പൊതുമേഖല വിഹിതം ഇടിയും, സ്വകാര്യ വിഹിതം ഉയരും: കടമെടുപ്പ് ഉപാധികളോടെ; അഞ്ചാം ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി

By Web TeamFirst Published May 17, 2020, 1:24 PM IST
Highlights

മൂന്ന് ശതമാനത്തിൽ നിന്ന് അരശതമാനം വരെ പരിധി ഉയർത്താൻ നിബന്ധനകളില്ല. മൂന്നരയിൽനിന്ന് നാലരയിലേക്ക് ഉയർത്തണമെങ്കിൽ കേന്ദ്ര നിബന്ധനകൾ സർക്കാർ പാലിക്കണം. 

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തി. രാജ്യത്തെ പൊതുമേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

2020 -21 സാമ്പത്തിക വർഷത്തേക്കാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ധനമന്ത്രാലയം ഉയർ‌ത്തിയത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയർത്തിയത്. ഇതിലൂടെ 4.28 ലക്ഷം കോടി രൂപ അധികമായി സംസ്ഥാനങ്ങൾക്ക് കടം എടുക്കാനാകും. എന്നാൽ, ഈ കടമെടുപ്പ് ഉപധികളോടെ മാത്രമാകും. പ്രധാനമായും നാല് മേഖലകളിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിന്റെ ഭാ​ഗമായാണ് സംസ്ഥാനങ്ങളുടെ ഈ പരിധി കേന്ദ്ര സർക്കാർ ഉയർത്തിയത്. 

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ നടപ്പാക്കൽ, വിവിധ സംരംഭങ്ങൾ എളുപ്പത്തിൽ രാജ്യത്ത് ആരംഭിക്കാൻ വേണ്ടി, കാര്യക്ഷമമായ വൈദ്യുതി വിതരണം നടപ്പാക്കാൻ, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം വർധിപ്പിക്കാൻ, എന്നീ നാല് കാര്യങ്ങൾക്കായി കൂടുതൽ തുക ചെലവാക്കുക ലക്ഷ്യംവച്ചാണ് കേന്ദ്ര സർക്കാർ പരിധി ഉയർത്തുന്നത്. ഇതിൽ കുറഞ്ഞത് മൂന്ന് മേഖലകളിലേക്ക് എങ്കിലും തുക മാറ്റിവച്ചാൽ സംസ്ഥാനങ്ങൾക്ക് അവരുടെ ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ച് ശതമാനം കടം എടുക്കാം. 

കടമെടുക്കാം ഉപാധികളോടെ !

മൂന്ന് ശതമാനത്തിൽ നിന്ന് അരശതമാനം വരെ പരിധി ഉയർത്താൻ നിബന്ധനകളില്ല. മൂന്നരയിൽനിന്ന് നാലരയിലേക്ക് ഉയർത്തണമെങ്കിൽ കേന്ദ്ര നിബന്ധനകൾ സർക്കാർ പാലിക്കണം. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാർ നിരീക്ഷിക്കുകയും ചെയ്യും.  

കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട തീരുമാനം ആണ് കേന്ദ്രത്തിൽനിന്ന് ഇന്നുണ്ടായത്. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും കടമെടുപ്പ് പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകാഞ്ഞതിനെ തുടർന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിൽ നഷ്ടം ഉണ്ടായതായി അം​ഗീകരിക്കുന്നു. 6,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നതായി ധനമന്ത്രി വ്യക്തമാക്കി.

പൊതുമേഖലയ്ക്ക് പ്രത്യേക നയം നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ വഴിയൊരുക്കുന്ന മാതൃകയിലാകും ഈ തീരുമാനം നടപ്പാക്കുക. തന്ത്രപ്രധാന മേഖല, മറ്റുള്ളവ എന്നിങ്ങനെ രണ്ടായി പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിക്കും. തന്ത്രപ്രധാന മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ നയത്തിലൂടെ നോട്ടിഫൈ ചെയ്യും. ശേഷം പൊതുമേഖലയുടെ വിഹിതം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കുറച്ചുകൊണ്ടുവരും. ഇതിനൊപ്പം സ്വകാര്യ നിക്ഷേപ വിഹിതം സമാന്തരമായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. 

 രാജ്യത്തെ കമ്പനികൾക്കെതിരെ പുതിയ ഇൻസോൾവൻസി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വർഷത്തേക്കാണ് ഈ ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് പകർച്ചവ്യാധിയിൽ പ്രതിസന്ധിയിലായ കമ്പനികൾക്ക് ആശ്വാസകരമായ നടപടിയാണിത്. പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ കമ്പനികളെ ഡിഫോൾട്ട് വിഭാഗത്തിൽ ഉൾപ്പെടില്ലെന്നും സർക്കാർ‌ വ്യക്തമാക്കി. 

എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ

സ്കൂൾ വിദ്യാഭ്യാസത്തിൽ രം​ഗത്ത് ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാൻമന്ത്രി ഇ -വിദ്യ പദ്ധതിക്ക് കീഴിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരും. 

തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ സർക്കാർ വകയിരുത്തി. ആരോഗ്യമേഖലയിൽ കേന്ദ്രം കൂടുതൽ തുക വകയിരുത്തുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെൽത്ത് ലാബുകൾ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. കൊവിഡ് പോലെയുളള പക‍ർച്ചവ്യാധികളെ ഭാവിയിൽ കരുതലോടെ നേരിടുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. അതാത് മേഖലകളിൽ തന്നെ പകർച്ചവ്യാധികളെ തിരിച്ചറിയാനും ആവശ്യത്തിനുളള നടപടികൾ എടുത്ത് രോ​ഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.  

ലോക്‌ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജനങ്ങൾക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കൾ കൃത്യമായി എത്തിച്ച ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കും (എഫ്സിഐ) വിവിധ സംസ്ഥാനങ്ങളെയും ധനമന്ത്രി അഭിനന്ദിച്ചു. ലോക്ഡൗണിനിടയിൽ എഫ്സിഐ നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതായിരുന്നുവെന്നും നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. 

click me!