കുറഞ്ഞേക്കാം പക്ഷേ, വളരും! കൊവിഡ് തിരിച്ചടിയിലും ഇന്ത്യ സാമ്പത്തിക വളർച്ച നേടുമെന്ന് റേറ്റിം​ഗ് ഏജൻസി

By Web TeamFirst Published Apr 29, 2020, 1:16 PM IST
Highlights

ചൈനയും ഇന്തോനേഷ്യയുമാണ് ഇന്ത്യക്ക് സമാനമായി വളർച്ച നേടുന്ന മറ്റ് രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. 

ദില്ലി: കൊവിഡ് തിരിച്ചടിയിലും ലോകത്ത് സാമ്പത്തിക വളർച്ച നേടുന്ന മൂന്ന് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരിക്കുമെന്ന് മൂഡിസ് റിപ്പോർട്ട്. 2020 -21 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചയുമായി ബന്ധപ്പെട്ടതാണ് ഈ കണക്ക്. കൊവിഡ് ലോക്ക്ഡൗണും വാണിജ്യ രംഗത്തെ നിയന്ത്രണങ്ങളും ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. 

സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെങ്കിലും ഇന്ത്യ കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച നേടും. ചൈനയും ഇന്തോനേഷ്യയുമാണ് ഇന്ത്യക്ക് സമാനമായി വളർച്ച നേടുന്ന മറ്റ് രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. ചൈനയാകും ഇതിൽ ഏറ്റവും കൂടുതൽ വളർച്ച നേടുക. ചൈനയിൽ ഒരു ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയ്ക്ക് 0.2 ശതമാനത്തിന്റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 0.9 ശതമാനമാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ കണക്ക്. ഒരു ശതമാനമായിരിക്കുമെന്ന് ഇന്ത്യ റേറ്റിങ്സും പ്രവചിക്കുന്നു. 2020 കലണ്ടർ വർഷത്തിൽ 0.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് നോമുറ പറയുന്നു. 0.8 ശതമാനത്തിന്റെ വളർച്ച 2020 -21 കാലത്തേക്ക് ഫിച്ച് റേറ്റിങ്സും 1.5 ശതമാനം മുതൽ 2.8 ശതമാനം വരെ വളർച്ച നേടുമെന്ന് ലോക ബാങ്കും, 1.9 ശതമാനത്തിന്റെ വളർച്ച നേടുമെന്ന് ഐഎംഎഫും നാല് ശതമാനം വളർച്ച നേടുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും പ്രവചിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 6.1 ശതമാനം വളർച്ച നേടിയ ചൈനയാണ് ഒന്നാമതായത്. ഇന്ത്യയുടെ വളർച്ച 5.3 ശതമാനമായിരുന്നു. അടുത്ത രണ്ട് വർഷങ്ങളിലും ഈ ട്രന്റ് തന്നെ തുടരുമെന്നാണ് കരുതുന്നത്. 2020 ൽ ചൈനയുടെ വളർച്ചാ നിരക്ക് ഒരു ശതമാനമാകുമെന്നും 2021 ൽ 7.1 ശതമാനമായിരിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

click me!