കേരള മാതൃക പിന്തുടരാന്‍ മധ്യപ്രദേശും; ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ സംസ്ഥാനവുമായി ധാരണാപത്രം

Web Desk   | Asianet News
Published : Jan 10, 2021, 03:05 PM ISTUpdated : Jan 10, 2021, 06:08 PM IST
കേരള മാതൃക പിന്തുടരാന്‍ മധ്യപ്രദേശും; ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ സംസ്ഥാനവുമായി ധാരണാപത്രം

Synopsis

കോട്ടയം ജില്ലയിലെ കുമരകം ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ച ഈ പദ്ധതി 2017 ല്‍ സംസ്ഥാന മിഷനായി. മൂന്നു വര്‍ഷത്തിനുള്ളില്‍ 2020 ലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യൂ ടി എം) അവാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാരങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തെ തേടിയെത്തിയത്.

തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ് തീരുമാനിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം തിരുവനന്തപുരത്ത് ഈ മാസം 13ന് നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നേരിട്ട് കണ്ട് പഠിക്കാനും ധാരണാപത്രം കൈമാറുന്നതിനുമായി മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം ജനുവരി പന്ത്രണ്ട് മുതല്‍ ഏഴ് ദിവസം കേരളത്തില്‍ പര്യടനം നടത്തും.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരള മാതൃക പല സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്. മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ എന്നിവരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. മധ്യപ്രദേശ് സംഘത്തിന്‍റെ സന്ദര്‍ശനത്തിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘവും മധ്യപ്രദേശ് സന്ദര്‍ശിക്കുന്നുണ്ട്.

പ്രാദേശിക ജനതയെക്കൂടി വികസനധാരയിലേക്കെത്തിക്കാന്‍ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മധ്യപ്രദേശിനെക്കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനൊപ്പം കേരളത്തിലെ സാമൂഹ്യവികസന മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

20,000 യൂണിറ്റുകളിലൂടെ 1,09,000 ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. 38 കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖലയില്‍ നിന്നും ഈ പദ്ധതി വഴി പ്രാദേശിക ജനതയ്ക്ക് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് കേരളത്തിനു മുന്നില്‍ വലിയ അവസരമാണ് തുറക്കുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു. വളരെ പ്രൊഫഷണലായ കണ്‍സല്‍ട്ടന്‍സി സേവനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന് നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. കോട്ടയം ജില്ലയിലെ കുമരകം ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ച ഈ പദ്ധതി 2017 ല്‍ സംസ്ഥാന മിഷനായി. മൂന്നു വര്‍ഷത്തിനുള്ളില്‍ 2020 ലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യൂ ടി എം) അവാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാരങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തെ തേടിയെത്തിയത്.

പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അതു വഴി ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്‍ഡ് എംപവര്‍മന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) പദ്ധതി വഴി സംസ്ഥാന വ്യാപകമായി വിജയകരമായി നടപ്പാക്കി വരുന്നു. ടൂറിസം വ്യവസായത്തിനു വേണ്ട സേവനങ്ങള്‍ പ്രാദേശികമായി നല്‍കുന്നതാണ് പദ്ധതിയുടെ കാതല്‍. ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുക, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുക തുടങ്ങിയവ ഇതില്‍ പെടും.

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