പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തിലൂടെ, രാജ്യത്തെ ബാങ്കിങ് സ്ഥാപനങ്ങളെ ലോകത്തിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനങ്ങളോടൊപ്പം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

രാജ്യത്തിന്റെ വളര്‍ച്ചാ സ്വപ്നങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണം, സാങ്കേതിക വിദ്യ തുടങ്ങിയ വലിയ പദ്ധതികള്‍ക്കും ആവശ്യമായ പണം കണ്ടെത്താന്‍ ശേഷിയുള്ള, ആഗോള നിലവാരമുള്ള മെഗാ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ കേന്ദ്രം. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒരു വഴിത്തിരിവായേക്കാവുന്ന വലിയ നീക്കത്തിന് ആണ് കളമൊരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തിലൂടെ, രാജ്യത്തെ ബാങ്കിങ് സ്ഥാപനങ്ങളെ ലോകത്തിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനങ്ങളോടൊപ്പം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 20 ബാങ്കുകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യയില്‍ നിന്ന് ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമ്പോള്‍, ഹരിത ഊര്‍ജ്ജ പദ്ധതികള്‍, സ്മാര്‍ട്ട് സിറ്റികള്‍, ഉത്പാദന മേഖല എന്നിവക്ക് പണം മുടക്കാന്‍ ഈ ഭീമന്‍ ബാങ്കുകള്‍ക്ക് സാധിക്കണമെന്നതാണ് കേന്ദ്രത്തിന്റെ കാഴ്ചപ്പാട്.

ലയനം എന്തിന്?

ഇന്ത്യയിലെ ബാങ്കിങ് മേഖല ദീര്‍ഘകാലമായി പല കഷണങ്ങളായി ചിതറിക്കിടക്കുകയാണ്. 2020-ല്‍ സര്‍ക്കാര്‍ നടത്തിയ ആദ്യ ലയന നീക്കം വഴി 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറച്ചിരുന്നു. ഇത് ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സഹായിച്ചു. എന്നാല്‍, ഈ ലയനം വഴി ആഗോള ബാങ്കിങ് തലത്തില്‍ ഇന്ത്യയുടെ സ്ഥാനം കാര്യമായി മാറിയിട്ടില്ല. നിലവിലുള്ള 12 പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ആസ്തി ഏകദേശം 171 ലക്ഷം കോടി രൂപയാണ്. ഇത്, ലോകത്തിലെ 15-ാമത്തെ വലിയ ബാങ്കായ വെല്‍സ് ഫാര്‍ഗോയുടെ ആസ്തിക്ക് ഏകദേശം തുല്യമാണ്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര പോലുള്ള ഇടത്തരം ബാങ്കുകളെക്കൂടി ലയിപ്പിച്ച്, ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള വലിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍പ് ദുര്‍ബലമായ ബാങ്കുകളെ രക്ഷിക്കാനായിരുന്നു ലയനമെങ്കില്‍, ഇത്തവണ കൂടുതല്‍ കരുത്തുള്ള ബാങ്കുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി ഏകദേശം 70 ലക്ഷം കോടി രൂപയാണ്. 2024-ലെ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐക്ക് 43-ാം സ്ഥാനമാണ്. എസ്ബിഐ ലോകത്തിലെ ആദ്യ 10 ബാങ്കുകളില്‍ എത്തണമെങ്കില്‍ ഇപ്പോഴത്തെ ആസ്തിയുടെ മൂന്നിരട്ടിയോളം വലുപ്പമുണ്ടാകണം. വന്‍കിട ബാങ്കുകള്‍ക്ക് മാത്രമാണ് കോടിക്കണക്കിന് ഡോളര്‍ വേണ്ടിവരുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പണം നല്‍കാനും, അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കുറഞ്ഞ പലിശക്ക് പണം കണ്ടെത്താനും സാധിക്കുക. ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയ്ക്ക് ഈ മൂലധന ലഭ്യത നിര്‍ണായകമാണ്.

വെല്ലുവിളികളും പരിഹാരങ്ങളും

അതേ സമയം ലയനത്തിലൂടെ മാത്രം ലോകോത്തര ബാങ്കുകള്‍ ഉണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭരണം മെച്ചപ്പെടുത്തണം: ബാങ്കുകളില്‍ രാഷ്ട്രീയ ഇടപെടല്‍ കുറയ്ക്കണം. കഴിവുള്ളവരെ ആകര്‍ഷിക്കാനായി ശമ്പള ഘടന, വിപണിക്ക് അനുസരിച്ച് മാറ്റണം.

സാങ്കേതിക വിദ്യ: ഡിജിറ്റല്‍ മാറ്റങ്ങള്‍, ഡാറ്റ അധിഷ്ഠിത വായ്പ നല്‍കല്‍, നൂതനമായ റിസ്‌ക് മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവ വലിയ ബാങ്കുകള്‍ക്ക് നിര്‍ബന്ധമാണ്.

വിദേശ നിക്ഷേപം: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 20% ല്‍ നിന്ന് 49% ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം അന്താരാഷ്ട്ര മൂലധനം ആകര്‍ഷിക്കാന്‍ സഹായിച്ചേക്കും.

ചില വിദഗ്ധര്‍ ലയനത്തെക്കുറിച്ച് ആശങ്കകളും പങ്കുവെക്കുന്നുണ്ട്. വലുപ്പം കൂടുന്നതുകൊണ്ട് മാത്രം സേവന നിലവാരമോ ലാഭക്ഷമതയോ കൂടണമെന്നില്ല. പല ലയനങ്ങളും ഉദ്ദേശിച്ച ഫലം കാണാറില്ലെന്നും, ഓരോ പ്രദേശത്തെയും ഉപഭോക്താക്കളെക്കുറിച്ചുള്ള ചെറിയ ബാങ്കുകളുടെ പ്രാദേശിക അറിവ് ലയനത്തിലൂടെ നഷ്ടമായേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ഈ വെല്ലുവിളികളെ മറികടക്കാനായാല്‍, ആഗോള തലത്തില്‍ രാജ്യത്തിന്റെ വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ നേതൃത്വം എന്നിവയ്ക്ക് ഈ വന്‍കിട ബാങ്കുകള്‍ വലിയ മുതല്‍ക്കൂട്ടാകും.