സ്വര്‍ണം ലോകത്തെ വിറപ്പിക്കുന്നു !, ആര്‍ക്കും നിയന്ത്രിക്കാനാകാതെ ചരിത്രം തിരുത്തി മഞ്ഞലോഹം

By Anoop PillaiFirst Published Feb 24, 2020, 5:05 PM IST
Highlights

ലോകത്ത് മറ്റൊരു ഉൽപ്പന്നത്തിനും ഇങ്ങനെയൊരു വിലക്കയറ്റം വന്നിട്ടില്ല. വലിയ ലാഭം നിക്ഷേകർക്ക് ലഭിച്ചിട്ടുള്ളതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

സ്വർണവില ആഗോള വിപണിയെ ആശങ്കപ്പെടുത്തി മുന്നേറുകയാണ്. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലും പടർന്നു പിടിച്ചതും, മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും വാക്സിൻ കണ്ടുപിടിക്കാൻ താമസിക്കുന്നതും ആഗോള സമ്പദ്ഘടനയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുമൂലം വലിയ ആശങ്കയാണ് ആഗോള സാമ്പത്തിക രംഗത്ത് രൂപപ്പെട്ടിട്ടുള്ളത്. 

ഈ ആശങ്കകൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് സ്വർണ വിലയിലാണ്. ഓഹരി വിപണികള്‍, ഇടിഎഫ്, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപ വളര്‍ച്ച നല്‍കുന്ന ബിസിനസുകൾ തുടങ്ങിയ കൂടുതൽ ദുർബലമാകുന്ന സാഹചര്യത്തിലാണ് സ്വർണം സുരക്ഷിത നിക്ഷേപമായി നിലനില്‍ക്കുന്നത്. 

2000 ത്തിൽ പവൻ വില 3,200 രൂപയായിരുന്നു. 2020 ൽ 32,000 രൂപയായി അത് കുതിച്ചുയര്‍ന്നു. 900 ശതമാനം വർദ്ധനവാണ് 20 വർഷത്തിനുള്ളിൽ സ്വർണത്തിനനുഭവപ്പെട്ടത്. ലോകത്ത് മറ്റൊരു ഉൽപ്പന്നത്തിനും ഇങ്ങനെയൊരു വിലക്കയറ്റം വന്നിട്ടില്ല. വലിയ ലാഭം നിക്ഷേകർക്ക് ലഭിച്ചിട്ടുള്ളതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

കേരളത്തിൽ ആഭരണമായാണ് സ്വര്‍ണം കൂടുതൽ വാങ്ങുന്നത്. ആഘോഷവേളകളിൽ അണിയുന്നതിനും അത്യാവശ്യത്തിന് പണമാക്കാനുമാണ് ജനങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നിത്. ഇതിനൊപ്പം ബാറുകളും, നാണയങ്ങളും വാങ്ങുന്നവരുടെ എണ്ണവും ക്രമാധീതമായി വർദ്ധിക്കുകയാണ്. ലോകത്ത് ആളോഹരി സ്വർണം കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗത്തില്‍ ഏറ്റവും മുന്നിലുളള സംസ്ഥാനമാണ് കേരളം. 

 

നിരക്ക് 1,700 ഡോളര്‍ കടക്കുമോ? 

അന്താരാഷ്ട്ര സ്വർണ്ണവില 1,700 ഡോളറിനടുത്തെത്തിയിരിക്കുകയാണ്. 1,683 ഡോളറിലാണ് ഇപ്പോഴത്തെ സ്വര്‍ണ നിരക്ക്. ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് 71.87 ലാണ്. ഇന്ന് രാവിലെ 40 രൂപ വർധിച്ച് 3,275 രൂപ ഗ്രാമിനും, 320 രൂപ വർദ്ധിച്ച് പവന് 31,800 രൂപയുമായിരുന്നത് ഉച്ചയ്ക്ക് ശേഷം വില വീണ്ടും 25 രൂപ വർദ്ധിച്ച് സ്വര്‍ണ നിരക്ക് ഗ്രാമിന് 4,000 രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയിരിക്കുകയാണ്. അതായത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പവന് കൂടിയത് 200 രൂപയാണ്. സ്വർണ വില 1,700 ഡോളർ കടന്നാൽ ചെറിയ തിരുത്തലിന് സാധ്യതയുണ്ടെന്നും അതല്ല നിരക്ക് 1,800 ഡോളറിലേക്കുള്ള പ്രയാണമായിരിക്കുമെന്നുമുളള പ്രവചനങ്ങളാണ് പുറത്തുവരുന്നതെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമായ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.  

വിലക്കയറ്റം കേരളത്തിലെ സ്വർണ മേഖലയിൽ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിട്ടുള്ളത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെ നിരക്ക് റെക്കാർഡുകൾ ഭേദിച്ചാണ് മുന്നോട്ട് കുതിക്കുന്നത്. വിവാഹ സീസൺ ആരംഭിക്കാൻ രണ്ട് മാസമുള്ളതിനാൽ ഇപ്പോള്‍ കാര്യമായ വിൽപനയില്ല. വരും ദിവസങ്ങളിലും വില വർദ്ധനയ്ക്ക് തന്നെയാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റും ഭീമ ജുവല്ലേഴ്സ് ചെയർമാനുമായ ഡോ. ബി ഗോവിന്ദൻ പറഞ്ഞു.

2012 നേക്കാൾ വില വർദ്ധനവാണ് 2020 ൽ സ്വർണത്തിന് അനുഭവപ്പെടുന്നതെന്നും, വില പ്രവചനാതീതമായി മുന്നോട്ടു കുതിക്കുകയാണെന്നും കേരള ജുവല്ലേഴ്‌സ് ഫെഡറേഷൻ (KJF) ജനറൽ സെക്രട്ടറിയും മലബാർ ഗ്രൂപ്പ് ചെയർമാനുമായ എം.പി.അഹമ്മദ് അഭിപ്രായപ്പെട്ടു.

കേരള വിപണിയിൽ സ്വർണ വ്യാപാരം  കുറവാണെന്നും വില വർദ്ധനവ്‌ അനുഗ്രഹമാണെന്ന നിലയിൽ പഴയ സ്വർണം വിറ്റഴിക്കുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നതായും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി പറഞ്ഞു. വിലക്കയറ്റ സാധ്യത തന്നെയാണ് നിലനിൽകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
 

click me!