെ. ആർ മീര ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഇരുപുസ്തകങ്ങളും തമ്മിൽ സാമ്യമുണ്ട് എന്നും, യാദൃച്ഛികമായി സംഭവിച്ച സാമ്യമാകാമെന്നും, അല്ല എന്നും തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും നടക്കുകയാണ്.

YouTube video player