'സാമ്പത്തിക മാന്ദ്യമുണ്ടെങ്കില്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുമോ'; ചോദ്യവുമായി ബിജെപി എംപി

By Web TeamFirst Published Feb 10, 2020, 5:11 PM IST
Highlights

സാമ്പത്തിക മാന്ദ്യമുണ്ടെങ്കില്‍ കോട്ടും ജാക്കറ്റുമല്ല, ധോത്തിയും കുര്‍ത്തയുമാണ് നമ്മള്‍ ധരിക്കുക. മാന്ദ്യമുണ്ടെങ്കില്‍ നമ്മള്‍ പാന്‍റ്സും ജാക്കറ്റും പൈജാമയൊന്നും വാങ്ങില്ല-എംപി പറഞ്ഞു.

ബലിയ: ജനങ്ങള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ടെന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്‍റെ തെളിവാണെന്ന് ബിജെപി എംപി. വിരേന്ദ്ര സിംഗ് മാസ്ത് എന്ന എംപിയാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. സാമ്പത്തിക മാന്ദ്യമുണ്ടെങ്കില്‍ കോട്ടും ജാക്കറ്റുമല്ല, ധോത്തിയും കുര്‍ത്തയുമാണ് നമ്മള്‍ ധരിക്കുക. മാന്ദ്യമുണ്ടെങ്കില്‍ നമ്മള്‍ പാന്‍റ്സും ജാക്കറ്റും പൈജാമയൊന്നും വാങ്ങില്ല-എംപി പറഞ്ഞു. പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് എംപി ഇക്കാര്യം പറഞ്ഞത്. 

ഇന്ത്യ ഗ്രാമങ്ങളുടെ രാജ്യമാണ്. മെട്രോ നഗരങ്ങളുടേതല്ല. ആറര ലക്ഷം ഗ്രാമങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. അതേസമയം, കുറച്ച് മെട്രോ നഗരങ്ങളേ നമുക്കുള്ളൂ. ഗ്രാമങ്ങളിലാണ് കൂടുതല്‍ നിക്ഷേപമെന്നത് ബാങ്കിംഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നമ്മുടെ കാര്‍ഷിക രംഗം ശക്തമാണെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വളര്‍ച്ചയില്‍ ഗ്രാമങ്ങളിലായിരുന്നു ഗാന്ധിയും ഹെഡ്ഗെവാറും ജയപ്രകാശ് നാരായണനും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഗ്രാമങ്ങളുടെ ത്യാഗമില്ലായിരുന്നെങ്കില്‍ മുഗളന്മാരില്‍ നിന്നും ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും എംപി പറഞ്ഞു. 

click me!