ചൈനയുടെ ജിഡിപി കണക്കുകൾ പുറത്ത്, കൊവിഡ് നടമാടിയിട്ടും കഴിഞ്ഞ വർഷം 2.3% സാമ്പത്തിക വളർച്ച രേഖപ്പെടുത്തി രാജ്യം

By Web TeamFirst Published Jan 18, 2021, 11:01 AM IST
Highlights

ഇത് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 2 % വളർച്ചയേക്കാൾ കൂടുതലാണ് എന്നത് ചൈനയ്ക്ക് ആശ്വാസം പകരുന്നു. 

2020 -ലെ രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കുകൾ പുറത്തുവിട്ട് ചൈന. കൊവിഡ് കാരണം രാജ്യം തുടർച്ചയായ ലോക്ക് ഡൗണുകളും, അന്താരാഷ്ട്ര സഞ്ചാര വ്യാപാരവിലക്കുകളും നേരിട്ടുകൊണ്ടിരുന്ന വർഷമായിരുന്നിട്ടു കൂടി 2020 -യിൽ 2.3% ജിഡിപി വളർച്ച രേഖപ്പെടുത്താൻ ചൈനയ്ക്ക് സാധിച്ചു. ഇത് പക്ഷേ, 1970 -നു ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും മോശപ്പെട്ട ജിഡിപി വളർച്ചാ നിരക്കാണ്. നാട്ടിലും വിദേശ വിപണികളിലും ഉണ്ടായിരുന്ന അതി സങ്കീർണ്ണവും വിപരീതസ്വഭാവമുള്ളതുമായ സാഹചര്യമാണ് ഇത്ര കുറഞ്ഞൊരു വളർച്ചാ നിരക്കിന് കാരണമായത് എന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. 

2019 -ൽ രേഖപ്പെടുത്തപ്പെട്ട 6.1 % എന്ന കൂടിയ വളർച്ചാ നിരക്കിൽ നിന്ന് താഴേക്കുള്ള പ്രയാണമാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം നടത്തിയത്. എന്നാൽ ഇത് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 2 % വളർച്ചയേക്കാൾ കൂടുതലാണ് എന്നത് ചൈനയ്ക്ക് ആശ്വാസം പകരുന്നു. 

ലോകത്തിലെ പലരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച, ഇപ്പോൾ പോലും തേർവാഴ്ച തുടരുന്ന കൊവിഡ് 
19 എന്ന മഹാമാരിയുടെ തുടക്കം മധ്യ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നായിരുന്നു. കൊവിഡ് കാരണമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഏറ്റവും ആദ്യം മറികടക്കുന്നതും, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  സമ്പദ് വ്യവസ്ഥയായ ചൈന തന്നെ ആണ്. 2020 യുടെ അവസാനത്തെ പാദത്തിൽ ചൈനയുടെ ജിഡിപി വളർച്ചാ നിരക്ക് 6.5% ആണെന്നത് അവർക്ക് പ്രതീക്ഷ പകരുന്നു. 

click me!