കണക്കുകളും ലക്ഷ്യങ്ങളും സർക്കാരിന് വെട്ടിത്തിരുത്തേണ്ടി വരും; വളർച്ചയിൽ വൻ ഇടിവ് പ്രവചിച്ച് റേറ്റിം​ഗ് ഏജൻസികൾ

By Web TeamFirst Published Apr 26, 2020, 9:59 PM IST
Highlights

ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ഫീൽഡ് ഓഫീസർമാർക്ക് സിബിഡിടി സംസ്ഥാന തിരിച്ചുള്ള ലക്ഷ്യങ്ങൾ നൽകിയിട്ടുണ്ട്. 

കൊവിഡ് -19 മാന്ദ്യം മൂലം 2020 -21 കേന്ദ്ര ബജറ്റിലെയും 2019 -20 സാമ്പത്തിക സർവേയിലെയും ഔദ്യോഗിക സാമ്പത്തിക വളർച്ചയും ബജറ്റിൽ ഇന്ത്യൻ ധനകാര്യ രം​ഗത്തെപ്പറ്റി നടത്തിയ പ്രവചനങ്ങളും അർത്ഥശൂന്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നിങ്ങുന്നത്. 

2019 -20 സാമ്പത്തിക സർവേയിൽ 2020 -21ലെ ജിഡിപി വളർച്ച നിരക്ക് 6 -6.5 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2020 -21 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രത്തിന്റെ മൊത്തം ചെലവിന്റെ വലുപ്പം 30.4 ട്രില്യൺ രൂപയായി ബജറ്റ് ചെയ്തിരുന്നു.

മൊത്ത നികുതി വരുമാനം 24.23 ട്രില്യൺ രൂപയാണ്, അതേസമയം ഈ സാമ്പത്തിക വർഷം പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ 2.12 ട്രില്യൺ രൂപ നേടിയെടുക്കാമെന്നാണ് സർക്കാർ കണക്കാക്കിയിരുന്നത്. ജിഡിപിയുടെ 3.5 ശതമാനമാണ് ധനക്കമ്മി ലക്ഷ്യം. എന്നാൽ, കൊറോണയുടെ ആക്രമണത്തെ തുടർന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഈ കണക്കുകളെല്ലാം വെട്ടിത്തിരുത്തേണ്ടി വരും.

“ഈ നമ്പറുകൾ‌ ഇപ്പോൾ‌ അസാധുവാണ്. നോക്കൂ, ഞങ്ങൾക്ക് ഇപ്പോൾ പ്രൊജക്ഷനുകൾ നൽകാൻ കഴിയും, പക്ഷേ, ഒരാഴ്ചയ്ക്ക് ശേഷം ആ നമ്പറുകളും അപ്രസക്തമാകുമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ ധനകാര്യ രം​ഗത്തെപ്പറ്റിയുളള ലക്ഷ്യങ്ങൾ കൃത്യമായി കണക്കാക്കാൻ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്, ” ധനകാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

ലക്ഷ്യങ്ങൾ മാറ്റേണ്ടി വരും

ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ഫീൽഡ് ഓഫീസർമാർക്ക് സിബിഡിടി സംസ്ഥാന തിരിച്ചുള്ള ലക്ഷ്യങ്ങൾ നൽകിയിട്ടുണ്ട്, ഇവ നടപ്പാക്കിയെടുക്കാൻ പുതിയ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. അതിനാൽ വാർഷിക ലക്ഷ്യങ്ങളിൽ അന്തിമരൂപം ഉണ്ടാക്കാൻ പുതുക്കിയ ടാർഗെറ്റുകൾ ലഭ്യമാക്കേണ്ടി വരും. 

2019 -20ൽ, നേരിട്ടുള്ള നികുതി പിരിവ് ലക്ഷ്യമിട്ടതിൽ നിന്നും 1.42 ട്രില്യൺ രൂപയുടെ ഇടിവോടെ 10.27 ട്രില്യൺ രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം ഇടിവാണുണ്ടായത്. ഈ അനുഭവം നടപ്പ് സാമ്പത്തിക വർഷത്തെ ടാർഗെറ്റിനെ അർത്ഥശൂന്യമാക്കുന്നുവെന്ന് ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നു. 13.19 ട്രില്യൺ രൂപയുടെ ഈ വർഷത്തെ കളക്ഷൻ ലക്ഷ്യത്തിലെത്താൻ ബജറ്റിലെ 12 ശതമാനം നിരക്കിനെ അപേക്ഷിച്ച് 28.2 ശതമാനം വളർച്ച ആവശ്യമാണ്. എന്നാൽ, കൊവിഡിന്റെ സാഹചര്യത്തിൽ ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. വൻ ഇടിവ് നികുതി വരുമാനത്തിൽ സർക്കാരിനുണ്ടാകുമെന്നും അവർ പറയുന്നു.

അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) ലോക സാമ്പത്തിക ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ചാ പ്രവചനം ജനുവരിയിൽ പ്രതീക്ഷിച്ച 5.8 ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി കുറച്ചു. കൊറോണ വൈറസ് ലോക സമ്പദ്‌വ്യവസ്ഥയെ ഏറ്റവും മോശമായ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ഐഎംഎഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ആഘാതം പ്രതീക്ഷിച്ചതിലും മോശമാകുമെന്ന് വാദിച്ചുകൊണ്ട് ബാർക്ലേ 2020 കലണ്ടർ വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം പൂജ്യമായാണ് രേഖപ്പെടുത്തുന്നത്. 
 

click me!