ആത്മനിര്‍ഭര്‍ ഭാരത്: ഔഷധമേഖലയില്‍ ആഭ്യന്തരശേഷി വര്‍ധിപ്പിക്കാന്‍ നടപടികളുമായി കേന്ദ്ര സർക്കാർ

By Web TeamFirst Published Aug 21, 2020, 12:15 PM IST
Highlights

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പന്ത്രണ്ടാമത് മെഡ്‌ടെക്ക് ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ  അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 

ദില്ലി: രാജ്യത്തെ ഔഷധമേഖലയുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ വിവിധ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ മൂന്ന് ബൃഹദ് ഔഷധ പാര്‍ക്കുകളും നാലു മെഡിക്കല്‍ ഉപകരണ പാര്‍ക്കുകളും സ്ഥാപിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മരുന്ന് നിര്‍മ്മാണ മേഖലയില്‍ സ്വയം പര്യാപ്തത നേടുക എന്നത് സർക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പന്ത്രണ്ടാമത് മെഡ്‌ടെക്ക് ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ  അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ഇന്‍ക്രിമെന്റല്‍ വില്‍പ്പനയ്ക്ക് കേന്ദ്ര സർക്കാർ അഞ്ച് ശതമാനം നിരക്കില്‍ ഇന്‍സന്റീവ് നല്‍കും. ഇതിനായുള്ള ആകെ വിഹിതം 3420 കോടി രൂപയാണ്. യൂണിറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് 2020 ജൂലൈ 27നു പുറത്തിറക്കിയിരുന്നു. 

120 ദിവസമാണ് അപേക്ഷ നല്‍കുന്നതിനുള്ള കാലാവധി. ബൃഹദ് മരുന്ന്- മരുന്നുപകരണ പാര്‍ക്കുകള്‍ 7,79,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.  2,55,000  തൊഴിലവസരങ്ങളും ഇതു വഴി സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

click me!