ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുന്നത് എപ്പോൾ? കാത്തിരിപ്പ് നീളുമെന്ന് ലാൻസെറ്റ് പഠനം

By Web TeamFirst Published Oct 10, 2020, 3:40 PM IST
Highlights

ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2029 ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നായിരുന്നു പറഞ്ഞത്. 

ദില്ലി: അമേരിക്ക, ചൈന എന്നിവയ്ക്ക് പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2050 ൽ ഇന്ത്യ മാറുമെന്ന് മെഡിക്കൽ ജേർണലായ ലാൻസെറ്റ്. 2100 വരെ രാജ്യം ഈ സ്ഥാനത്ത് തുടരും. 2030 ഓടെ ജപ്പാന് പിന്നിൽ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നേറും. 

ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ഫ്രാൻസും യുകെയും ഇപ്പോഴുള്ളത്. ലാൻസെറ്റിലെ പരാമർശവുമായി വളരെ സമാനതകളുള്ളതാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലും. 2047 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ മെയ് മാസത്തിൽ പറഞ്ഞത്.

കൊവിഡ് സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ ഗതിവേഗം നിയന്ത്രിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജപ്പാൻ സെന്റർ ഫോർ ഇക്കണോമിക് റിസർച് ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2029 ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നായിരുന്നു പറഞ്ഞത്. ഇതോടെ 2025 ൽ അഞ്ച് ലക്ഷം ഡോളർ ജിഡിപിയുള്ള രാജ്യമായി മാറണമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം വൈകുമെന്ന് കൂടിയാണ് വ്യക്തമാകുന്നത്.

click me!