ഒപെക് പ്ലസ് തീരുമാനത്തിന് പിന്നാലെ എണ്ണ വില ഉയർന്നു: ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

By Web TeamFirst Published Mar 5, 2021, 6:08 PM IST
Highlights

മെയ് മാസ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് ബാരലിന് 67.44 ഡോളറിലെത്തി. 

ദില്ലി: ഉല്‍പ്പാദന വെട്ടിക്കുറവ് തുടരാനുളള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യ അടക്കമുളള ഉപഭോക്തൃ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് അപകടകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആവശ്യകതയിൽ ഗണ്യമായ വീണ്ടെടുക്കലിനായി കാത്തിരിക്കാൻ തീരുമാനിച്ചതിനാൽ ഏപ്രിലിൽ വിതരണം വർദ്ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങളും സഖ്യകക്ഷികളും ചേർന്ന ഒപെക് പ്ലസ് തീരുമാനിച്ചു. ഒപെക് പ്ലസ് കൂട്ടായ്മയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് വില ഉയർന്നു, ഈ വർഷം ഇതോടെ ആകെ വിലവർധന 33 ശതമാനമായി.

മെയ് മാസ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് ബാരലിന് 67.44 ഡോളറിലെത്തി. ഈ ആഴ്ച രണ്ട് ശതമാനമാണ് ക്രൂഡ് നിരക്ക് മുന്നേറിയത്.

“ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉപഭോഗ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, ഉൽപാദന രാജ്യങ്ങളുടെ ഇത്തരം നടപടികൾ ഉപഭോക്തൃ രാജ്യങ്ങളുടെ വീണ്ടെടുക്കലിനെ ദുർബലപ്പെടുത്താനും ഉപഭോക്താക്കളെ കൂടുതൽ വിഷമ വൃത്തത്തിലാക്കാനും ഇടയാക്കും, പ്രത്യേകിച്ചും നമ്മുടെ വില സെൻസിറ്റീവായ വിപണിയിൽ,” പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

എണ്ണവില കുതിച്ചുയരുന്ന സാഹചര്യമുളള ഇന്ത്യയിൽ, ഉൽപാദന വെട്ടിക്കുറവ് ലഘൂകരിക്കാനും കൊറോണ വൈറസ് പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ ആഗോള സാമ്പത്തിക രം​ഗത്തിന്റെ വീണ്ടെടുക്കലിനെ സഹായിക്കാനും ക്രൂഡ് നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചതായും അദ്ദേ​ഹം പറഞ്ഞു.

click me!