
ദില്ലി: ഖനന മന്ത്രാലയത്തിന് കീഴിൽ കേന്ദ്രസർക്കാർ ആരംഭിച്ച ഖനിജ് ബിദേശ് ഇന്ത്യയും ഓസ്ട്രേലിയൻ സർക്കാരിന്റെ ക്രിട്ടിക്കൽ മിനറൽ ഫെസിലിറ്റേഷൻ ഓഫീസും പുതിയ കരാറിൽ ഒപ്പുവെച്ചു. ഓസ്ട്രേലിയയിലെ ലിഥിയം, കൊബാൾഡ് ശേഖരം തിരിച്ചറിയുകയും ഖനനം നടത്തുകയുമാണ് ലക്ഷ്യം. ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് കരാറിൽ ഒപ്പിട്ടതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ സർക്കാർ തലത്തിൽ ഈ മേഖലയിലുള്ള തുടർ സഹകരണത്തിന് കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായുള്ളതാണ് പുതിയ കരാർ.
ഖനന മേഖലയുടെ പരിഷ്കരണത്തിനും ധാതുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടാണ് 2019 ൽ പുതിയ കമ്പനി കേന്ദ്ര സർക്കാർ രൂപീകരിച്ചത്. ഖബിൽ അഥവാ ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്. നാഷണൽ അലൂമിനിയം കമ്പനി, എച്ച് സി എൽ , എം ഇ സി എൽ എന്നീ കമ്പനികളുടെ കൂടി പങ്കാളിത്തത്തോടെയാണ് പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചത്. ധാതുക്കളുടെ സ്രോതസ് കണ്ടെത്തുന്നതും സംരക്ഷിക്കുന്നതും അടക്കമുള്ള നിർണായക കാര്യങ്ങൾ കമ്പനി ഏറ്റെടുക്കും.
വിദേശ ഖനികളെ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാർ നീക്കം. ലിഥിയം, കൊബാൾട്ട് തുടങ്ങിയവ ലഭ്യമായ വിദേശ ഖനികളിൽ നിന്ന് ഇത് കുഴിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. ലക്ഷ്യം കാണാനായാൽ ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങൾക്ക് ബലമേകാൻ കമ്പനിക്ക് സാധിക്കും. പ്രധാനമായും റിന്യൂവബിൾ എനർജി, മരുന്നുൽപ്പാദനം, എയ്റോസ്പേസ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ ഭാവിയിൽ ഇന്ത്യയുടെ കരുത്തായി ഈ സ്ഥാപനം മാറിയേക്കും.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി സെല്ലുകൾ നിർമ്മിക്കാൻ ബഹുരാഷ്ട്ര കമ്പനികൾക്ക് 2.4 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് കേന്ദ്രസർക്കാർ നൽകുന്നുണ്ട്. ലിഥിയം ഈ സെക്ടറിലെ സ്വർണമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ലിഥിയത്തിന്റെ വില വൻതോതിൽ ഉയർന്നിരുന്നു. ഓസ്ട്രേലിയയിൽ ലിഥിയം സ്രോതസുകൾ കണ്ടെത്താനും കുഴിച്ചെടുക്കാനുമായാൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രിക് വാഹന നിർമ്മാണ വിപണിയെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.