സ്വർണ ഇടിഎഫുകളിൽ നിക്ഷേപ താൽപര്യം കൂടുന്നു; അന്താരാഷ്ട്ര സ്വർണ നിരക്ക് 1,800 ഡോളറിലേക്ക് നീങ്ങുന്നു

By Anoop PillaiFirst Published Jun 22, 2020, 5:54 PM IST
Highlights

ഉച്ചയ്ക്ക് ശേഷം ഏഴ് ഡോളർ വില വ്യത്യാസം വന്നെങ്കിലും 76.44 ലായിരുന്ന രൂപ കരുത്തു കാട്ടി 76.02 ലേക്ക് എത്തിയതിനാൽ സ്വർണത്തിന്റെ വിൽപ്പന വിലയിൽ ചലനങ്ങളുണ്ടായില്ല. 

ലിസ്റ്റ് ചെയ്ത എക്സ്ചേഞ്ചിലൂടെയോ, മൂച്വൽ ഫണ്ട് കമ്പനി വഴിയോ എപ്പോൾ വേണമെങ്കിലും വിറ്റഴിക്കാൻ കഴിയുന്ന സ്വർണ ഇടിഎഫുകളിൽ നിക്ഷേപക താല്പര്യം കൂടുന്നതായി വിപണി നിരീക്ഷകർ. സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറിയതോടെ ആഭ്യന്തര ആഭരണ വിപണിയിൽ വിൽപ്പന സമ്മർദ്ദം വർധിച്ചിരിക്കുകയാണ്.

രൂക്ഷമാകുന്ന കൊറോണ പകർച്ചവ്യാധി, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര വേഗത്തിൽ വീണ്ടെടുക്കാതിരിക്കുന്ന അവസ്ഥ എന്നിവയാണ് സ്വർണ വിലയിലെ വൻ വർധനയ്ക്ക് കാരണമെന്ന് ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

ലോകത്തിലെ അതിസമ്പന്നർ 8.75 ട്രില്യൺ ഡോളറാണ് ഒൻപത് സ്വകാര്യ ബാങ്കുകളിലായി സ്വർണത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. അവരുടെ സ്വർണ വിഹിതം ഇനിയും വർദ്ധിപ്പിക്കാനുള്ള നീക്കവും സ്വർണ വില ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 

നിരക്ക് 1,800 ലേക്ക് നീങ്ങുന്നു

നിലവിൽ അന്താരാഷ്ട്ര സ്വർണ വില 1,751 ഡോളറും രൂപയുടെ വിനിമയ നിരക്ക് 76.44 മാണ്. മെയ് 18 ന് 1,765 ഡോളറിലെത്തിയ അന്താരാഷ്ട്ര സ്വർണ വില ജൂൺ അഞ്ചിന് 1,670 ഡോളറിലേക്ക് താഴ്ന്നെങ്കിലും വീണ്ടുമുയർന്നാണ് ഇപ്പോൾ 1,753 ഡോളറിലെത്തിയത്. നിരക്ക് 1,765 ഡോളർ മറികടന്നാൽ 1800 ഡോളർ കടന്ന് വലിയ മുന്നേറ്റത്തിലേക്ക് പോയേക്കാൻ സാധ്യതയുണ്ടെന്നും അതല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ 1,765 ഡോളറിൽ എത്തിയാൽ വിൽപന സമ്മർദ്ദമുണ്ടായി വീണ്ടും 50 ഡോളർ താഴ്ന്നേക്കാമെന്നും പ്രവചനങ്ങളുമുണ്ട്.

ഉച്ചയ്ക്ക് ശേഷം ഏഴ് ഡോളർ വില വ്യത്യാസം വന്നെങ്കിലും 76.44 ലായിരുന്ന രൂപ കരുത്തു കാട്ടി 76.02 ലേക്ക് എത്തിയതിനാൽ സ്വർണത്തിന്റെ വിൽപ്പന വിലയിൽ ചലനങ്ങളുണ്ടായില്ല. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് സ്വർണത്തിന് കേരളത്തിൽ കൂടിയത്. പവന് 160 രൂപയും വർധിച്ചു. ​ഗ്രാമിന് 4,460 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,680 രൂപയും. 

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,440 രൂപയായിരുന്നു നിരക്ക്. പവന് 35,520 രൂപയും. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 39,000 ത്തോളം രൂപ നൽകേണ്ടി വരും. 

click me!