ആർക്കും വേണ്ടാതെ ക്രൂഡ് ഓയിൽ, 2002 ന് ശേഷമുളള ഏറ്റവും വലിയ വിലത്തകർച്ച !

By Web TeamFirst Published Mar 30, 2020, 8:49 PM IST
Highlights

കൊറോണ വൈറസ് മഹാമാരി, സൗദി അറേബ്യ -റഷ്യ വിലയുദ്ധം എന്നിവ മൂലം ആവശ്യകതയിലുണ്ടായ ഇടിവാണ് എണ്ണ വിപണികളെ തകർത്തത്.

വിയന്ന: ആഗോള തലത്തിൽ കൊറോണ വൈറസ് പകർച്ചവ്യാധി വഷളാകുകയും സൗദി അറേബ്യ -റഷ്യ വിലയുദ്ധവും 2002 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ക്രൂഡ് ഓയിൽ നിരക്ക് ഇടിച്ചു. ബ്രെൻറ് ഫ്യൂച്ചേഴ്സ് 6.7 ശതമാനം അഥവാ 1.68 ഡോളർ ഇടിഞ്ഞ് ബാരലിന് 23.25 ഡോളറിലെത്തി. 2002 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡിന് ഈ മാസം ആദ്യം 18 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 19.92 ഡോളറായി കുറഞ്ഞിരുന്നു. അവസാന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഇത് ബാരലിന് 20.34 ഡോളറാണ്. കൊറോണ വൈറസ് മഹാമാരി, സൗദി അറേബ്യ -റഷ്യ വിലയുദ്ധം എന്നിവ മൂലം ആവശ്യകതയിലുണ്ടായ ഇടിവാണ് എണ്ണ വിപണികളെ തകർത്തത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് വിലയിലുണ്ടായ ചാഞ്ചാട്ടം പരിഹരിക്കാൻ വാഷിംഗ്ടണിന്റെ സമ്മർദ്ദം ഉയർന്നിട്ടും എണ്ണ വിപണി സന്തുലിതമാക്കാൻ റഷ്യയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സൗദി അറേബ്യ പറഞ്ഞു. “ഒപെക്കിനും സൗദി അറേബ്യയ്ക്കും റഷ്യയ്ക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും. കോവിഡ് -19 ൽ നിന്നുള്ള ഡിമാൻഡ് ഇടിവ് മൂലമുളള ആഘാതം വളരെ വലുതാണ്,” നാഷണൽ ഓസ്‌ട്രേലിയ ബാങ്കിന്റെ ചരക്ക് ഗവേഷണ വിഭാഗം മേധാവി ലാച്ലാൻ ഷാ പിടിഐയോട് പറഞ്ഞു.

"ഒന്നും സംഭവിച്ചില്ലെങ്കിൽ ആഗോള സ്റ്റോറേജുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ നിറയും, ഇത് വിലനിർണ്ണയത്തിൽ എല്ലാത്തരത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കും എന്നതാണ് യാഥാർത്ഥ്യം." അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!