സഹകരിച്ച് മുന്നോട്ട് പോകാൻ അമേരിക്ക തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

By Web TeamFirst Published May 25, 2020, 12:08 PM IST
Highlights

ബീജിങും വാഷിങ്ടണും തമ്മിലെ ബന്ധം കൊവിഡ് വൈറസ് ബാധയെ തുടർന്ന് വഷളായിരിക്കുകയാണ്. 

ബീജിങ്: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാൻ ചൈനയും അമേരിക്കയും പരസ്പരം സഹവർത്തിത്തത്തോടെ മുന്നോട്ട് പോകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. സഹകരിച്ച് മുന്നോട്ട് പോയാൽ ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാക്കാമെന്നും സമാധാനപരമായ മുന്നോട്ട് പോക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബീജിങും വാഷിങ്ടണും തമ്മിലെ ബന്ധം കൊവിഡ് വൈറസ് ബാധയെ തുടർന്ന് വഷളായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും പരസ്പരം വിമർശിക്കുകയാണ്. ഹോങ് കോങും, മനുഷ്യാവകാശങ്ങളും, വ്യാപാരവും, തായ്‌വാന് മുകളിൽ ചൈന അവകാശവാദം ഉന്നയിച്ചതുമെല്ലാം ഇപ്പോഴത്തെ വാക്‌പോരിന് കാരണമായി.

ഈ സാഹചര്യത്തിലാണ് വാങ് യിയുടെ പ്രസ്താവന. ഇരു രാജ്യങ്ങളും ഒത്തൊരുമിച്ചാണ് മുന്നോട്ട് പോകേണ്ടത്. എന്നാൽ മാത്രമേ ഇരു രാജ്യങ്ങളുടെയും, അതേ പോലെ ലോകത്തിന്റെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടൂ. വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക വിലയേറിയ സമയം പാഴാക്കുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

click me!