ഉത്സവ സീസൺ നാളെ ആരംഭിക്കും, പ്രതീക്ഷയോടെ വാഹന നിർമാണ മേഖല; വിൽപ്പനക്കണക്കുകൾ പുറത്തുവിട്ട് സിയാം

By Web TeamFirst Published Oct 16, 2020, 4:47 PM IST
Highlights

ജൂലൈ-സെപ്റ്റംബർ കാലയളവിൽ പാസഞ്ചർ കാറുകളുടെ വിൽപ്പന 16 ശതമാനം വർദ്ധിച്ചു.

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 17 ശതമാനം ഉയർന്നു. വ്യവസായ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സാണ് (സിയാം) ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ഡിമാൻഡിൽ ഇടിവുണ്ടായെങ്കിലും വരാനിരിക്കുന്ന ഉത്സവ സീസണിൽ രാജ്യത്തെ വാഹന നിർമാണ മേഖലയിൽ വീണ്ടെടുക്കലുണ്ടാകുമെന്നാണ് ഡാറ്റ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 2020 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 7,26,232 പാസഞ്ചർ വാഹനങ്ങളുടെ (പാസഞ്ചർ കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും ഉൾപ്പെടെ) വിൽപ്പന നടന്നു. 2019 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ ഇത് 6,20,620 ആയിരുന്നു.

പുതിയ കൊവിഡ് അണുബാധ സംബന്ധിച്ച പ്രതിസന്ധികൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നാല് ദശകത്തിനിടെ സമ്പദ്ഘടനയിൽ ഏറ്റവും മോശം വാർഷിക സങ്കോചം അനുഭവപ്പെടുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്, മാർച്ച് പാദത്തിൽ മാത്രമാണ് പോസിറ്റീവ് വളർച്ച പ്രതീക്ഷിക്കുന്നത്. 

ജൂലൈ-സെപ്റ്റംബർ കാലയളവിൽ പാസഞ്ചർ കാറുകളുടെ വിൽപ്പന 16 ശതമാനം വർദ്ധിച്ചു. ഈ പാദത്തിൽ മൊത്തം 4,26,316 കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഇത് 3,67,696 ആയിരുന്നു.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 20 ശതമാനം ഇടിഞ്ഞ് 1,33,524 യൂണിറ്റായി. "ചില സെഗ്മെന്റുകൾ വീണ്ടെടുക്കലിന്റെ അടയാളങ്ങൾ കാണിക്കുന്നു... നാളെ ആരംഭിക്കുന്ന ഉത്സവ സീസണിൽ നല്ല ഡിമാൻഡാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, ”ത്രൈമാസത്തെ കണക്കുകളെക്കുറിച്ച് സിയാം പ്രസിഡന്റ് കെനിചി അയുകാവ പറഞ്ഞു.
 

click me!