ഹോട്ടലുകൾ വിൽപ്പനയ്ക്ക് വച്ച് ഉടമകൾ! 'ഹോട്ടൽ മൊബൈൽ ആപ്പ്' നവംബറിൽ പുറത്തിറക്കും

By Anoop PillaiFirst Published Sep 16, 2020, 7:20 PM IST
Highlights

"കൊച്ചി കാക്കനാടൊക്കെ ഒരുപാട് മികച്ച റസ്റ്ററന്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണ്. എന്നാൽ, കൊവിഡും അതിനെ തുടർന്നുളള വർക്ക് ഫ്രം ഹോം കൾച്ചറുമൊക്കെ വളർന്നുവന്നതോടെ അവിടങ്ങളിലൊക്കെ ബിസിനസിൽ വൻ ഇടിവുണ്ടായി"

സംസ്ഥാനത്തെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭക്ഷ്യവിതരണത്തിനായി പുതിയ മൊബൈൽ ആപ്പ് സേവനം ആരംഭിക്കുന്നു. നിലവിലുളള ഓൺലൈൻ ഭക്ഷ്യവിതരണ ആപ്പുകളെക്കാൾ കൂടുതൽ സൗകര്യങ്ങളോടെയാണ് പുതിയ ആപ്പ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പുറത്തിറക്കുന്നത്. 

ആദ്യഘട്ടത്തിൽ പാഴ്സൽ ബുക്കിങ്, ഭക്ഷ്യ വിതരണം തുടങ്ങിയ സേവനങ്ങളാകും ആപ്പ് വഴി ലഭ്യമാക്കുക. അടുത്ത ഘട്ടത്തിൽ ഹോട്ടലുകളിൽ റൂം ബുക്കിങ്, ടേബിൾ റിസർവേഷൻ തുടങ്ങിയ സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാക്കും. ഹോട്ടലുകാർക്ക് പൊതുവിപണിയിൽ നിന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുളള സംവിധാനവും ഓൺലൈൻ പ്ലാറ്റ്ഫോമിലുണ്ടാകും. കൊവിഡ് -19 പകർച്ചവ്യാധിയിൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ റസ്റ്ററന്റ് മേഖലയ്ക്ക് ഉത്തേജനം പകരുകയെന്ന ലക്ഷ്യവും പുതിയ സംരംഭത്തിന് പിന്നിലുണ്ട്.

കെഎച്ച്ആർഎയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എംപവർമെന്റ് സെന്ററിന്റെ (ഡിഇസി) നേതൃത്വത്തിലാണ് "ഹോട്ടൽ ആപ്പ്" വികസിപ്പിക്കുന്നത്.

"ആദ്യഘട്ടത്തിൽ കേരളത്തിലെ എല്ലാ റസ്റ്ററന്റുകളും വരാൻ പോകുന്ന പുതിയ ആപ്പിൽ ലിസ്റ്റ് ചെയ്യും. നാട്ടുംപുറങ്ങളിലെ ചായക്കടകൾ മുതൽ ​​ന​ഗരങ്ങളിലെ വലിയ സ്റ്റാർ ഹോട്ടലുകൾ വരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ സംവിധാനമുളള ഭക്ഷണശാലകൾ ഈ ആപ്പിൽ കാണാൻ കഴിയും. അവയിൽ നിന്ന് ആളുകൾക്ക് ഭക്ഷണം ഓർഡർ ചെയ്യാം. അതാത് ഹോട്ടലിന്റെ ഡെലിവറി സംവിധാനം നിങ്ങളിലേക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കും. നവംബറിൽ എത്തുന്ന ആപ്പിലൂടെ വ്യക്തികൾക്ക് ടേക്ക് എവേ ബുക്കിങ്ങുകളും നടത്താൻ കഴിയും, " കെഎച്ച്ആർഎ ഡിഇസിയുടെ സിഇഒയും റസ്റ്ററന്റ് ഉടമയുമായ മുഹമ്മദ് മുസ്തഫ സെയ്താലി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

സാങ്കേതിക സഹായം ഉറപ്പാക്കാൻ ഡിഇസി

"അ​ഗ്രി​ഗേറ്റേഴ്സിന്റെ ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് കേരള ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) സ്വന്തമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിനെക്കുറിച്ച് ആലോചിച്ചത്. കൊവിഡ് വന്നതോടെ കേരളത്തിലെ റസ്റ്ററന്റുകൾക്ക് ഭക്ഷ്യവിതരണത്തിന് ഒരു ഓൺലൈൻ സംവിധാനം ഇല്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന സ്ഥിതിയുണ്ടായി." 

