സ്വർണ വിലയിടിവ് താൽക്കാലികമോ? വരാനിരിക്കുന്ന മാസങ്ങളിൽ മഞ്ഞലോഹത്തിന്റെ പ്രകടനം എങ്ങനെ?

Anoop Pillai   | Asianet News
Published : Feb 28, 2021, 07:56 PM ISTUpdated : Mar 01, 2021, 12:17 PM IST
സ്വർണ വിലയിടിവ് താൽക്കാലികമോ? വരാനിരിക്കുന്ന മാസങ്ങളിൽ മഞ്ഞലോഹത്തിന്റെ പ്രകടനം എങ്ങനെ?

Synopsis

2020 ആഗസ്റ്റിന് ശേഷം ആറ് മാസത്തിനുള്ളിൽ 360 ഡോളറാണ് അന്താരാഷ്ട്ര തലത്തിൽ വിലയിടിഞ്ഞത്.   

ന്താരാഷ്ട്ര സ്വർണ വില 1,720 ഡോളർ വരെ താഴ്ന്ന ശേഷം 1735 ഡോളറിലാണിപ്പോൾ വ്യാപാരം നടക്കുന്നത്. രൂപ കൂടുതൽ ദുർബലമായി 73.60 നിലവാരത്തിലേക്ക് എത്തിയതാണ് സ്വർണ വിലയിൽ ഈ വൻ ഇടിവിന് കാരണം. ഒരു കിലോഗ്രാം തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 47 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ സ്വർണ നിരക്ക് ​ഗ്രാമിന് 4,270 രൂപയും പവന് 34,160 രൂപയുമാണ്. 

കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് അവസാനം തുടങ്ങിയ ലോക്ക്ഡൗൺ ജൂലൈയിൽ അവസാനിക്കുമ്പോൾ സ്വർണ വില ഏതാണ്ട് പാരമ്യത്തിലേക്കെത്തുകയായിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളെല്ലാം മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ  വൻകിട കോർപറേറ്റുകളടക്കം വലിയ തോതിൽ സ്വർണത്തിൽ നിക്ഷേപിച്ചത് സ്വർണ വില ഉയരുവാൻ കാരണമായിരുന്നു. പകർച്ചവ്യാധി ലോക മെമ്പാടും പടർന്നത് ആഗോള സാമ്പത്തിക തകർച്ചയ്ക്കും കാരണമായി.

2020 ആഗസ്റ്റ് ഏഴിന് സ്വർണ നിരക്ക് ആഗോള വിപണിയിൽ ഏക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. അന്താരാഷ്ട വില 2,080 ഡോളറിലേക്കും കേരളത്തിൽ നിരക്ക് ​ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയിലേക്കും എത്തി.

സ്വർണത്തിന്റെ ചാഞ്ചാട്ടം

കുത്തനെയുള്ള കയറ്റത്തിൽ, ഏഴ് മാസത്തിനുള്ളിൽ ഗ്രാമിന് 1,625 രൂപയും പവന് 13,000 രൂപയുടെയും വലിയ വർദ്ധനവാണുണ്ടായത്. ആഗസ്റ്റ് ഏഴിന് ശേഷം ഓരോ ദിവസവും വില താഴോട്ട് ഇടിയുന്ന പ്രവണതയാണുണ്ടായത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുകയും 4,270 ലേക്ക് എത്തുകയും ചെയ്തു. ഗ്രാമിന് 980 രൂപയും പവന് 7,840 രൂപയുടെയും കുറവാണുണ്ടായതെന്ന് ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു

2019 ജനുവരി ഒന്നിന് സ്വർണ വില ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നത് ഒരു വർഷത്തിനുള്ളിൽ ഗ്രാമിന് 705 രൂപയും പവന് 5640 രൂപയുടെയും വർദ്ധനവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ നിരക്ക് 1,278 ൽ നിന്നും 1,523 ഡോളറിലേക്ക് വരെ ഉയർന്നു. 245 ഡോളറിന്റെ വർധനയാണുണ്ടായത്.

2020 ൽ 1,519 ഡോളറിൽ നിന്നും 2,080 ഡോളറിലെത്തി റെക്കോർഡിട്ടപ്പോൾ 561 ഡോളറിന്റെ വില വ്യത്യാസമാണ് ആഗസ്റ്റ് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, 2020 ആഗസ്റ്റിന് ശേഷം ആറ് മാസത്തിനുള്ളിൽ 360 ഡോളറാണ് അന്താരാഷ്ട്ര തലത്തിൽ വിലയിടിഞ്ഞത്. 

"താൽക്കാലികമായെങ്കിലും ആഭ്യന്തര വിപണിയിലെ വില കുറയാനുള്ള സാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ 50 ഡോളറെങ്കിലും ഇനിയും നിരക്ക് താഴ്ന്നേക്കുമെന്ന സൂചനകളുണ്ട്. ഇനിയൊരു തിരുത്തലിന് സാധ്യത കുറവാണെന്നും ചെറിയ ചാഞ്ചാട്ടത്തിന് ശേഷം വരും മാസങ്ങളിൽ വിലവർദ്ധിക്കാൻ തന്നെയാണ് സാധ്യതയെന്നും പ്രവചനങ്ങളുണ്ട്," അബ്ദുൽ നാസർ പറഞ്ഞു. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?