പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്രെഡിറ്റ് കാർഡ് പലിശ ഒരു വർഷത്തേക്ക് 10 ശതമാനമായി പരിമിതപ്പെടുത്താൻ നിർദ്ദേശിക്കുന്നു. റെക്കോർഡ് കടബാധ്യതയിൽ വലയുന്ന അമേരിക്കൻ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകുമെങ്കിലും ബാങ്കിംഗ് മേഖലയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നു
ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുകയാണ്. ക്രെഡിറ്റ് കാർഡ് പലിശ ഒരു വർഷത്തേക്ക് 10 ശതമാനമായി ചുരുക്കുക അതുവഴി ക്രെഡിറ്റ് കാർഡ് പലിശക്ക് ഒരു നിശ്ചിത പരിധി നിശ്ചയിക്കുക എന്നതാണ് ട്രംപിന്‍റെ നിർദ്ദേശം. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, 20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനികൾ ഇനി ജനങ്ങളെ 'കബളിപ്പിക്കരുത്' എന്നാണ് ട്രംപ് പറഞ്ഞത്. താൻ അധികാരമേറ്റിട്ട് ഒരു വർഷം പൂർത്തിയാകുന്ന ജനുവരി 20 മുതൽ ഈ പരിധി പ്രാബല്യത്തിൽ വരണം എന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാൽ, ഇത് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണോ നിയമത്തിലൂടെയാണോ നടപ്പാക്കുകയെന്നത് ഇപ്പോഴും വ്യക്തമല്ല.
ക്രെഡിറ്റ് കാർഡ് കടം 1.23 ട്രില്യൺ ഡോളർ
ഇത് കടബാധ്യതയിൽ നീറുന്ന ഒരു രാജ്യത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന വിപ്ലവകരമായ നിർദേശമാണ്. 2024 -ൽ ഏകദേശം 195 ദശലക്ഷം അമേരിക്കക്കാർക്ക് ക്രെഡിറ്റ് കാർഡുകളുണ്ടായിരുന്നു. അവരിൽ നിന്ന് ഈടാക്കിയ പലിശ മാത്രം 160 ബില്യൺ ഡോളറായിരുന്നുവെന്ന് കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോ പറയുന്നു. മൊത്തം ക്രെഡിറ്റ് കാർഡ് കടം ഇപ്പോൾ ഏകദേശം 1.23 ട്രില്യൺ ഡോളറാണ്, ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന നില. ശരാശരി പലിശ നിരക്ക് 19.6 മുതൽ 21.5 ശതമാനം വരെയാണ്. 1990 -കളിൽ നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളോടടുത്തതാണ് ഇത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇത് ഏകദേശം 12 ശതമാനമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ വാദം പലർക്കും സ്വീകാര്യമാകുന്നത്. ഇത് ഒരു സങ്കീർണ്ണ നയസമീപനമല്ല. മറിച്ച് , സാധാരണക്കാർ നേരിടുന്ന യാഥാർഥ്യമാണ്.

ട്രംപിന്‍റെ 10 ശതമാനത്തിന്‍റെ പരിധി അമേരിക്കക്കാർക്ക് വർഷം തോറും ഏകദേശം 100 ബില്യൺ ഡോളർ പലിശയിൽ ലാഭമുണ്ടാക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം മാത്രമായാലും ആധുനിക സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യത്തെ സാമ്പത്തിക ഘടനയിലെ സുപ്രധാന മാറ്റമായിരിക്കും ഇത്. ആ പണം കുടുംബങ്ങളുടെ കൈയ്യിൽ തന്നെ നിലനിൽക്കും. വീട്, ആരോഗ്യചികിത്സ, ഭക്ഷണം തുടങ്ങിയ ചെലവുകൾ മൂലം സമ്മർദത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് അത് വലിയ ആശ്വാസമാകും.
ബാങ്കുകളുടെ വാദം
ബാങ്കിംഗ് മേഖലയിലെ പ്രതികരണം പ്രതീക്ഷിച്ചതായിരുന്നു. അത് വേഗത്തിൽ വന്നു. പലിശ കുറച്ചാൽ, പ്രത്യേകിച്ച് ഉയർന്ന കടബാധ്യതയും കുറഞ്ഞ വരുമാനവും തിരിച്ചടക്കാനുള്ള ശേഷി കുറഞ്ഞവർക്കും വായ്പ നൽകുന്നത് കുറയ്ക്കേണ്ടിവരുമെന്നും അവർ പേഡേ ലോൺ, പണയ സ്ഥാപനങ്ങൾ തുടങ്ങിയ ഉയർന്ന ചെലവുള്ള വഴികളിലേക്ക് തള്ളപ്പെടുമെന്നും ബാങ്കുകൾ വാദിക്കുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഡെബിറ്റ് കാർഡ് ഫീസ് പരിധിപെടുത്തിയപ്പോൾ ബാങ്കുകൾ റിവാർഡുകളും ആനുകൂല്യങ്ങളും ഒഴിവാക്കി. വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് അവ തിരിച്ചെത്തിയത്.