ഭക്ഷ്യവിതരണത്തിനായി ഒരു ഓൺലൈൻ പ്ലാറ്റഫോം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായാണ് കെഎച്ച്ആർഎ ഡിഇസി (ഡിജിറ്റൽ എംപവർമെന്റ് സെന്റർ) ഇപ്പോൾ പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുന്നത്. കേരളത്തിലെ അസോസിയേഷന് കീഴിൽ വരുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും സാങ്കേതിക സഹായം ഉറപ്പാക്കുകയെന്നതാണ് കെഎച്ച്ആർഎ ഡിഇസിയുടെ ചുമതലയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡും അതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണുകളും കേരളത്തിലെ ഹോട്ടൽ ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്. പലരും റസ്റ്ററന്റ് ബിസിനസ് ഉപേക്ഷിക്കാൻ പോലും കൊവിഡ് മാന്ദ്യം കാരണമായി. ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പകൾ ഉപയോ​ഗിച്ച് ബിസിനസ് നടത്തിയിരുന്നവർ ആകെ ആശങ്കയിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. കേരളത്തിലെ പ്രധാന ​ന​ഗരങ്ങളിൽ പോലും കൊവിഡിന് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് തിരികെയെത്താൻ റസ്റ്ററന്റ് വ്യവസായത്തിന് കഴിഞ്ഞിട്ടില്ല.  

ഹോട്ടലുകൾ വിൽപ്പനയ്ക്ക് !

"കൊവിഡ് പ്രതിസന്ധി വലിയ രീതിയിൽ ബാധിച്ചു. കൊച്ചിയിലെ റോഡുകളിലൂടെ വെറുതെ വണ്ടിയോടിച്ചാൽ തന്നെ അനേകം റസ്റ്ററന്റുകളുടെ മുന്നിൽ വിൽപ്പനയ്ക്ക്/ വാടകയ്ക്ക് എന്ന ബോർഡ് കാണാം. തൊഴിലാളികളെ പലരും പൂർണമായും പിരിച്ചുവിടുന്ന സാഹചര്യമുണ്ടായി. മൊറട്ടോറിയം വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്, " കൊച്ചിയിൽ റസ്റ്ററന്റ് ഉടമയായ ഹ​രീഷ് മോഹനൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറയുന്നു.  

"ആളുകളുടെ കൈയിൽ പണം ഇല്ല. അതിനാൽ റസ്റ്ററന്റുകളിലേക്ക് എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ആ‌ളുകളുടെ ഹാബിറ്റ് തന്നെ മാറിയില്ലേ. കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി എത്തുകയാണ്. അത്തരം ഒരു പ്ലാറ്റ്ഫോം അത്യാവശ്യമായി മാറിയിരിക്കുന്നു. കേരളത്തിന് പുറത്ത് അ​ഗ്രി​ഗേറ്റേഴ്സ് പലരും നേരിട്ട് ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പനയുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ പലപ്പോഴും റസ്റ്ററന്റുകൾക്ക് ​ഗുണകരമായിരിക്കില്ല. കൊവിഡ് വന്നതോട‌െ ഫുഡ് ഡെലിവറി സംവിധാനത്തെ അധികമായി ആളുകൾ ആശ്രയിച്ചു തുടങ്ങി. അതോടെ ഡെലിവറി ഇല്ലാതെ പിടിച്ചു നിൽക്കാൻ പറ്റാതായി."  

"കൊച്ചി കാക്കനാടൊക്കെ ഒരുപാട് മികച്ച റസ്റ്ററന്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണ്. എന്നാൽ, കൊവിഡും അതിനെ തുടർന്നുളള വർക്ക് ഫ്രം ഹോം കൾച്ചറുമൊക്കെ വളർന്നുവന്നതോടെ അവിടങ്ങളിലൊക്കെ ബിസിനസിൽ വൻ ഇടിവുണ്ടായി, " ഹ​രീഷ് മോഹനൻ കൂട്ടിച്ചേർത്തു.

ഒരു ലക്ഷം രൂപ സമ്മാനം

ലോക്കൽ ലോക്ക്ഡൗണുകളാണ് ശരിക്കും റസ്റ്റോറന്റുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. വലിയതോതിൽ മത്സ്യവും, മാംസവും, പച്ചക്കറിയും ഒക്കെ നശിച്ചുപോയിട്ടുണ്ട്. സാമ്പത്തിക നഷ്ടം വളരെ വലുതായിരുന്നു. വരുന്ന മാസങ്ങളിൽ എല്ലാ പ്രതിസന്ധിയും പരി​ഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്ന് റസ്റ്ററന്റ് ഉടമകൾ പറയുന്നു.

പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് കെഎച്ച്ആർഎ. ആപ്പിനായി തെരഞ്ഞെടുക്കുന്ന പേര് നിർദ്ദേശിച്ച വ്യക്തിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കോവളത്ത് രണ്ട് ദിവസത്തെ സൗജന്യ താമസ സൗകര്യവും അസോസിയേഷന്റെ വകയായി ലഭിക്കും.   

click me!