Latest Videos

ലോക്ക്ഡൗണിന് ശേഷം 'ട്രെൻഡ്' മാറുമെന്ന പ്രതീക്ഷയിൽ വാഹന നിർമാതാക്കൾ; ചെറുകാറുകൾക്ക് പ്രിയം കൂടുമോ?

By Web TeamFirst Published Apr 22, 2020, 12:04 PM IST
Highlights

ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ഈ മേഖല പൂർണമായും സ്തംഭിച്ചു. വാഹന വിപണിയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന മാർച്ച് മാസം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് വാഹന ഡീലർമാർ. 

കൊവിഡ് പ്രതിസന്ധി വാഹന വിപണിയെയും ഗുരുതരമായി ബാധിച്ചു. കേരളത്തിലെ വാഹന വിൽപ്പന പൂർണമായും നിലച്ചിട്ട് ഒരു മാസത്തിലേറെയായി. സർവീസ് കേന്ദ്രങ്ങളും പ്രവർത്തിക്കാത്തതോടെ ഈ മേഖലയിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചു. ഷോറൂമുകളിൽ അടക്കമുള്ള ആയിരകണക്കിന് ജീവനക്കാർ അടുത്ത മാസം ശമ്പളം മുടങ്ങുമെന്ന ആശങ്കയിലാണ് 

സംസ്ഥാന ഖജനാവിലേക്കു ഏറ്റവും കൂടുതൽ പണം നൽകുന്ന മേഖലകളിൽ ഒന്നാണ് വാഹന വിപണി. സംസ്ഥാനത്ത് പ്രതിമാസം 15,000 പുതിയ മോട്ടോർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യന്നുണ്ട് എന്നാണ് കണക്ക്. ഇരുചക്ര വാഹനങ്ങൾ വേറെ. കേരളത്തിലെ വിവിധ വാഹന ഡീലർഷിപ്പുകളിലും സർവീസ് കേന്ദ്രങ്ങളിലുമായി ജോലിയെടുക്കുന്നവർ ലക്ഷത്തിൽ അധികം വരും. കൂടാതെ സെക്കന്റ് ഹാൻഡ് വാഹന വിപണിയിലും റെൻഡ് എ കാർ രംഗത്തുമായി നിരവധി പേർ ജോലി ചെയ്യുന്നു. 

ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ഈ മേഖല പൂർണമായും സ്തംഭിച്ചു. വാഹന വിപണിയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന മാർച്ച് മാസം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് വാഹന ഡീലർമാർ. നിർമാതാക്കളിൽ നിന്നും എടുത്ത വാഹനങ്ങൾ യാർഡുകളിൽ കിടക്കുകയാണ്. വാഹനം ബുക്ക് ചെയ്തവർക്ക് കൊടുക്കാനാകാത്ത അവസ്ഥയാണ് എല്ലായിടത്തും. 

കടുത്ത മത്സരം നടന്നിരുന്ന വാഹന വിപണിയിൽ ഇപ്പോൾ നിലനിൽപ്പിനായുള്ള പരിശ്രമമാണ് മിക്ക ഡീലർമാരും നടത്തുന്നത്. വാഹന നിർമാണ കമ്പനികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലോക്ക് ഡൗൺ ഇളവുകൾ വന്നുവെങ്കിലും പ്ലാന്റുകളിൽ ഉത്പ്പാദനം സാധാരണ നിലയിലായിട്ടില്ല.

വരാനിരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യം വാഹന വിപണിയിൽ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കുമെന്നാണ് സൂചന. ആഡംബര കാർ വിപണിയിലാകും വലിയ തിരിച്ചടി എന്നു വിദഗ്ധർ പറയുന്നു. ചെറുകാർ വിപണിയിൽ ലോക്ക് ഡൗണിന് ശേഷം വളർച്ചക്ക് സാധ്യത പ്രവചിക്കുന്നവരും ഉണ്ട്. സുരക്ഷിതമല്ലാത്ത പൊതു ഗതാഗത മാർഗങ്ങൾ ഉപേക്ഷിച്ചു കൂടുതൽ ആളുകൾ സ്വന്തം വാഹനങ്ങളിലേക്ക് യാത്ര മാറ്റുമെന്ന പ്രതീക്ഷയിലാണ് കാർ കമ്പനികൾ. 

click me!