ഇത്തവണയും ക്രെഡിറ്റ് കാർഡ് കമ്പനികൾ റിവാർഡ് പദ്ധതികൾ കുറയ്ക്കാനും വായ്പാ മാനദണ്ഡങ്ങൾ കടുപ്പിക്കാനും മറ്റു ആനുകൂല്യങ്ങൾ ചുരുക്കാനുമുള്ള സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് വരുമാനം ലഭിക്കുന്നത് മൂന്ന് വഴികളിലൂടെയാണ്. വ്യാപാരികളിൽ നിന്നുള്ള ഫീസ്, ഉപഭോക്താക്കളിൽ നിന്നുള്ള ഫീസ്, ബാക്കി തുകയ്ക്കുള്ള പലിശ. ഒരു വർഷത്തെ പരിധി വ്യാപകമായി അക്കൗണ്ടുകൾ അടയ്ക്കാൻ കാരണമാകുമെന്ന വാദം തെളിവുകളേക്കാൾ ഉപഭോക്താക്കൾക്ക് മേലുള്ള അധികാരം ഉറപ്പിക്കാൻ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെഡിറ്റ് നയങ്ങൾ ബാങ്കുകൾ പലപ്പോഴും രാഷ്ട്രീയ ആയുധമായും ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം അമേരിക്കയിൽ ഇതിനകം തന്നെ ചില മേഖലകളിൽ പലിശ പരിധികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൈനികർക്കായുള്ള മിലിറ്ററി ലെൻഡിംഗ് ആക്റ്റ്, പലിശ പരിധിപ്പെടുത്തുന്നു. ക്രെഡിറ്റ് യൂണിയൻ കാർഡുകൾക്കും ഫെഡറൽ നിയന്ത്രണങ്ങളുണ്ട്. ഈ നയങ്ങൾ ക്രെഡിറ്റ് വിപണിയെ തകർത്തിട്ടില്ല. പലിശ പരിധികൾ അമേരിക്കൻ സാമ്പത്തിക സംവിധാനത്തിന് എതിരായതല്ലെന്നും ഉപഭോക്തൃ സംരക്ഷണത്തിന്‍റെ ഭാഗമാണെന്നും ഇവ തെളിയിക്കുന്നു.

യഥാർത്ഥ പ്രതിസന്ധി
യഥാർത്ഥ സാമ്പത്തിക ചോദ്യം ബാങ്കുകൾക്ക് പ്രതിസന്ധി ഉണ്ടാകുമോയെന്നതല്ല. അത് താൽക്കാലികമായെങ്കിലും ഉണ്ടാകും. എന്നാൽ, ആ പ്രതിസന്ധി സാധാരണ ജനങ്ങളെ ദോഷപ്പെടുത്താതെ സംവിധാനത്തിന് സഹിക്കാനാകുമോയെന്നതാണ്. നിലവിലുള്ള ഗവേഷണങ്ങൾ പറയുന്നത് അത് സാധ്യമാണെന്നതാണ്. ഒരു വർഷത്തെ പരിധി ഉപഭോക്തൃ ധനകാര്യത്തിന്‍റെ സ്ഥിരമായ പുനർനിർമ്മാണമല്ല. ചരിത്രപരമായി ഉയർന്ന കടബാധ്യതയുള്ള കാലത്ത് ഒരു അയവാകുമത്. ചെറിയ തോതിൽ വായ്പ കടുപ്പിച്ചാലും, ബില്യൺ കണക്കിന് ഡോളർ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരതയെ മെച്ചപ്പെടുത്തും.
അവ്യക്തത നിലനിൽക്കുന്നു
രാഷ്ട്രീയമായി നോക്കുമ്പോൾ, ട്രംപിന്‍റെ ഈ നീക്കം ശ്രദ്ധേയമാണ്, കാരണം ഇത് അദ്ദേഹത്തിന്‍റെ പൊതുവേ വ്യവസായ സൗഹൃദ സമീപനത്തിൽ നിന്നുള്ള ഒരു മാറ്റമാണ്. വലിയ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാടുകളും, കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയെ അവഗണിക്കുന്ന സമീപനവും അദ്ദേഹത്തിന്‍റെ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഈ പരിധി, അദ്ദേഹത്തിന്‍റെ ജനകീയ പ്രവണതയും വാൾ സ്ട്രീറ്റിലെ പിന്തുണക്കാരും തമ്മിലുള്ള സംഘർഷം തുറന്നുകാട്ടുന്നു. അതുകൊണ്ടാവാം ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നത്.
സാമ്പത്തികമായി, ഈ നിർദ്ദേശം വളരെ കാലമായി ഒഴിവാക്കപ്പെട്ട ഒരു ചോദ്യത്തെ മുന്നിലെത്തിക്കുന്നു: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്തിൽ, സാധാരണ ജീവിതത്തിനുള്ള ക്രെഡിറ്റിന് സബ്‌പ്രൈം വായ്പകളെപ്പോലെയുള്ള പലിശനിരക്കുകൾ സാധാരണമായിരിക്കണമോ? 10 ശതമാനത്തിന്‍റെ താൽക്കാലിക പരിധി അമേരിക്കയുടെ കടസംസ്‌കാരം മാറ്റില്ല. പക്ഷേ, 20 ശതമാനത്തിലധികം പലിശ 'നോർമൽ' ആണ് എന്ന ധാരണയെ അത് ചോദ്യം ചെയ്യും. കുടുംബങ്ങൾ കടുത്ത സമ്മർദത്തിലായിരിക്കുന്ന ഈ കാലത്ത്, ആ ചോദ്യം തന്നെ അലയൊലികൾ സൃഷ്ടിക്കാൻ മതിയാകും. ട്രംപിന്‍റെ നിർദേശം മറ്റ് രാജ്യങ്ങളും ഏറ്റെടുക്കുമോയെന്ന കാര്യവും ഏറെ പ്രസക്തമാണ്.


