
ദില്ലി: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം ലോകത്തെ എണ്ണ വിപണിയെ പിടിച്ചുലക്കുമെന്ന് വിദഗ്ധർ. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെ തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഇടിഞ്ഞു. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാൻ. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരൽ എണ്ണ ഇറാൻ ഉൽപാദിപ്പിക്കുന്നു. ഇറാൻ മൊത്ത ഉൽപാദനത്തിന്റെ പകുതിയോളം കയറ്റുമതി ചെയ്യുന്നു. പ്രതികാര നടപടിയായി ആഗോള എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്നും കടത്തുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം എണ്ണവില രണ്ട് ശതമാനത്തിലധികം ഉയർന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവില. ബ്രെന്റ് വില 2.7 ശതമാനം ഉയർന്ന് ബാരലിന് 79.12 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിൽ 2.8 ശതമാനം ഉയർന്ന് 75.98 ഡോളറിലെത്തി. അസ്ഥിരമായ മേഖലയിൽ സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക വർദ്ധിച്ചതോടെ, മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾക്ക് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
യുഎസിലെ ഓഹരി വിപണികൾ എസ് & പി 500 ഫ്യൂച്ചറുകൾ മിതമായ 0.5 ശതമാനവും നാസ്ഡാക്ക് ഫ്യൂച്ചറുകൾ 0.6 ശതമാനവും ഇടിഞ്ഞു.
ഏഷ്യൻ വിപണിയിൽ, ടോക്കിയോയിലെ പ്രധാന നിക്കി സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ സിയോൾ 1.4 ശതമാനവും സിഡ്‌നി 0.7 ശതമാനവും ഇടിഞ്ഞു. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചികയും 0.5 ശതമാനം ഇടിഞ്ഞു. യൂറോപ്പിൽ, EUROSTOXX 50 ഫ്യൂച്ചറുകൾ 0.7 ശതമാനം ഇടിഞ്ഞു, FTSE ഫ്യൂച്ചറുകൾ 0.5 ശതമാനവും DAX ഫ്യൂച്ചറുകൾ 0.7 ശതമാനവും ഇടിഞ്ഞു. സ്വർണ്ണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 3,363 ഡോളറിലെത്തി. അതേസമയം, ജാപ്പനീസ് യെന്നിനെതിരെ ഡോളർ 0.3 ശതമാനം ഉയർന്ന് 146.48 യെന്നിലെത്തി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി ഇറാൻ പ്രതികാരം ചെയ്യുമെന്ന ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കൂടുതൽ വില വർദ്ധനവ് പ്രതീക്ഷിക്കുന്നു