ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 10 ശതമാനത്തിലേറെ ചുരുങ്ങും, പോസിറ്റീവ് വളർച്ചാ നിരക്കുളള ഏക രാജ്യം ചൈന: ഐഎംഎഫ്

Web Desk   | Asianet News
Published : Oct 13, 2020, 07:17 PM ISTUpdated : Oct 13, 2020, 07:41 PM IST
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 10 ശതമാനത്തിലേറെ ചുരുങ്ങും, പോസിറ്റീവ് വളർച്ചാ നിരക്കുളള ഏക രാജ്യം ചൈന: ഐഎംഎഫ്

Synopsis

ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോള വളർച്ച ഈ വർഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ൽ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു.  

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു.

എന്നാൽ, 2021 ൽ 8.8 ശതമാനമെന്ന മികച്ച വളർച്ചാ നിരക്കിനൊപ്പം ഇന്ത്യ വൻ തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി. 2021 ൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ സ്ഥാനം ഇന്ത്യ വീണ്ടെടുക്കുകയും ചൈനയുടെ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യുമെന്ന് ഐഎംഎഫിന്റെ കണ്ടെത്തൽ. നാണയ നിധിയുടെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് വിവരങ്ങളുളളത്.

ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോള വളർച്ച ഈ വർഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ൽ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു.

അമേരിക്കയും ചുരുങ്ങും

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ 2020 ൽ 5.8 ശതമാനം ചുരുങ്ങുമെന്നും അടുത്ത വർഷം 3.9 ശതമാനം വളർച്ച കൈവരിക്കും. പ്രധാന സമ്പദ് വ്യവസ്ഥകളിൽ, 2020 ൽ പോസിറ്റീവ് വളർച്ചാ നിരക്ക് കാണിക്കുന്ന ഏക രാജ്യം ചൈനയാണെന്നും (1.9 ശതമാനം വളർച്ച) റിപ്പോർട്ടിൽ പറയുന്നു.

"മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും വളരെ ശക്തമായി ചുരുങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവചനത്തിലെ പരിഷ്കാരങ്ങൾ വളരെ വലുതാണ്. തൽഫലമായി, 2020 ൽ സമ്പദ് വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, 2021 ൽ ഇത് 8.8 ശതമാനം ഉയരുകയും ചെയ്യും. 2019 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു, " ഐഎംഎഫ് റിപ്പോർട്ട് പറയുന്നു. 

ആഗോളതാപനത്തിന്റെ ഏറ്റവും വലിയ നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളവരിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം മൂലമുളള ആഘാതം 2100 ഓടെ ജിഡിപിയുടെ 60-80 ശതമാനം വരെ ആയിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള നഷ്ടത്തിന്റെ കണക്കുകൾ തണുത്ത പ്രദേശങ്ങളിൽ (ഉദാഹരണത്തിന്, യൂറോപ്പ്, വടക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ) താരതമ്യേന കുറവായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 

ഇന്ത്യയുടെ മുന്നിൽ വലിയ പ്രതിസന്ധി

കഴിഞ്ഞയാഴ്ച ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചിരുന്നു. "മാർച്ചിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, ”ലോക ബാങ്ക് ദക്ഷിണേഷ്യ സാമ്പത്തിക ഫോക്കസ് റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പറയുന്നു.

"ഇന്ത്യയിൽ സ്ഥിതി മുമ്പത്തേക്കാൾ വളരെ മോശമാണ്, ”ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഫോർ സൗത്ത് ഏഷ്യ കഴിഞ്ഞ ആഴ്ച ഒരു കോൺഫറൻസ് കോളിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയിലെ അസാധാരണമായ ഒരു സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം രണ്ടാം പാദത്തിൽ ജിഡിപിയിൽ 25 ശതമാനം ഇടിവ് ഉണ്ടായി. (അതായത് ഇന്ത്യയിലെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം). വൈറസ് പടരുന്നതും അതിനെ നിയന്ത്രിക്കാൻ വേണ്ടി സ്വീകരിക്കുന്ന നടപടികളും ഇന്ത്യയിലെ വിതരണ, ഡിമാൻഡ് അവസ്ഥകളെ സാരമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ ലോക ബാങ്ക് പറയുന്നു.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?