കേന്ദ്ര - കേരള സർക്കാരുകൾ 'ഹാപ്പി'; മാർച്ചിലെ ജി എസ് ടി വരുമാനം സർവകാല റെക്കോർഡിൽ

By Web TeamFirst Published Apr 1, 2022, 5:11 PM IST
Highlights

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതാണ് ഇത്തരത്തിൽ വരുമാനം വർധിക്കാനുണ്ടായ കാരണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു

ദില്ലി: രാജ്യത്ത് മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം സർവകാല റെക്കോർഡിൽ എത്തിയെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം 142095 കോടി രൂപയാണ്. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ 1.40 ലക്ഷം കോടി രൂപയുടെ ജി എസ് ടി വരുമാനം നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതാണ് ഇത്തരത്തിൽ വരുമാനം വർധിക്കാനുണ്ടായ കാരണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിന് പുറമെ നികുതി വെട്ടിപ്പിനെതിരെ ഏജൻസികൾ നടത്തിയ ശക്തമായ പ്രതിരോധ പ്രവർത്തനവും അന്വേഷണവും വരുമാന വർധനവിന് സഹായകരമായെന്നും മന്ത്രാലയം വിശദീകരിച്ചു.

കഴിഞ്ഞ വർഷം മാർച്ച് മാസത്തിലെ വരുമാനത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് 2022 മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനത്തിൽ ഉണ്ടായത്. 2020 മാർച്ച് മാസത്തെ അപേക്ഷിച്ച് ജി എസ് ടി വരുമാനത്തിൽ 46 ശതമാനം ഉയർച്ചയാണ് ഇത്തവണ ഉണ്ടായതെന്നും ധനകാര്യ മന്ത്രാലയം പറയുന്നു.

ഇതോടെ തുടർച്ചയായ ആറാമത്തെ മാസവും ജി എസ് ടി വരുമാനം 1.30 ലക്ഷം കടന്നു. അതേസമയം കേരളത്തിലെ മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം 2089 കോടി രൂപയാണ്. 2021 മാർച്ച് മാസത്തെ അപേക്ഷിച്ച് കേരളത്തിലെ ജി എസ് ടി വരുമാനത്തിൽ 14 ശതമാനത്തിന്റെ വർധനയുണ്ടായെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം 1828 കോടി രൂപയായിരുന്നു.

click me!