ഒന്നര മണിക്കൂറിൽ തിരുവനന്തപുരം-എറണാകുളം യാത്ര! കേന്ദ്രാനുമതി കാത്ത് കേരളത്തിന്റെ അതിവേഗ റെയില്‍ പാത പദ്ധതി

By Web TeamFirst Published Oct 10, 2020, 12:49 PM IST
Highlights

പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ-റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. 

സംസ്ഥാനത്ത് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് (സില്‍വര്‍ലൈന്‍) കേന്ദ്രാനുമതി ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്കുവേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ -റെയില്‍) സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍ നിന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്.   

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍.

പദ്ധതി ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മികച്ച പ്രതിഫലം നല്‍കി മുന്നോട്ടു പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഒന്നര മണിക്കൂറിൽ തിരുവനന്തപുരം-എറണാകുളം !

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട്  കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍  ഏറെ തിരക്കുള്ള തിരുവനന്തപുരം -എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്.

പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ-റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വെ, പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ ഭൂഗര്‍ഭ പഠനം, ട്രാഫിക് സര്‍വെ എന്നിവയ്ക്കുശേഷമായിരുന്നു  ഡിപിആര്‍ തയാറാക്കി സംസ്ഥാന സര്‍ക്കാരിനും പിന്നാലെ കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ചത്.  

കൊവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിര്‍മാണ സമയത്തും അതിനുശേഷവും നിരവധി തൊഴിലവസരങ്ങളായിരിക്കും പദ്ധതിയിലൂടെ ലഭിക്കുന്നത്. കേരളത്തിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതി പ്രാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.    

നിലവിലുള്ള ലൈന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിര്‍മാണം കൂടുതല്‍ ചെലവേറിയതും കൂടുതല്‍ നിര്‍മിതികള്‍ ഇല്ലായ്മ ചെയ്യേണ്ടിവരുന്നതുമാണെന്ന് ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് പ്രത്യേക ലൈന്‍ സ്വീകരിക്കേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. 

click me!