സർക്കാരിന്റെ അന്തിമ കൊവിഡ് ഉത്തേജക പാക്കേജ് ഒക്ടോബറിനകം പ്രഖ്യാപിക്കുമെന്ന് ആർബിഐ ഡയറക്ടർ

By Web TeamFirst Published Jun 17, 2020, 11:51 AM IST
Highlights

കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ലോകം “ബഹുരാഷ്ട്രവാദത്തിൽ നിന്ന് ഉഭയകക്ഷിയിലേക്ക്” മാറുമെന്നും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം വേഗത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: കോവിഡാനന്തര കാലഘട്ടത്തിലെ അന്തിമ ഉത്തേജക പാക്കേജ് സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് റിസർവ് ബാങ്ക് ഡയറക്ടർ എസ് ഗുരുമൂർത്തി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയിലധികം രൂപയുടെ പാക്കേജ് ഇടക്കാല നടപടിയായി വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെബിനറിൽ സംസാരിക്കുകയായിരുന്നു ഗുരുമൂർത്തി. 

“കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ അന്തിമ ഉത്തേജക പാക്കേജ് സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എസ് ഗുരുമൂർത്തി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യ പാക്കേജുമായി മുന്നോട്ട് വന്നത്. കമ്മി ധനസമ്പാദനത്തിലൂടെ പണം അച്ചടിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യുഎസിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ അത് ചെയ്യാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനക്കമ്മി സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ഗുരുമൂർത്തി പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ഏപ്രിൽ 1 മുതൽ മെയ് 15 വരെയായി ജൻ ധൻ ബാങ്ക് അക്കൗണ്ടുകളിൽ സർക്കാർ 16,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളിൽ നിന്ന് വളരെ കുറച്ച് പണം മാത്രമേ പിൻവലിച്ചിട്ടുള്ളൂ എന്നത് ആശ്ചര്യകരമാണ്. ദുരിതത്തിന്റെ തോത് അത്രത്തോളം ഇല്ലെന്ന് ഇത് കാണിക്കുന്നു, ”ഗുരുമൂർത്തി പറഞ്ഞു.

കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ലോകം “ബഹുരാഷ്ട്രവാദത്തിൽ നിന്ന് ഉഭയകക്ഷിയിലേക്ക്” മാറുമെന്നും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം വേഗത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!