ലോക്ക് ഡൗണിന് ശേഷം പഴയ സ്വർണം വിറ്റഴിക്കാൻ സാധ്യത; സ്വർണവില വീണ്ടും കൂടിയേക്കും

By Web TeamFirst Published Apr 3, 2020, 3:46 PM IST
Highlights

2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020 ൽ 45 ശതമാനത്തോളം മഞ്ഞലോഹ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

21 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷം വിപണികൾ തുറക്കുമ്പോൾ പഴയ സ്വർണം വിറ്റഴിക്കാൻ സാധ്യത കൂടുതാലാണെന്ന് വിപണി വിദ​ഗ്ധർ. മൂന്ന് ആഴ്ച്ചയായി തുടരുന്ന ലോക് ഡൗണിന്  ശേഷമുള്ള സാമ്പത്തിക ദുരിതമോചനത്തിനു വേണ്ടി വ്യക്തികൾ പഴയ സ്വർണം വിറ്റ് പണമാക്കാൻ സാധ്യത കൂടുതലാണെന്നാണ് കണക്കാക്കുന്നത്.

കേരളത്തിലെ ഉപഭോക്താക്കളിൽ ഭൂരിപക്ഷവും സ്വർണം വാങ്ങുന്നത് അണിയുന്നതിനും, പണത്തിന്റെ ആവശ്യം വരുമ്പോൾ വിൽക്കാനോ പണയം വയ്ക്കാനോ ആണ്.

കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്തതും വില കുറവായതുമായ സാഹചര്യമുളളതിനാൽ കർഷക സമൂഹവും കൈവശമുളള പഴയ സ്വർണം വിൽക്കാനോ പണയം വയ്ക്കാനോ തയ്യാറായേക്കും. ഉടൻ പണം ലഭിക്കാൻ സ്വർണമല്ലാതെ മറ്റു മാർഗമില്ലാത്തതിനാൽ വിപണിയിൽ പഴയ സ്വർണ വിൽപന കൂടാനാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ജിജെസി ദേശീയ ഡയറക്ടറുമായ അഡ്വ.എസ്.അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ, ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കുകയോ ചെയ്യുമ്പോൾ സ്വർണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് പറയാൻ കഴിയില്ല. വില ഉയരുന്നതിനാൽ പഴയ സ്വർണ വിൽപ്പന കൂടാനാണ് സാധ്യത. സ്വർണ ഇറക്കുമതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

വില ഇനിയും കൂടിയേക്കും

വിപണികൾ സജീവമാകുന്നതോടെ നിർമാണമേഖലയിലുണ്ടാകുന്നു ഉണർവും സ്വർണത്തിനുളള ആവശ്യകത വർദ്ധിപ്പിച്ചേക്കാം.

2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020 ൽ 45 ശതമാനത്തോളം മഞ്ഞലോഹ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ സ്വർണഖനികളും, റിഫൈനറികളും, ബാങ്കുകളും അടച്ചിട്ടിരിക്കുന്നതിനാൽ ലഭ്യത കുറയാനുള്ള സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ വീണ്ടും സ്വർണ വില റെക്കാർഡുകൾ ഭേദിച്ച് മുന്നേറാനാണ് സാധ്യത.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!