ആദ്യ ആറ് മാസം 'നെ​ഗറ്റീവ്' വളർച്ചാ നിരക്ക്; രാജ്യത്തിന്റെ ആശങ്ക വർധിപ്പിച്ച് ആ​ഗോള റേറ്റിം​ഗ് ഏജൻസി

By Web TeamFirst Published Apr 23, 2020, 6:04 PM IST
Highlights

കൊറോണ ലോക്ക്ഡൗൺ ബിസിനസുകളെ തടസ്സപ്പെടുത്തുകയും ഇതിനകം മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിക്കുകയും ചെയ്തു. 

കൊറോണ വൈറസ് പകർച്ചവ്യാധിയും തത്ഫലമായുണ്ടായ ലോക്ക് ഡൗണുകളും കാരണം സമാനതകളില്ലാത്ത ആഗോള മാന്ദ്യം ഉണ്ടാകുന്നതായി ഫിച്ച് റേറ്റിം​ഗ്സ്. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ 0.8 ശതമാനമായി ഏജൻസി കുറച്ചു. നേരത്തെ ഏപ്രിൽ മൂന്നിന് ഫിച്ച് റേറ്റിംഗ്സ് 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് രണ്ട് ശതമാനമായി കണക്കാക്കിയിരുന്നു.

കൊറോണ വൈറസ് (കൊവിഡ് -19) പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനായി സർക്കാർ 21 ദിവസത്തിന് ശേഷം വീണ്ടും 19 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടിയ സമയത്തുളള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. കൊറോണ ലോക്ക്ഡൗൺ ബിസിനസുകളെ തടസ്സപ്പെടുത്തുകയും ഇതിനകം മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിക്കുകയും ചെയ്തു. 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ (എഫ്‌വൈ 21) 0.8 ശതമാനമായി കുറയുമെന്ന് ആഗോള സാമ്പത്തിക ഔട്ട്‌ലുക്കിൽ ഫിച്ച് റേറ്റിം​ഗ്സ് വ്യക്തമാക്കി. 

എന്നാൽ, വളർച്ച 2021 -22 ൽ 6.7 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ തുടർച്ചയായ രണ്ട് ത്രൈമാസങ്ങൾ സങ്കോചം അല്ലെങ്കിൽ നെഗറ്റീവ് വളർച്ച നിരക്ക് റേറ്റിംഗ് ഏജൻസി പ്രവചിക്കുന്നു. ഏപ്രിൽ -ജൂൺ മാസങ്ങളിൽ -0.2 ശതമാനവും ജൂലൈ -സെപ്റ്റംബറിൽ -0.1 ശതമാനവും, ഇവയാണ് ഈ സാമ്പത്തിക വർഷത്തിലെ ​നെ​ഗറ്റീവ് വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന പാദങ്ങൾ. ജനുവരി -മാർച്ച് മാസങ്ങളിൽ ഇത് 4.4 ശതമാനമായിരിക്കുമെന്നും കണക്കാക്കുന്നു.

2020 കലണ്ടർ വർഷത്തിന്റെ അവസാന പാദത്തിൽ വളർച്ച 1.4 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസവും രാജ്യം നെ​ഗറ്റീവ് വളർച്ചാ നിരക്കിലായിരിക്കുമെന്നാണ് ഏജൻസി പ്രവചിക്കുന്നത്. ഉപഭോക്തൃ ചെലവാക്കൽ നടപ്പ് സാമ്പത്തിക വർഷം 0.3 ശതമാനമായി കുറയും. കഴിഞ്ഞ വർഷം ഇത് 5.5 ശതമാനമായിരുന്നു. സ്ഥിര നിക്ഷേപത്തിൽ 3.5 ശതമാനം കുറവുണ്ടായതായി ഫിച്ച് പറഞ്ഞു. ഇതായിരിക്കും വളർച്ച ഇടിവിന് പ്രധാനകാരണമെന്ന് ഫിച്ച് പറയുന്നു. 

click me!